22 Sunday
December 2024
2024 December 22
1446 Joumada II 20

ഹദീസ് അഥവാ സുന്നത്ത് – അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട മതമാണ് ഇസ്‌ലാം. കേവലം ചില തത്ത്വങ്ങളോ മൂല്യങ്ങളോ അല്ല ഇസ്‌ലാം. മനുഷ്യന്റെ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ജീവിത വ്യവസ്ഥയാണത്. കാലദേശങ്ങള്‍ക്കതീതമായി ലോകാന്ത്യം വരെ നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ അലിഖിതമായ ചില ധാരണകളോ പാരമ്പര്യങ്ങളോ അല്ല, നിയതമായ പ്രമാണങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവിന്റെ വചനങ്ങളാണ്. അതാണ് വിശുദ്ധഖുര്‍ആന്‍. ഇസലാമിലെ രണ്ടാമത്തെ പ്രമാണം നബി(സ) കാണിച്ചുതന്ന ജീവിതമാതൃകയാണ്. അത് സാങ്കേതികമായി നബിചര്യ അല്ലെങ്കില്‍ സുന്നത്ത് എന്നറിയപ്പെടുന്നു.
ചര്യ, നടപടിക്രമം എന്നെല്ലാം ആശയം വരുന്ന ഒരു പദമാണ് സുന്നത്ത്. എന്നാല്‍ ഇസ്‌ലാമിക സാങ്കേതിക സംജ്ഞയായി സുന്നത്ത് എന്ന പദത്തിന്റെ വിവക്ഷ മുഹമ്മദ് നബി(സ)യുടെ ജീവിതചര്യ എന്നാണ്. വിശുദ്ധ ഖുര്‍ആന്‍ ഓതിക്കൊടുത്തുകൊണ്ട് ജനങ്ങളെ സംസ്‌കരിക്കുകയും അവര്‍ക്ക് മാതൃക കാണിക്കുകയുമായിരുന്നു പ്രവാചകന്റെ ദൗത്യംതന്നെ (3:164). നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍, ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ എന്നിവയെല്ലാം സുന്നത്ത് തന്നെ. ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണമായ നബിചര്യതന്നെയാണ് ഹദീസ് എന്ന സാങ്കേതിക ശബ്ദത്തിന്റെയും പൊരുള്‍. വര്‍ത്തമാനം, സംസാരം എന്നെല്ലാം അര്‍ഥം വരുന്ന ഹദീസ് എന്ന പദം ഇസ്‌ലാമിക സാങ്കേതിക പ്രയോഗത്തില്‍ പ്രവാചകചര്യ എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഈ അര്‍ഥത്തിലാണ് വിശുദ്ധ ഖുര്‍ആനും നബിചര്യയും എന്നോ ഖുര്‍ആനും സുന്നത്തും എന്നോ നാം പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിച്ചാണ് മുസ്‌ലിം ജീവിക്കേണ്ടത്.
മുഹമ്മദ് നബി(സ) തന്റെ നിയോഗ ദൗത്യം പൂര്‍ത്തിയാക്കി ഈ ലോകത്തോട് വിടപറയും മുന്‍പായി പ്രഖ്യാപിക്കുകയുണ്ടായി: ”ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യങ്ങള്‍ വിട്ടേച്ചുകൊണ്ടാണ് വിടപറയുന്നത്. അവ രണ്ടും നിങ്ങള്‍ മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണ് ആ രണ്ടു കാര്യങ്ങള്‍.” (ഹാകിം)
പ്രവാചക ചര്യയാണ് മനുഷ്യര്‍ക്ക് ജീവിതമാതൃക എന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (33:21)
നബിചര്യ പ്രമാണം
അല്ലാഹുവിന്റെ വചനങ്ങള്‍ (ഖുര്‍ആന്‍) മാത്രം മതിയല്ലോ, പിന്നെന്തിന് ഹദീസുകള്‍ എന്ന സംശയം സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണമായ ഒരു ഗ്രന്ഥരൂപത്തില്‍ അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നബി(സ) അത് ജനങ്ങളെ പടിപ്പിച്ചെടുക്കുകയുമായിരുന്നില്ല. (പില്‍ക്കാലത്ത് വിശുദ്ധ ഖുര്‍ആനും ഹദീസും ഗ്രന്ഥരൂപത്തിലുള്ളത് പഠിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാം പ്രചരിപ്പിക്കുന്നത്.) വിശുദ്ധഖുര്‍ആന്‍ കുറേശ്ശെ അവതരിക്കുക, നബി അത് പഠിപ്പിക്കുക, അതനുസരിച്ച് ജനങ്ങള്‍ ജീവിക്കുക, ജീവിതസന്ദര്‍ഭങ്ങളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദൈവിക വചനങ്ങള്‍ വന്നുകൊണ്ടിരിക്കുക ഇങ്ങനെ ഇരുപത്തിമൂന്ന് വര്‍ഷംകൊണ്ട് ഒരു സമൂഹം രൂപപ്പെടുക. ഇങ്ങനെയാണ് അല്ലാഹു ഇസ്‌ലാം പൂര്‍ണമാക്കിയത്. ഈ ഗ്രന്ഥം ലോകാന്ത്യം വരെ നിലനില്ക്കണം. വിശുദ്ധഖുര്‍ആന്‍ അടിസ്ഥാനകാര്യങ്ങള്‍ ഊന്നിപ്പറയുന്നു. അത് പ്രവാചകന്‍ വിശദീകരിക്കുന്നു. പ്രായോഗിക തലത്തില്‍ നടപ്പിലാക്കുന്നു.
