3 Thursday
July 2025
2025 July 3
1447 Mouharrem 7

ഹദീസ് പഠനം ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി – ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍

ഈ ധനം ഹരിതവും മധുരവുമാണ്. ഉദാര മനസ്സോടെ അത് ആരെങ്കിലും എടുത്താന്‍ അവന് അതില്‍ ബര്‍കത്ത് ലഭിക്കും. അത്യാര്‍ത്തിയോടെയാണ് അതെടുക്കുന്നതെങ്കില്‍ അവന് ബര്‍കത്ത് ഉണ്ടാകുകയില്ല. ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവനെ പോലെയായിരിക്കും അത്തരക്കാര്‍. മുകളില്‍ നില്‍ക്കുന്ന കൈ ആണ് താഴെയുള്ളതിനേക്കാള്‍ ഉല്‍കൃഷ്ടം (ബുഖാരി)
ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഹദീസ് ഹക്കീം ബിന്‍ ഹസാം ആണ് നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നത്. ഐഹിക ജീവിതത്തില്‍ മുസ്‌ലിമിനുണ്ടായിരിക്കേണ്ട ജീവിത വീക്ഷണവും സാമ്പത്തിക അച്ചടക്കവുമാണ് നബി(സ) ഇതില്‍ പഠിപ്പിക്കുന്നത്.
ധനം മനുഷ്യജീവിതത്തിന് നിലനില്പിന്റെ ആധാരമായിട്ടാണ് മതം കാണുന്നത് (ഖുര്‍ആന്‍ 04/05). അതിലുള്ള ചെറിയ അപാകതകള്‍ പോലും ജീവിതത്തെ ദുരന്തപൂര്‍ണമാക്കുന്നു. ധനം സമ്പാദിക്കുമ്പോഴും ചിലവഴിക്കുമ്പോഴും കൂടുതല്‍ സൂക്ഷ്മത ആവശ്യമാണ്. ഈമാനും ഇസ്‌ലാമും ആരാധനകളും നേടിത്തരുന്ന ഭയഭക്തി ആത്മാര്‍ഥമാണോ എന്നറിയുന്നതും സാമ്പത്തിക സംസ്‌കാരത്തില്‍ നിന്നാണ്. പ്രാര്‍ഥനകള്‍ ഒട്ടും സ്വീകരിക്കപ്പെടാത്തവരും, പരലോകത്തെ ഭീകരദൃശ്യങ്ങള്‍ക്ക് ഇരയാകുന്നവരും സാമ്പത്തിക രംഗത്ത് പരാജയപ്പെട്ടവരാണെന്ന് മറ്റു ഹദീസുകളും വ്യക്തമാക്കുന്നുണ്ട്.
ഇസ്‌ലാം പഠിപ്പിക്കുന്ന സാമ്പത്തിക സംസ്‌കാരം, മറ്റു ധനവിനിമയ വിനിയോഗ ശൈലികളില്‍ നിന്ന് വ്യത്യസ്തവും വ്യതിരിക്തവുമാണ്. ദൈവഭക്തിയും ആരാധനാഭാവവും മറ്റുള്ളവരോടുള്ള ആര്‍ദ്രതയും ഒരേസമയം പ്രകടമാക്കും വിധമാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്. അതിലൂടെ അല്ലാഹുവിനും സമൂഹത്തിനും പ്രിയപ്പെട്ടവനായി വിശ്വാസിക്ക് മാറാന്‍ കഴിയും. സമ്പാദിക്കുക എന്നത് മനുഷ്യസഹജമായ ആഗ്രഹവും വികാരവുമാണ്. അതിന് മതം പരിധി വെക്കുന്നില്ല. ധനത്തോട് ആര്‍ത്തി പാടില്ല എന്നതാണ് മതം നിശ്ചയിച്ച മുഖ്യപെരുമാറ്റ ചട്ടം. ലഭിക്കുന്ന സമ്പത്തില്‍ തനിക്കുള്ളത് ചെറിയ വിഹിതമാണെന്നും കൂടുതല്‍ നീക്കിവെക്കേണ്ടത് മറ്റുള്ളവര്‍ക്കാണെന്നുമുള്ള ബോധ്യമുള്ളവര്‍ക്ക് അമിതാര്‍ത്തി ഒരിക്കലും ഉണ്ടാവുകയില്ല.
