9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഹൃദയമില്ലാത്തവര്‍ – റസീന കെ പി

മനുഷ്യര്‍ക്ക്
ഹൃദയമില്ലാതാവുന്നത് എപ്പോഴാണ് .?

ആകാശത്തിന്റെ ചിറകുകളില്‍
മഴനൂലു തേടി അലഞ്ഞപ്പോഴും
ഭൂമിയുടെ പാദങ്ങളില്‍ ഹിമകണം
തിരഞ്ഞപ്പോഴും
നീ പറഞ്ഞതോര്‍മ്മയുണ്ടോ…
‘എനിക്ക് ഹൃദയമില്ലെന്ന്’..

എന്റെ ഹൃദയം
കളവു പോയത് എപ്പോഴാണെന്ന്
നീ ഓര്‍ക്കുന്നുണ്ടോ..

‘പ്രണയത്തിന്റെ
വാകപ്പൂവുകള്‍ പൂത്ത നിമിഷമെന്ന്’
നീ പറയാറുണ്ടായിരുന്നു..

വെളിച്ചം നഷ്ടപെട്ട ഭൂതകാലത്തില്‍
എന്റെ ഹൃദയം സൂക്ഷിക്കാന്‍
വയ്യെന്ന് പറഞ്ഞു
നീ തിരിച്ചേല്പിച്ചപ്പോഴല്ലേ
ഞാന്‍ മൗനത്തിന്റെ
കാവല്‍ക്കാരിയായത്.

വരണ്ട ഋതുക്കളുടെ
വിലാപത്തിനൊപ്പം
കാറ്റും കോളും നിലക്കാത്ത ഹൃദയം
മുറിച്ചു നല്‍കിയപ്പോഴും
ഭ്രാന്തിന്റെ ചുവപ്പടയാളമെന്നു പറഞ്ഞു
നീ പരിഹസിച്ചു..

അതില്‍ പിന്നെയാണത്രെ..
ജീവനില്ലാത്ത
ആത്മാവിന്റെ സ്പന്ദനങ്ങളെ
ഹൃദയമില്ലാതെ
ഞാന്‍ ഒളിപ്പിക്കാന്‍ പഠിച്ചത്
.

Back to Top