ഇസ്‌ലാമിലെ അടിസ്ഥാന കര്‍മങ്ങള്‍ തന്നെ ഇതിനുദാഹരണമാണ്. നമസ്‌കാരത്തിന്റെ പ്രാധാന്യവും അത് നിര്‍വഹിക്കേണ്ടതിന്റെ അനിവാര്യതയും വിശുദ്ധഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍ നബി (സ)യാണ് അവയുടെ സമയവും രീതിയും രൂപവും മറ്റു വിശദാംശങ്ങളും വിവരിച്ചുകാണിച്ചുതരുന്നത്. നബിചര്യ പരിഗണിക്കാതെ നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയില്ലെന്നര്‍ഥം. ധനം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അതില്‍ പാവങ്ങള്‍ക്ക് നിശ്ചിത ഓഹരിയുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോള്‍ സകാത്ത് എന്ന സംവിധാനം പ്രയോഗവത്കരിക്കുന്നത് പ്രവാചകചര്യയിലൂടെയാണ്. നോമ്പും ഹജ്ജും ഇങ്ങനെത്തന്നെ. കൂടാതെ ദൈനംദിന ജീവിതത്തിലെ മര്യാദകളും ചിട്ടകളും പ്രവാചകന്‍(സ) ജനങ്ങള്‍ക്കൊപ്പം ജീവിച്ച് നടപ്പിലാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്‍ സംസാരിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും നിരോധിക്കുന്നതും സ്വാഭിഷ്ടപ്രകാരമല്ല, അല്ലാഹുവിന്റെ ബോധനം (വഹ്‌യ്) അനുസരിച്ചാണ്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. അത് അദ്ദേഹത്തിന് നല്കപ്പെടുന്ന ദിവ്യബോധനം മാത്രമാണ്.” (53:3)
വിശുദ്ധഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ച ഒരു കാര്യമുണ്ട്. ”നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക” (3:32, 3:132, 4:80) അല്ലാഹുവിന്റെ വചനങ്ങളും റസൂലിന്റെ നിര്‍ദേശങ്ങളും പാലിക്കുമ്പോള്‍ മാത്രമേ ഇസ്‌ലാം പൂര്‍ണമാകൂ എന്നര്‍ഥം.
രണ്ടാം പ്രമാണം
വിശുദ്ധഖുര്‍ആനും നബിചര്യയും ദീനീകാര്യങ്ങള്‍ നടപ്പിലാക്കുന്നേടത്ത് അനുപൂരകങ്ങളാണെന്നു പറയാം. പ്രവാചക വചനങ്ങള്‍ തന്നിഷ്ടമല്ല, വഹ്‌യ് ആണെന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ രണ്ടു പ്രമാണങ്ങള്‍ക്കും ഒരേ സ്ഥാനമല്ലേ നല്കപ്പെടേണ്ടത് എന്നു സംശയിക്കാം. എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ ഒന്നാമത്തെ പ്രമാണവും പ്രവാചകന്റെ നിര്‍ദ്ദേശങ്ങള്‍ വഹ്‌യാണെങ്കില്‍ പോലും രണ്ടാമത്തെ പ്രമാണവുമാണെന്നതില്‍ മുസ്‌ലിം ലോകത്തിന് ഭിന്നാഭിപ്രായമില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്.
അല്ലാഹുവിന്റെ വചനങ്ങള്‍ അല്ലാഹു സംരക്ഷണമേറ്റെടുത്തതാണ്. ഹദീസിന് ആ സംരക്ഷണമില്ല. ഖുര്‍ആന്‍ വചനങ്ങളുടെ പാരായണം പുണ്യകരമാണ്. പുണ്യപാരായണത്തിന് വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ വചനവും പ്രവാചക വചനവും തുല്യമാവുകയില്ലല്ലോ. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമവചനം മുതല്‍ അന്തിമവചനംവരെ അവതരണാവസരത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടുകയും ഓരോ റമദാനിലും ജിബ്‌രീലിന്റെ (അ) മേല്‍നോട്ടത്തില്‍ നബി(സ) ആവര്‍ത്തിച്ചു പരിശോധിക്കുകയും ഗ്രന്ഥരൂപത്തില്‍ സൂക്ഷിക്കപ്പെടുകയും ചെയ്തതാണ്. പ്രവാചകചര്യയാവട്ടെ പ്രവാചക വിയോഗശേഷം ക്രോഡീകരിക്കപ്പെട്ടതും ക്രോഡീകരിക്കുന്നതില്‍ അപാകത സംഭവിക്കാന്‍ സാധ്യതയുള്ളതുമാണ്. അതുകൊണ്ടാണ് ഹദീസുകള്‍ പ്രാമാണികം (സ്വഹീഹ്), ദുര്‍ബലം (ദഈഫ്) എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ ഈ വേര്‍തിരിവില്ല എന്നത് വ്യക്തമാണ്. ഖുര്‍ആന്‍ വചനങ്ങള്‍ സ്വഹാബിമാര്‍ ഹൃദിസ്ഥമാക്കിയിരുന്നു. നബിചര്യയാകട്ടെ അവര്‍ ഉള്‍ക്കൊണ്ട കാര്യങ്ങളാണ്. ‘ഖുര്‍ആന്‍ പോലെ മനപ്പാഠമാക്കാന്‍ കഴിയുന്നതല്ല. ഖുര്‍ആനല്ലാതെ മറ്റൊന്നും നിങ്ങള്‍ എന്നില്‍ നിന്ന് എഴുതി വയ്ക്കരുത്” (മുസ്‌ലിം) എന്ന പ്രവാചക നിര്‍ദ്ദേശത്തിന്റെ പൊരുളും അതുതന്നെ.