ഹലാലായ രൂപത്തില്‍ നമ്മുടെ കൈകളിലേക്ക് വരുന്ന ധനം ചിലവഴിക്കുമ്പോള്‍, പിശുക്ക്, അമിതവ്യയം, ദുര്‍വ്യയം എന്നിവ വര്‍ജിക്കുകയും വേണം. ഇങ്ങനെ ജാഗ്രത കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഭൗതിക വിഭവങ്ങളില്‍ അല്ലാഹുവിന്റെ ബര്‍കത്തുണ്ടാകുകയും ചെയ്യും. സമ്പാദിക്കാന്‍ പ്രചോദനം നല്‍കുന്നതിനേക്കാള്‍, ലഭിച്ചതില്‍ ദൈവാനുഗ്രഹം നിലനിര്‍ത്താനാവശ്യമായ വിധിവിലക്കുകളാണ് മതം മനുഷ്യന് നല്‍കുന്നത്.
ധനത്തിന് മനുഷ്യനെ ആകര്‍ഷിക്കുവാനുള്ള കഴിവാണ് ഹദീസിന്റെ തുടക്കം. സമ്പത്തിന്റെ ഏത് ഇനങ്ങള്‍ക്കും ഈ വശ്യതയുണ്ട്. നാടിന്റെ അഭിവൃദ്ധിക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വിഭവങ്ങളുടെ നിലനില്പിനും അത് ആവശ്യവുമാണ്. മനുഷ്യന്‍ അതിലേക്ക് ആകൃഷ്ടനാകുന്നതിലും തെറ്റില്ല. ആവശ്യമായ മര്യാദകള്‍ പാലിക്കണമെന്നുമാത്രം.
മനുഷ്യന്‍ സ്വീകരിക്കുന്ന രണ്ട് സമീപനങ്ങളാണ് ഹദീസിലെ കാതലായ ഭാഗം. ഉദാര മനസ്സോടെ ധനത്തെ സമീപിക്കാന്‍ അതിനാവശ്യമായ ജീവിതവീക്ഷണം നേരത്തെ സ്വന്തമാക്കേണ്ടതുണ്ട്. ജീവിതത്തില്‍ ലഭിക്കുന്നതെന്തും, തന്റെ കഴിവോ സാമര്‍ഥ്യമോ അല്ല, അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണെന്നതാണ് ഈ വീക്ഷണത്തിന്റെ അടിസ്ഥാനം. തനിക്കെത്ര ലഭിച്ചിരുന്നാലും അതിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്നും താന്‍ കേവലം താല്‍ക്കാലിക കൈവശക്കാരന്‍ മാത്രമാകുന്നുവെന്ന തിരിച്ചറിവാണ് മിതവും ലളിതവുമായ ജീവിതവീക്ഷണം സൃഷ്ടിക്കുന്നത്.
