സൗദി റോക്‌സ്
സൗദി അറേബ്യന്‍ ഭരണകൂടം കൈക്കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്രപ്രധാനമായ തീരുമാനത്തെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ചയില്‍ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയത്. പുരുഷന്‍ അനുഗമിക്കാതെ സ്വതന്ത്രമായി സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന അതിപ്രധാനമായ ഒരു തീരുമാനമാണ് ഭരണകൂടം കൈക്കൊണ്ടത്. ഇതുവരെ സൗദിയിലെ സ്ത്രീകള്‍ക്ക് രാജ്യത്തിന് പുറത്ത് സഞ്ചരിക്കണമെങ്കില്‍ ഭര്‍ത്താവോ പിതാവോ മകനോ സഹോദരനോ തുടങ്ങി അടുത്ത ബന്ധുക്കളിലാരുടെയെങ്കിലും സാന്നിധ്യം ആവശ്യമായിരുന്നു. കൂടെ സഞ്ചരിക്കാന്‍ അത്തരത്തിലൊരാളില്ലാതെ സ്ത്രീകളുടെ യാത്രക്ക് ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രാജ്യത്തെ യാഥാസ്ഥിതിക മതനേത്യത്വത്തിന്റെ താത്പര്യങ്ങളായിരുന്നു സാമൂഹിക വിഷയങ്ങളില്‍ ഭരണകൂടം നടപ്പിലാക്കിയിരുന്നത്. രാജ്യത്തിനുള്ളിലും പുറത്തും അതിശക്തമായ വിമര്‍ശങ്ങള്‍ രാജ്യത്തിന് നേരെ ഉയരാന്‍ കാരണമായ ഇത്തരത്തിലുള്ള നയങ്ങള്‍ ഒന്നൊന്നായി പുനപരിശോധിക്കാന്‍ സൗദി തയാറാകുന്നുവെന്നാണ് ഇത്തരം തീരുമാനങ്ങള്‍ വെളിവാക്കുന്നത്. നേരത്തെ, സ്ത്രീകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ടും ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. അമേരിക്കയിലേക്ക് സൗദി അംബാസഡറായും ഒരു വനിതയെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തിന്റെ മാനവ വിഭവ ശേഷിയുടെ മുഖ്യധാരയിലേക്ക് സ്ത്രീകളെക്കൂടി ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് ഭരണകൂടത്തിന്റെ തീരുമാനം. സൗദി കൈക്കൊള്ളുന്ന രാഷ്ട്രീയപരമായ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെടുമ്പോഴും ഇത്തരത്തില്‍ പുരോഗമനപരമായ നിലപാടുകള്‍ അന്താരാഷ്ട്രാ തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ഒരു മത രാഷ്ട്രം എന്ന പിടിയില്‍ നിന്ന് മെല്ലെ മുക്തമാകാനും സാമൂഹികമായി നിനനില്‍ക്കുന്ന പിന്നാക്കാവാസ്ഥകളെ ഇല്ലാതാക്കാനുമാണ് സൗദി ശ്രമിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ പുതിയ തീരുമാനങ്ങളില്‍ രാജ്യത്തിനുള്ളിലെയും പുറത്തെയും മത മൌലികവാദികളും യാഥാസ്ഥിതിക മത നേത്യത്വവും അസ്വസ്ഥരാണ്.