സ്വഹാബികള്‍ മനസ്സിലാക്കിയതും ഇങ്ങനെത്തന്നെ. നബി(സ) ഇസ്‌ലാമിക ദഅ്‌വത്തിനായി മുആദിനെ(റ) യമനിലേക്കു പറഞ്ഞയച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: നീ എങ്ങനെയാണ് പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുക? മുആദ്: അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച.് നബി: അതിലില്ലെങ്കിലോ? മുആദ്: അല്ലാഹുവിന്റെ ദൂതന്റെ ചര്യയനുസരിച്ച്. നബി: അതിലും കണ്ടില്ലെങ്കിലോ? മുആദ്: ഞാനെന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തും. മുആദിന്റെ(റ) ഈ നിലപാടിനെ നബി(സ) അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു. ചുരുക്കത്തില്‍ പ്രവാചകന്റെ ജീവിതചര്യ ഇസ്‌ലാമിക പ്രമാണമാണ്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ രണ്ടാം പ്രമാണമായി ഹദീസിനെ സ്വീകരിക്കണം. ഇതാണ് മുസ്‌ലിം ലോകം ഇജ്മാഅ് ആയി അംഗീകരിച്ചത്. എന്നാല്‍ രണ്ടു പ്രമാണങ്ങള്‍ക്കും ഒരേ സ്ഥാനം നല്കണമെന്ന ഒരു വീക്ഷാഗതി പ്രചരിപ്പിക്കപ്പെട്ടുവരുന്നുണ്ട്. ഭംഗ്യന്തരേണ പ്രമാണ നിരാകരണത്തിലേക്കാണതിന്റെ നീക്കം.
ഹദീസ് നമുക്ക് എങ്ങനെ കിട്ടി?
വിശുദ്ധഖുര്‍ആനില്‍ നിന്ന് ഓരോ ആയത്തും അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ പ്രവാചകന്ന് അത് മനപ്പാഠം. ഓതിക്കേള്‍പ്പിക്കുന്ന സ്വഹാബികള്‍ അത് മനപ്പാഠമാക്കുന്നു. സെയ്ദുബ്‌നു സാബിത്(റ), അലി(റ) മുതലായ എഴുതാനറിയാവുന്നവര്‍ പ്രവാചക നിര്‍ദ്ദേശപ്രകാരം അത് എഴുതിവയ്ക്കുന്നു. ജിബ്‌രീല്‍ (അ) ഓരോ റമദാനിലും നബിയുടെ മനപ്പാഠം പരിശോധിക്കുന്നു. നബി(സ)യുടെ വിയോഗത്തിന്റെ ഉടനെത്തന്നെ ഖലീഫ അബൂബക്കറിന്റെ(റ) മേല്‍ നോട്ടത്തില്‍ നബി(സ)യുടെ എഴുത്തുകാര്‍ തന്നെ അത് ഗ്രന്ഥരൂപത്തിലാക്കി. പതിനായിരക്കണക്കിന് സ്വഹാബിമാരുടെ ഹൃദയത്തിലും രേഖപ്പെട്ട ഗ്രന്ഥത്തിലും ഖുര്‍ആന്‍ അനുചരന്‍മാരെ ഏല്പിച്ചാണ് പ്രവാചകന്‍ വിടപറഞ്ഞത്. എന്നാല്‍ നബിചര്യ അഥവാ ഹദീസിന്റെ സ്ഥിതി ഇതായിരുന്നില്ല. അത് നമ്മിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
നബി(സ)യുടെ ജീവിതകാലത്ത്
നബി(സ) ജീവിച്ച കാലത്ത് സ്വഹാബികള്‍ നബിയെ നേരില്‍ കണ്ടും കേട്ടും പഠിച്ചും സംശയം തീര്‍ത്തും ദീന്‍ ഉള്‍ക്കൊണ്ടു. നബി(സ) പറഞ്ഞു: ”ഞാന്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ എങ്ങനെ കണ്ടുവോ അങ്ങനെ നിങ്ങള്‍ നമസ്‌കരിക്കുക” (ബുഖാരി). സ്വഹാബികള്‍ കര്‍മങ്ങള്‍ പഠിച്ചത് ഗ്രന്ഥത്തിലൂടെയല്ല. നബി(സ) ചെയ്യുന്നതു കണ്ടുപഠിച്ചു. സ്വഹാബികളില്‍ വീഴ്ചവന്നാല്‍ നബി തിരുത്തും. അവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ വീക്ഷണ വ്യത്യാസമുണ്ടായാല്‍ ഉടനെ നബി(സ)യുടെ അടുക്കല്‍ ചെല്ലും. അതു തീര്‍ക്കും. ഇങ്ങനെ ഒരു സമൂഹം ജീവിച്ച ഇരുപത്തിമൂന്ന് വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രമാണ് യഥാര്‍ഥത്തില്‍ ഹദീസ് അഥവാ നബിചര്യ. ഇത് അങ്ങനെത്തന്നെ രേഖപ്പെടുത്തി വച്ചിട്ടില്ല. അത് സാധ്യമല്ലല്ലോ.
എന്നാല്‍ നബി(സ)യുടെ ജീവിതത്തെ സ്വഹാബികള്‍ കൃത്യമായി ഒപ്പിയെടുത്തു. നബിയെ നിരുപാധികം അംഗീകരിക്കുന്നവനാണ് മുസ്‌ലിം. കാരണം നബി(സ) ചെയ്യുന്നതും പറയുന്നതും ദൈവിക നിര്‍ദ്ദേശമാണ്. നിങ്ങള്‍ അല്ലാഹുവിനെയും ഈ റസൂലിനെയും അനുസരിക്കുക (3:32) എന്നത് ദൈവകല്പനയുമാണ്. നബി(സ)യെ നിരുപാധികം അനുസരിക്കുമ്പോഴും നബിയുടെ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ നബി തന്നെ പറഞ്ഞു. ഉദാഹരണമായി ക്ഷീണവും മറവിയും നബിക്കുമുണ്ട്. നബി അമാനുഷനല്ല.