സമ്പത്ത് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനേക്കാളേറെ ഭൗതിക വിരക്തി മനുഷ്യനില്‍ ഉണ്ടാക്കുകയെന്നതാണ് ഈ വീക്ഷണത്തിലൂടെ മതം ലക്ഷ്യമിടുന്നത്. ഇത് രണ്ടുമായാല്‍ ദൈവികമായി ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കണമെന്ന ബോധം വളരുന്നു. ഹദീസില്‍ സൂചിപ്പിച്ച ഉദാര മനസ്സ് ഇവിടെയാണ് രൂപപ്പെടുന്നത്. ഈ ഉദാര ചിന്തയില്‍ ജീവിതം ദീപ്തമാകുന്നതെങ്ങനെയെന്ന് ഖുര്‍ആന്‍ പറയുന്നു: ”റബ്ബിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന ഭയപ്പാടോടുകൂടി ദാനം ചെയ്യേണ്ടതെല്ലാം ദാനം ചെയ്യുന്നവരാണ് അവര്‍(23:60)” എന്നത് ഉദാര മനസ്സുകള്‍ക്ക് ലഭിക്കുന്ന ദൈവിക ബഹുമതി കൂടിയാണ്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ എല്ലാ സന്ദര്‍ഭത്തിലും നാം മൂല്യനിര്‍ണയം നടത്തേണ്ടതുണ്ട്. കൃതജ്ഞതയോടെ ജീവിക്കാന്‍ അതാവശ്യമാണ്. ഉദാര മനസ്ഥിതി നിലനിര്‍ത്താനും അത്തരം വ്യക്തികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അവരുടെ കൈകളിലുള്ളത്, കുറവാണെങ്കില്‍പോലും അതില്‍ നബി(സ) പറഞ്ഞ ബര്‍കത്ത് നിലനില്‍ക്കുകയും ചെയ്യും. ലഭ്യമായ വിഭവങ്ങളുടെ ആധിക്യമോ വ്യാപ്തിയോ അല്ല ബര്‍ക്കത്തിന്നാധാരം. ലോകം മുഴുവന്‍ നേടിയാലും അല്ലാഹുവിന്റെ ബര്‍കത്തിന്റെ മാധുര്യവും ഹരിതഭാവവും അവയ്ക്കുണ്ടാവില്ല. നമ്മുടെ പക്കല്‍ മിച്ചമുള്ളതിലാണോ, നാം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലാണോ ഈ ബര്‍കത്ത് എന്നത് സ്വന്തത്തോട് ചോദിച്ച് ഉത്തരം ലഭിക്കേണ്ട കാര്യമാണ്.
സമ്പത്ത് കയ്യില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ആര്‍ത്തിയും ദുര്‍മോഹങ്ങളുമാണ് ഹദീസിന്റെ രണ്ടാം ഭാഗം. ദുരമൂത്ത മനസ്സുമായി ധനത്തെ സമീപിച്ചാല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. അത് തീരാത്ത ദുരന്തങ്ങളുടെ തുടക്കമായിരിക്കും. ഭക്ഷണം കഴിക്കുന്നത് വിശപ്പടങ്ങാനാണ്. എത്ര ഭക്ഷണമെടുത്തിട്ടും വിശപ്പടങ്ങുന്നില്ലെങ്കില്‍ അയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നര്‍ഥം. സാമ്പത്തിക മോഹവലയങ്ങളില്‍ ജീവിക്കുന്നവന്റെ അവസ്ഥ ഇതിനേക്കാള്‍ ഗുരുതരമായിരിക്കും. അല്ലാഹുവിന്റെ ബര്‍കത്ത് നഷ്ടപ്പെട്ട ധനമായിരിക്കും അത്തരക്കാരുടെ സമ്പാദ്യം. ഈ മാനസികാവസ്ഥയിലുള്ള വ്യക്തികളുടെ ധനവിനിയോഗത്തില്‍ രൂപ്പപെടുന്ന സമ്പദ്ഘടന സമൂഹത്തില്‍ കുഴപ്പവും അരാജകത്വവും ജീര്‍ണതകളും ഉണ്ടാക്കാന്‍ കാരണമാകുന്നു.
മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കൈകള്‍ എപ്പോഴും മുകളിലായിരിക്കും. കൈകള്‍ മാത്രമല്ല, അയാളുടെ മനസ്സും വ്യക്തിത്വവും ഉന്നതമായിരിക്കും. ഇങ്ങോട്ട് ലഭിക്കണം എന്നാഗ്രഹിക്കുന്നവര്‍ കൈയും തലയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ താഴ്‌ത്തേണ്ടിവരുന്നു. ഏറ്റവും പുണ്യമുള്ള ദാനമേത് എന്ന് ചോദിച്ചപ്പോള്‍ നബി(സ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ‘ജുഹ്ദുല്‍ മുഖില്ല” പ്രയാസപ്പെടുന്നവര്‍ നല്‍കുന്ന ദാനം. അവര്‍ക്കും ഇതിലൂടെ കൈയും തലയുമുയര്‍ത്തി സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയും.
Back to Top