ഹിജ്‌റ: പാഠവും സന്ദേശവും എം ഉമൈര്‍ ഖാന്‍
ആഗോള മുസ്‌ലിം സമൂഹം കാലഗണനയ്ക്കാധാരമാക്കുന്ന ‘ഹിജ്‌റാബ്ദ’ പ്രകാരം പുതിയൊരു വര്‍ഷം കൂടി സമാഗതമായി. ഹിജ്‌റ എന്ന പദത്തിന്റെ ക്രിയാരൂപമായ ഹാജറ കൊണ്ടര്‍ഥമാക്കുന്നത് നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുക, അഭയാര്‍ഥിയായി പോവുക എന്നൊക്കെയാണ്. മനുഷ്യന്റെ നൈസര്‍ഗിക ചോദനകളില്‍ പെട്ട ഒരു ഭാവമത്രെ പലായനം. സ്വര്‍ഗീയവാസത്തില്‍ നിന്ന് ഭൂവാസത്തിലേക്കുള്ള ആദമി(അ)ന്റെ മാറ്റത്തില്‍ പോലും ഒരു ഹിജ്‌റ ഉള്‍ച്ചേര്‍ന്നതായി കാണാം. ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള മനുഷ്യജീവിതത്തെ പലായനത്തോടാണല്ലോ നാം ഉപമിക്കാറുള്ളത്.
ഇസ്‌ലാമിക വീക്ഷണത്തില്‍ പലായനങ്ങളെ ഹിജ്‌റ എന്ന ഗണത്തിലുള്‍പ്പെടുത്തണമെങ്കില്‍ അത് ദൈവികാജ്ഞയനുസരിച്ചുള്ളതോ, ദൈവിക മാര്‍ഗത്തിലോ ആയിരിക്കണമെന്ന നിബന്ധന കൂടി ബാധകമാവുന്നു. പ്രവാചകന്മാരായ നൂഹി(അ)ന്റെയും ഇബ്‌റാഹീമി(അ)ന്റെയും മൂസാ(അ)യുടെയും മുഹമ്മദി(സ)ന്റെയുമൊക്കെ ഹിജ്‌റയുടെ രൂപങ്ങള്‍ക്കിടയില്‍ വ്യത്യസ്തത അനുഭവപ്പെടുമെങ്കിലും ആത്യന്തികലക്ഷ്യം, സത്യസന്ധമായ ഒരാശയം നിലനിന്നു കാണുക, ദൈവപ്രീതി കരസ്ഥമാക്കുക എന്നുള്ളിടത്ത് അവ ഏകഭാവം പുലര്‍ത്തുന്നു.
ഇസ്‌ലാമിലെ ഹിജ്‌റ ഒരു ഭീരുവിന്റെ ഒളിച്ചോട്ടമല്ല. സ്വന്തം കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആരാധനാനുഷ്ഠാനങ്ങളിലെ അബദ്ധങ്ങളെ വൈമനസ്യം കൂടാതെ തുറന്നു കാണിച്ച്, അതിനോട് ഒരു നിലക്കും രാജിയാവാന്‍ കൂട്ടാക്കാതെയുള്ള ധീരതയുടെ ചരിത്രമാണ് ഇസ്‌ലാമിലെ ഓരോ ഹിജ്‌റയ്ക്കുമുള്ളത്.
ഓരോ ഹിജ്‌റയുടെയും പൂര്‍ത്തീകരണങ്ങള്‍ പ്രധാനമായും രണ്ടു സന്ദേശങ്ങളാണ് നമ്മെ അറിയിക്കുന്നത്. ഒന്ന്, അടിച്ചമര്‍ത്തപ്പെട്ട ജനതതികളുടെ മോചനത്തിന്റെ സാധ്യത. മൂസാ(അ)യുടെ ഹിജ്‌റയിലൂടെ ഇസ്‌റാഈല്‍ സമൂഹത്തെ അല്ലാഹു നേതാക്കന്മാരാക്കി മാറ്റിയത് ഇതിനുള്ള സാക്ഷ്യമാണ്. രണ്ട്, ധിക്കാരികളുടെയും അഹങ്കാരികളുടെയും നിന്ദ്യവും നികൃഷ്ടവുമായ അന്ത്യമെന്ന യാഥാര്‍ഥ്യം. ഫിര്‍ഔനിനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചതും നൂഹി(അ)ന്റെ സമുദായത്തെ മഹാപ്രളയത്താല്‍ നശിപ്പിച്ചു കളഞ്ഞതും ഇതിനുള്ള ഉദാഹരണങ്ങളാണ്.