ഒരിക്കല്‍ നബി(സ)ക്ക് നമസ്‌കാരത്തില്‍ മറവി സംഭവിച്ചു. തങ്ങള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: അപ്പോള്‍ താന്‍ മറന്നുപോയതാണ് എന്നു പറഞ്ഞുകൊണ്ട് പോരായ്മ പരിഹരിക്കുകയും ചെയ്തു. അതു മാത്രമല്ല ഇമാമിന് മറവിപറ്റിയാല്‍ എങ്ങനെ തിരുത്തണമെന്ന ഒരുപാഠവും സ്വഹാബികള്‍ക്കു കിട്ടി. അതും സുന്നത്തായി ലഭിച്ചുവെന്നര്‍ഥം.
നബി(സ) നിയുക്തനായത് മനുഷ്യര്‍ക്ക് മതകാര്യങ്ങള്‍ പഠിപ്പിക്കാനാണ്. മനുഷ്യജീവിതത്തില്‍ മതകാര്യമല്ലാത്ത അനേകം വ്യവഹാരങ്ങളുണ്ട്. അതിനായി പ്രവാചകന്റെ ആവശ്യമില്ല. അത്തരം കാര്യങ്ങളില്‍ നബിക്ക് പിഴവുപറ്റാം. അത്തരം ഭൗതികകാര്യങ്ങളില്‍ നബി(സ) സ്വഹാബികളുമായി കൂടിയാലോചിക്കും. കൂടുതല്‍ പ്രസക്തമായവ സ്വീകരിക്കും. ചിലപ്പോള്‍ തന്റെ അഭിപ്രായം ഒഴിവാക്കി സ്വഹാബികളുടെ അഭിപ്രായം സ്വീകരിക്കും. ബദ്ര്‍ യുദ്ധവേളയില്‍ സൈനികര്‍ തമ്പടിക്കാന്‍ നബി(സ) തെരഞ്ഞെടുത്ത സ്ഥലം അനുയോജ്യമായിരുന്നില്ല. യുദ്ധതന്ത്രമറിയാവുന്ന ഹുബ്ബാബ്(റ) ചോദിച്ചു: പ്രവാചകരേ, ഈ സ്ഥലത്തിറങ്ങിയത് അങ്ങയുടെ അഭിപ്രായമോ ദൈവികനിര്‍ദേശമോ? തന്റെ അഭിപ്രായാമാണെന്നു പറഞ്ഞപ്പോള്‍ സ്വഹാബി പറഞ്ഞു: ഈ സ്ഥലത്ത് തമ്പടിക്കുന്നത് പരാജയത്തിലേക്ക് നയിക്കും. ജലലഭ്യതയായിരുന്നു കാരണം. നബി ആ സ്വഹാബിയുടെ അഭിപ്രായം സ്വീകരിച്ചു. ഉഹ്ദില്‍ മദീനയ്ക്കു പുറത്ത് ശത്രുവിനെ നേരിട്ടതും അഹ്‌സാബ് യുദ്ധത്തില്‍ കിടങ്ങു കീറി പ്രതിരോധിച്ചതും സ്വഹാബികളുടെ യുദ്ധപാടവം നബി(സ) അംഗീകരിച്ചതിന് ചില ഉദാഹരണങ്ങളാണ്. എന്നാല്‍ മതകാര്യങ്ങളില്‍ പ്രവാചക നിര്‍ദ്ദേശങ്ങള്‍ കടുകിട വ്യതിചലിക്കാതെ അവര്‍ പാലിച്ചു.
”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസികള്‍ക്ക് സ്വതന്ത്രമായ ഒരഭിപ്രായം ഉണ്ടായിരിക്കാന്‍ പാടില്ല” (33:36) എന്ന അല്ലാഹുവിന്റെ ശാസന സ്വഹാബികള്‍ അക്ഷരംപ്രതി പാലിച്ചു. ഇതായിരുന്നു നബിയോടൊത്തുള്ള സ്വഹാബിമാരുടെ ജീവിതത്തിന്റെ ഒരേകദേശ ചിത്രം. നബി(സ)യെ തങ്ങളുടെ ജീവനെക്കാള്‍ ഓരോ സ്വഹാബിയും സ്‌നേഹിച്ചു; പരിഗണിച്ചു. ഈ അവസ്ഥയില്‍ പ്രവാചകന്‍ ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കി വിടവാങ്ങി.
പ്രവാചക വിയോഗാനന്തരം
മുഹമ്മദ് നബി(സ) മരണപ്പെട്ടു. സ്വഹാബികളുടെ ഏകകണ്ഠമായ അംഗീകാരത്തോടെ അബൂബക്കര്‍ (റ) സമുദായത്തിന്റെ നേതൃത്വമേറ്റെടുത്തു. അദ്ദേഹം നബി(സ)യുടെ സന്തത സഹചാരിയായിരുന്നു. പ്രവാചകന്റെ ജീവിതചര്യ മറ്റാരെക്കാളും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ആഇശ(റ) പ്രവാചക പത്‌നിയായിരുന്നുവല്ലോ. എങ്കിലും ഓരോ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും സ്വഹാബിമാരുമായി കൂടിയാലോചിച്ചു. നബിചര്യയില്‍ തനിക്ക് തിട്ടമില്ലാത്ത കാര്യങ്ങളില്‍ നബിയില്‍ നിന്ന് ആരെങ്കിലും ഇവ്വിഷയകമായി വല്ലതും കേട്ടിട്ടുണ്ടോ എന്നന്വേഷിച്ചു. വിശുദ്ധഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കി സൂക്ഷിക്കാന്‍ സംവിധാനം ചെയ്തു. എന്നാല്‍ നബിചര്യ എഴുതിവയ്ക്കുകയോ ഗ്രന്ഥമാക്കി ക്രോഡീകരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുലഫാഉര്‍റാശിദുകള്‍ എല്ലാവരും ഇതേ നയനിലപാടുകള്‍ തുടര്‍ന്നു.
നബി(സ) സമൂഹത്തില്‍ ഒരാളായി ജീവിക്കുകയായിരുന്നു. പിതാവ്, ഭര്‍ത്താവ്, പ്രബോധകര്‍, ഭരണാധികാരി, പടയാളി, വ്യാപാരി, തൊഴിലാളി, തൊഴിലുടമ, യജമാനന്‍, സ്‌നേഹിതന്‍ എന്നിങ്ങനെ ജീവിതത്തിലെ നിഖില മേഖലകളിലും മാതൃകയായി ജീവിച്ചു. സ്വഹാബികള്‍ പ്രവാചകനോടൊപ്പം ജീവിച്ചു. നാട്ടിലും വീട്ടിലും പള്ളിയിലും പട്ടണത്തിലും യാത്രയിലും യുദ്ധത്തിലും അനുഷ്ഠാനത്തിലും അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. കഴിയുന്നത്ര സഹവസിച്ചു. കഴിയാത്ത നേരത്ത് സഹവസിച്ചവരോടന്വേഷിച്ചറിഞ്ഞു. ഇങ്ങനെ ജീവിച്ച ഒരു സമൂഹത്തിന്റെ മുന്നില്‍ നബിചര്യ തുറന്ന പുസ്തകമായിരുന്നു. പക്ഷേ ലിഖിതഗ്രന്ഥമായിരുന്നില്ല.
നബി(സ)ക്കു ശേഷം ഇസ്‌ലാമിലേക്കു വന്നവര്‍ സ്വഹാബികളില്‍ നിന്നാണ് ദീന്‍ പഠിച്ചത്. ആത്മാര്‍ഥതയോടെ അവര്‍ പിന്‍ഗാമികളെ പഠിപ്പിച്ചു. ഈ പിന്‍ഗാമികളെ താബിഉകള്‍ എന്നു പറയുന്നു. സ്വഹാബികളില്‍ കൂടുതല്‍ പണ്ഡിതന്മാരായവര്‍ ഓരോ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നതില്‍ മുഴുകി. പ്രവാചകപത്‌നിമാരും നബിചര്യ പകര്‍ന്നു കൊടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഇബ്‌നുമസ്ഊദ്(റ), അനസ്(റ), ആഇശ (റ), ഇബ്‌നുഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ) മുതലായ ചില സ്വഹാബികള്‍ പാണ്ഡിത്യത്തില്‍ മുന്നിലായിരുന്നു. പ്രവാചകനില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവ് പിന്‍തലമുറയ്ക്ക് എത്തിച്ചുകൊടുക്കുന്നത് ഒരു അമാനത്തായി സ്വഹാബികള്‍ കണ്ടു.
കാലം പിന്നിടുന്നു
കാലം പിന്നിട്ടതോടെ വിവിധ ദേശക്കാര്‍ ഇസ്‌ലാമിലേക്കു കടന്നുവന്നു. സ്വഹാബത്തിലെ വിശുദ്ധി പില്‍ക്കാലക്കാര്‍ക്ക് ഉണ്ടാവില്ലല്ലോ. സ്വാര്‍ഥ താത്പര്യങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും മാനുഷിക ദൗര്‍ബല്യങ്ങളും കൂടി. സമൂഹത്തില്‍ ഭിന്നത തലപൊക്കി. വീക്ഷണ വ്യത്യാസങ്ങള്‍ വന്നു. തത്പരകക്ഷികള്‍ അവസ്ഥ മുതലെടുക്കാന്‍ ഒരുങ്ങി. ഖലീഫ ഉസ്മാന്‍ വധിക്കപ്പെടുന്ന അവസ്ഥപോലും വന്നു. ശീഅ, ഖവാരിജ് തുടങ്ങിയ തീവ്ര വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്തു. കക്ഷിത്വത്തിന്റെ മറവില്‍ പ്രവാചകന്റെ പേരില്‍ പോലും വ്യാജം പ്രചരിക്കാന്‍ തുടങ്ങി. ഹദീസ് എന്ന പേരില്‍ കള്ളവാര്‍ത്തകള്‍ പ്രചരിച്ചു. ഉസ്മാന്റെ(റ) ഭരണകാലത്തിന്റെ അവസാനഘട്ടമായപ്പോഴേക്ക് രാഷ്ട്രീയമായ ചേരിതിരിവുകള്‍ സംജാതമായി. ഇത് മനപ്പൂര്‍വം വ്യാജഹദീസുകള്‍ നിര്‍മിക്കുന്നതിലേക്കു വരെ എത്തിച്ചേര്‍ന്നു.
ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴേക്കും മുസ്‌ലിം പ്രദേശങ്ങള്‍ വിശാലമായി. നബിയില്‍ നിന്ന് ചര്യ പഠിച്ച സ്വഹാബിമാര്‍ മണ്‍മറഞ്ഞുകഴിഞ്ഞു. താബിഉകളാണ് രംഗത്തുള്ളത്. അവരുടെ ശേഷം ഇസ്‌ലാമിലേക്കു വന്നവര്‍ വിവരം കുറഞ്ഞവരായിരുന്നു. പല പ്രദേശങ്ങളിലും പ്രഗത്ഭ പണ്ഡിതന്മാര്‍ വിജ്ഞാനം പകര്‍ന്നു നല്കിയിരുന്നു. ഹിജ്‌റ 150-ല്‍ മരണപ്പെട്ട ഇമാം അബൂഹനീഫ, മാലികുബ്‌നു അനസ്, സുഹ്‌രി, ഔസാഈ തുടങ്ങിയ പണ്ഡിതന്‍മാര്‍ അവരില്‍ മുന്‍പന്തിയിലായിരുന്നു. മാറിയ സാഹചര്യത്തില്‍ നബിചര്യ ക്രോഡീകരിച്ച് രേഖപ്പെടുത്തി വയ്‌ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടു. മദീനയില്‍ ജനിച്ചുവളര്‍ന്ന് ഹിജ്‌റ 179-ല്‍ മരണപ്പെട്ട ഇമാം മാലികുബ്‌നു അനസ്(റ) ക്രോഡീകരിച്ച അല്‍മുവത്വ എന്ന ഗ്രന്ഥമാണ് ആദ്യത്തെ ഹദീസ് സമാഹാരം.
ഹദീസ് ക്രോഡീകരണം നടക്കുന്നതിനു മുന്‍പ് രംഗത്തുവന്ന മഹാപണ്ഡിതന്‍മാരില്‍ പലരെയും ജനങ്ങള്‍ അന്ധമായി അനുകരിക്കാനും പിന്‍പറ്റാനും തുടങ്ങി. മാത്രമല്ല, ഓരോ ഇമാമിന്റെയും പേരില്‍ ഓരോ മദ്ഹബുകള്‍ തന്നെ ഉടലെടുത്തു. ഇത് ആദര്‍ശപരമായ ഒരു തരം വിഭാഗീയതയിലേക്ക് നയിച്ചു. ഈ വിഭാഗീയതയില്‍ പക്ഷംപിടിച്ചവര്‍ തങ്ങള്‍ക്കുവേണ്ടിയും ഇതരര്‍ക്കെതിരെയും നബിയുടെ പേരില്‍ ‘ഹദീസു’കള്‍ നിര്‍മിക്കാന്‍ തുടങ്ങി.
നിദാനശാസ്ത്രം
ഇസ്‌ലാമിക പ്രമാണമായ നബിചര്യ അനുയായികളാല്‍ വികലമാക്കപ്പെടാവുന്ന അത്യന്തം ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ മഹത്തുക്കളായ പണ്ഡിതന്‍മാര്‍ നബിചര്യ ക്രോഡീകരിക്കാനും കുറ്റമറ്റതാക്കിത്തീര്‍ക്കാനും ശ്രമം തുടങ്ങി. ഒരു ഹദീസ് കേട്ടാല്‍ അത് ആര് ആരില്‍നിന്ന് പഠിച്ചു എന്നുതുടങ്ങിയ അന്വേഷണം അവര്‍ നടത്തി. വളരെ ശ്രമകരമായ പ്രവര്‍ ത്തി ആയിരുന്നു ഇതെന്നു പറയേണ്ടതില്ലല്ലോ. നബി(സ) വരെയുള്ള റിപ്പോര്‍ട്ടമാരുടെ പരമ്പര പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു അവര്‍ ചെയ്തത്. ഈ നിവേദക പരമ്പരയ്ക്ക് സനദ് എന്നുപറയുന്നു. ഇങ്ങനെ സംശുദ്ധമായ സനദിലൂടെ ലഭിച്ച ഹദീസിന്റെ ഭാഷ്യം (ഉള്ളടക്കം) മത്‌ന് എന്നു അറിയപ്പെടുന്നു.
സനദും മത്‌നും സംശയരഹിതമായിത്തീരണമെങ്കില്‍ ആവശ്യമായ നിഷ്‌കര്‍ഷകളും ഇങ്ങനെ ഹദീസുകള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ഡങ്ങളും വിശദീകരിക്കുന്ന ഹദീസ് നിദാശാസ്ത്രം (ഉസൂലുല്‍ ഹദീസ്) എന്ന ഒരു വിജ്ഞാനശാഖ തന്നെ ഉടലെടുത്തു. ഇങ്ങനെ പരമ്പരയടക്കം ഹദീസുകള്‍ ക്രോഡീകരിച്ച മഹാന്‍മാരും അവരുടെ ഗ്രന്ഥങ്ങളും മുഖേനയാണ് പില്‍ക്കാല സമൂഹങ്ങള്‍ക്ക് ഹദീസുകള്‍ ലഭ്യമായത്. അമവി ഖലീഫമാരില്‍പെട്ട ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് ഇമാം ഇബ്‌നുശിഹാബ് സുഹ്‌രിയാണ് സനദുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്.