പ്രവാചകന്റെ ഹിജ്‌റ
പ്രവാചകന്റെ(സ) ജീവിതം കണക്കെതന്നെ ത്യാഗോജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ ഹിജ്‌റയും. മക്കയില്‍ പരസ്യപ്രബോധനം ആരംഭിച്ചതു മുതല്‍ക്കു തന്നെ അദ്ദേഹത്തിന് പീഡനങ്ങളേല്ക്കേണ്ടിവന്നിട്ടു ണ്ട്. ദിനങ്ങള്‍ കഴിയുംതോറും ആക്രമണങ്ങളുടെ ശക്തിയും ബാഹുല്യവും അധികരിച്ചുകൊണ്ടേയിരുന്നു. പീഡനങ്ങള്‍ അസഹനീയമായ തലത്തിലേക്കുയര്‍ന്നപ്പോള്‍ അല്ലാഹുവിന്റെ അനുമതിയെത്തി; മറ്റു നാടുകളിലേക്ക് ഹിജ്‌റ പൊയ്‌ക്കൊള്ളാന്‍. വിശ്വാസികള്‍ ഒളിഞ്ഞും മറഞ്ഞും മദീനയിലേക്ക് യാത്ര തിരിച്ചു. ഉമറി(റ)നെപ്പോലെ അല്പം ചിലര്‍ പരസ്യമായും. ഒടുവില്‍ പ്രവാചകനെത്തേടിയും അല്ലാഹുവിന്റെ അനുമതിയെത്തി. അബൂബക്ര്‍ സിദ്ദീഖി(റ)നെ അറിയിച്ച് നബി(സ) യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടത്തി. യാത്രയ്ക്കിടയില്‍ ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ അബൂബക്‌റി(റ)നോടൊപ്പം സൗര്‍ ഗുഹയില്‍ അഭയം പ്രാപിച്ചു.
മൂന്നു ദിവസം പുറംവെളിച്ചം കാണാതെ സൗറിന്റെ കൂരിരുട്ടില്‍. ഏകദൈവവിശ്വാസത്തിന്റെ നിലനില്പിനു വേണ്ടിയുള്ള ധര്‍മ സമരത്തിലെ മഹത്തായ ത്യാഗത്തിന്റെയും സാഹസികതയുടെയും അധ്യായങ്ങള്‍. ഗുഹാമുഖത്തോളം ശത്രുക്കളെത്തി. പിടിക്കപ്പെടുമെന്ന ഭീതിയാല്‍ അബൂബക്ര്‍(റ) അസ്വസ്ഥനായി. പ്രവാചകന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു: ‘അബൂബക്ര്‍, ഭയപ്പെടരുത്. അല്ലാഹു നമ്മോടൊപ്പമുണ്ട്.’ അവസാനം മുഹമ്മദി
(സ)നെ കണ്ടെത്താന്‍ കഴിയാത്ത നിരാശയാല്‍ ശത്രുക്കള്‍ പിന്തിരിഞ്ഞു.