നബി(സ)യില്‍ നിന്ന് സ്വഹാബിയും സ്വഹാബിയില്‍ നിന്ന് താബിഉം താബിഇല്‍നിന്ന് ഹദീസ് രേഖപ്പെടുത്തിയ പണ്ഡിതനും ഹദീസ് പഠിക്കുന്നു. നബി(സ) മുതല്‍ ഗ്രന്ഥകാരന്‍ വരെയുള്ള പരമ്പരയില്‍ വരുന്ന ഓരോ വ്യക്തിയുടെയും ജീവചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അതില്‍ സ്വാര്‍ഥ താല്‍പര്യക്കാരോ വിശ്വാസ വൈകല്യമുള്ളവരോ ഓര്‍മക്കുറവുപോലുള്ള ബാഹ്യവൈകല്യമുള്ളവരോ ആയവര്‍ മുഖേന ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ ദുര്‍ബലങ്ങളായി കണക്കാക്കപ്പെടുന്നു. ഇന്ന് നമ്മുടെ മുന്നില്‍ ഈ വക കാര്യങ്ങളെല്ലാം സുവ്യക്ത രേഖകളായി നിലനില്ക്കുന്നു. എന്നാല്‍ ഇതിന്റെ പിന്നില്‍ പണിയെടുത്ത ത്യാഗിവര്യരും നിഷ്‌കാമ കര്‍മയോഗികളുമായ ഒരു തലമുറ തന്നെ കഴിഞ്ഞുപോയിട്ടുണ്ട്.
മുഹമ്മദ്ബുനു ഇസ്മാഈല്‍ അല്‍ബുഖാരി, മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജ്, അബൂദാവൂദ്, മുഹമ്മദുബ്‌നു ഈസാ അത്തിര്‍മിദി, അഹ്മദ്, അന്നസാഈ, ഇബ്‌നുമാജ, അഹ്മദുബ്‌നു ഹന്‍ബല്‍, മാലികുബ്‌നു അനസ് മുതലായവര്‍ മുഹദ്ദിസുകളില്‍ മുന്‍പന്തിയിലുള്ളവരാണ്. ഇവരില്‍ മാലിക് ഒഴികെ ബാക്കി എല്ലാവരും ഹിജ്‌റ മൂന്നാം നൂറ്റാണ്ടുകാരാണ്. ഈ മഹാന്‍മാരൊക്കെ കഠിനാധ്വാനം ചെയ്തതിനാല്‍ നബിചര്യ (ഹദീസ്) ഏതാണ്ട് കുറ്റമറ്റ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടു. ക്രോഡീകരിക്കപ്പെട്ടവ പില്ക്കാലക്കാര്‍ക്ക് പരിശോധിക്കാവുന്ന മാനദണ്ഡങ്ങളും അവര്‍ നിര്‍ണയിച്ചു. ഇബ്‌നുഹജറുല്‍ അസ്‌കലാനി തുടങ്ങിയ മഹാരഥന്‍മാരായ ഹദീസ് നിരൂപകര്‍മാര്‍ ഇവ്വിഷയകമായി മുസ്‌ലിംലോകത്തിന് ഏറെ സംഭാവന നല്‍കിയവരാണ്. ആധുനിക കാലത്തെ നാസിറുദ്ദീന്‍ അല്‍ബാനിയെപ്പോലുള്ള ഹദീസ് പണ്ഡിതന്‍മാരും മേല്‍പ്പറഞ്ഞ ഉസൂലുല്‍ ഹദീസ് പഠനവിധേയമാക്കിയവരാണ്.
ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ പോലെ നബിയുടെ വഫാത്തോടു കൂടി തന്നെ ക്രോഡീകൃതമായിട്ടില്ലാത്ത നബിചര്യ, മുസ്‌ലിംലോകത്തിന് നഷ്ടപ്പെടാത്തവിധം സൂക്ഷിക്കപ്പെടാന്‍ തൊട്ടുപിന്നാലെ വന്നവര്‍ ശ്രമം നടത്തി. ഇതാണ് നമ്മുടെ മുമ്പില്‍ ഇന്ന് നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങള്‍. അവയില്‍ എക്കാലത്തും പഠനം നടന്നുവരികയും ചെയ്യും. ചില ഹദീസുകളുടെ പ്രാമാണികതയില്‍ ഭിന്നവീക്ഷണം സ്വാഭാവികമാണ്. പക്ഷേ മൗലികമായ കാര്യങ്ങളില്‍ ഭിന്നതയില്ലാതെ വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമായി മുസ്‌ലിം സമുദായം മുന്നോട്ടുനീങ്ങുന്നു. ഹദീസുകള്‍ തേടിപ്പിടിച്ച് ശേഖരിച്ചവരും പരിശോധിച്ചവരും മനുഷ്യരാണല്ലോ. ആയതിനാല്‍ വന്നുപോയാക്കാവുന്ന മാനുഷിക പരിമിതികള്‍ ഹദീസിന്റെ വിഷയത്തിലും ഉണ്ടാകും. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനിന്റെ അപ്രമാദിത്വം ഹദീസിനുണ്ടാകില്ല.
ഖുര്‍ആനും ഹദീസും പ്രാമാണികതയില്‍ ഒരുപോലെയാണ് എന്ന സങ്കല്‍പം ശരിയല്ല. ആയതിനാല്‍ സൂക്ഷ്മതയ്ക്കുവേണ്ടി പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെടേണ്ട വേദികളില്‍ വിശുദ്ധഖുര്‍ആനും പ്രാമാണികമായ (സ്വഹീഹ്) ഹദീസുകളും എന്ന് നിബന്ധന ചെയ്യാനുള്ള കാരണം ഇതാണ്.
ഹദീസും അഥറും
നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അനുവാദങ്ങള്‍ എന്നിവയാണ് ഹദീസ് എന്ന സാങ്കേതിക പ്രയോഗത്തില്‍ ഉള്‍പ്പെടുന്നതെന്ന് നാം വിശദീകരിച്ചു. നബി(സ)യില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ചവരാണ് സ്വഹാബികള്‍ എങ്കിലും സ്വഹാബികളുടെ വീക്ഷണങ്ങള്‍ ഇസ്‌ലാമില്‍ പ്രമാണമല്ല എന്നു നാം മനസിലാക്കണം. ഹദീസ് ഗ്രന്ഥകാരന്‍ മുതല്‍ സ്വഹാബി വരെ എത്തി നില്ക്കുന്ന നിവേദക പരമ്പരയില്‍ നബി(സ) ചെയ്യുന്നത് ഞാന്‍ കണ്ടു എന്നോ പറയുന്നതു കേട്ടു എന്നോ നബി ഇക്കാര്യം അംഗീകരിച്ചതായോ സ്വഹാബി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഹദീസാവുകയുള്ളൂ. എന്നാല്‍ നബി(സ)യിലേക്ക് ചേര്‍ത്തിപ്പറയാതെ ഒരു സ്വഹാബി ഇപ്രകാരം പറഞ്ഞു എന്നോ ചെയ്തു എന്നോ ഉള്ള റിപ്പോര്‍ട്ടുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് അഥറ് എന്നാണ് സാങ്കേതികമായി പറയുന്നത്. ഹദീസിന്റെ വിശദീകരണമായി അവ പരിഗണിക്കാം.
ഖുര്‍ആനിലോ ഹദീസിലോ ഇല്ലാത്ത ഒരു വിഷയത്തില്‍ സ്വഹാബി ഒരഭിപ്രായം പറഞ്ഞാല്‍ ഇജ്തിഹാദ് എന്ന നിലയില്‍ അത് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഖുര്‍ആനിലോ സ്വഹീയായ ഹദീസിലോ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വഹാബികളുടെ വാക്കുകള്‍ അഥറ് ഉദ്ധരിക്കപ്പെട്ടാല്‍ അത് സ്വീകാര്യമല്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് മുന്‍ഗാമികളായ മുഹദ്ദിസുകളും ഹദീസ് നിദാനശാസ്ത്ര പടുക്കളും ഏകകണ്ഠമായി ഇപ്രകാരം പറഞ്ഞത്: കൗലു സ്വഹാബിയ്യി ലയ്‌സ ബി ഹുജ്ജ (സ്വഹാബിയുടെ വാക്ക് പ്രമാണമല്ല.)
സമീപനം
ഇസ്‌ലാമിക പ്രമാണങ്ങളില്‍ ദ്വിദീയ സ്ഥാനത്തുള്ള നബിചര്യയെ മൗലികമായിത്തന്നെ അംഗീകരിക്കുന്നവര്‍ മാത്രമേ മുസ്‌ലിംകള്‍ ആയിത്തീരുകയുള്ളൂ. എന്നാല്‍ ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്ന ഒരു നിലപാട് ഭൗതിക പ്രമത്തരായ പലരിലും കാണാം. ഇസ്‌ലാമിന്റെ ആദര്‍ശ എതിരാളികളായ ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിനെ ഒന്നടങ്കം തള്ളിപ്പറയാന്‍ ധൈര്യമില്ലാത്ത മോഡേണിസ്റ്റുകളുമാണ് ഈ ഹദീസ് നിഷേധികള്‍. ഇതിന്റെ നേരെ വിപരീതമായ മറ്റൊരു നിലപാടും സമൂഹത്തില്‍ ഉണ്ട്. ഹദീസ് എന്ന പേരില്‍ കാണുന്നതെന്തും പ്രമാണമാക്കുന്നവരാണത്. സ്വഹീഹ്, ദ്വഈഫ് നോക്കാതെ വ്യാജഹദീസുകള്‍ (മൗദൂഅ്) പോലും സ്വീകരിക്കുന്ന ഈ വിഭാഗമാണ് അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും കടത്തിക്കൂട്ടുന്നത്. നാട്ടില്‍ നടക്കുന്ന ഏതു ദുരാചാരങ്ങള്‍ക്കും ബിദ്അത്തുകള്‍ക്കും ഹദീസിന്റെ പിന്‍ബലമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍പോലും ഇങ്ങനെ ചെയ്യുന്നതാണ് കഷ്ടം.
ഹദീസിന്റെ പ്രാമാണികതയില്‍ അതിരുകവിഞ്ഞ നിലപാട് സ്വീകരിച്ചവരാണ് മൂന്നാമത്തെ വിഭാഗം. ഹദീസിനും ഖുര്‍ആനിനും പ്രാമാണികതയില്‍ തുല്യസ്ഥാനം നല്‍കണമെന്ന് വാദിച്ചവരും തീവ്രവാദ നിലപാടുകാരാണ്. മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ പ്രമാണ സ്വീകരണ മാനദണ്ഡത്തെ അട്ടിമറിക്കുന്നതും ആദര്‍ശരംഗത്ത് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ഈ നിലപാട്.
മുന്‍കാലം മുതല്‍ തന്നെ സലഫുകളായ അഹ്‌ലുസ്സുന്ന വല്‍ജമാഅ സ്വീകരിച്ച നിലപാടാണ് ഉത്തമവും മിതത്വമാര്‍ന്നതും. വിശുദ്ധ ഖുര്‍ആന്‍ മൂല പ്രമാണവും ഹദീസ് അതിന്റെ വിശദീകരണമായ രണ്ടാം പ്രമാണവും പിന്നീട് ക്രോഡീകരിച്ചതാകയാല്‍ പ്രാമാണികവും അല്ലാത്തവയും ഉണ്ടാവാം. ആയതിനാല്‍ വിശുദ്ധഖുര്‍ആനും സ്വഹീഹായ ഹദീസും പ്രമാണമാക്കുക എന്നതാണ് യഥാര്‍ഥ നിലപാട്. അഹ്‌ലുല്‍ ഹദീസ് എന്ന് ചിലര്‍ സ്വയം പേരു സ്വീകരിച്ചവരും ഇതേ ആശയത്തിലാണ്.
Back to Top