വിശുദ്ധഖുര്‍ആന്‍ ഈ സംഭവം അനുസ്മരിക്കുന്നത് കാണുക; ”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ, അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ‘ദുഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്’ എന്ന് പറയുന്ന സന്ദര്‍ഭം, അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (വി.ഖു. 9:40)
ഖുറൈശികള്‍ അന്വേഷണം മതിയാക്കിയെന്നറിഞ്ഞപ്പോള്‍ നാലാം ദിനം പ്രവാചകനും സഹയാത്രികരും മദീന ലക്ഷ്യമാക്കി യാത്രതുടര്‍ന്നു. മക്കയില്‍ നിന്ന് പ്രവാചകന്‍ രക്ഷപ്പെട്ടതറിഞ്ഞ മദീനാ നിവാസികള്‍ അവിടുത്തെ ആഗമനവും പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരിപ്പായി. മരുഭൂമിയിലൂടെയുള്ള എട്ടു ദിവസത്തെ തുടര്‍ച്ചയായ യാത്രയ്‌ക്കൊടുവില്‍ പ്രവാചകന്‍ മദീനയുടെ തെക്കു ഭാഗത്തുള്ള ‘ഖുബാഅ്’ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. നാലു ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകന്‍ യസ്തബ് (മദീനാ നഗരം) ലക്ഷ്യം വെച്ചു. നഗരവാസികള്‍ പ്രവാചകനെ തക്ബീര്‍ ധ്വനികളുയര്‍ത്തിയും ദഫ്മുട്ടി പാട്ടുകള്‍ ആലപിച്ചും എതിരേറ്റു. ഇതാണ് പ്രവാചകന്റെ ഹിജ്‌റയുടെ രൂപം.
പ്രവാചകന്റെ ഹിജ്‌റ വിശ്വാസികള്‍ക്കു നല്കുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. തൗഹീദിന്റെ നിലനില്പിന്നു വേണ്ടി ദൈവമാര്‍ഗത്തില്‍ എന്തും ത്യജിക്കാന്‍ വിശ്വാസി സന്നദ്ധനായിരിക്കണമെന്ന സന്ദേശം, ദൈവപ്രീതി ലക്ഷ്യംവെച്ച് സത്യത്തിനു വേണ്ടി പോരാടുന്നവര്‍ക്ക് അന്തിമ വിജയം സുനിശ്ചിതമാണെന്ന സന്ദേശം. അങ്ങനെ നിരവധി ഗുണപാഠങ്ങള്‍.
അനുയായികളെയെല്ലാം യാത്രയാക്കി, അവരെല്ലാം സുരക്ഷിതരാണെന്നറിഞ്ഞശേഷമുള്ള പ്രവാചകന്റെ പലായനം നേതൃഗുണത്തിന്റെ സവിശേഷമായ മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്. യാത്രയിലുടനീളം പ്രവാചകന് താങ്ങും തണലുമായി മാറിയ അബൂബക്ര്‍ സിദ്ദീഖി(റ)ലൂടെ ഒരു ആത്മസുഹൃത്തിന്റെ, വിശ്വസ്തനായ അനുയായിയുടെ ഗുണഗണങ്ങളും സ്വന്തം നാടും വീടും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദേശത്ത് എത്തിപ്പെട്ട മുഹാജിറുകള്‍ക്ക് ഏറ്റവും ഉന്നതമായ രൂപത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്ത അന്‍സ്വാരികളിലൂടെ ആതിഥേയത്വത്തിന്റെ വിശിഷ്ടരൂപവും നാം തിരിച്ചറിയുന്നു.
സൗര്‍ ഗുഹയില്‍ കഴിച്ചുകൂട്ടിയ രണ്ടു ദിനങ്ങളിലും പ്രവാചകനും അബൂബക്‌റിനും ആവശ്യമായ ഭക്ഷണങ്ങള്‍ അതിസാഹസികമായി എത്തിച്ചുകൊടുത്ത അസ്മാഅ്(റ), സത്യസന്ധമായ ഒരാദര്‍ശത്തിന്റെ നിലനില്പിനു വേണ്ടി, ഇതുവരെ കൂട്ടിനുണ്ടായിരുന്ന ഭര്‍ത്താക്കന്മാരെ ത്യജിച്ച്, അതിഥികളായെത്തിയ മുഹാജിറുകളുടെ ഇണകളാവാന്‍ സന്നദ്ധരായ അന്‍സ്വാരി വനിതകളും മുസ്‌ലിം സ്ത്രീകള്‍ക്ക് മാതൃകയായി ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു.