സ്ത്രീ പള്ളിപ്രവേശവും സുന്നി വഖഫ് ബോര്‍ഡ് നിലപാടും – അയ്മന് അബ്ദുല്ല
ആരാധനാ കര്‍മങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് മുസ്്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് സ്വീകരിച്ചതോടെ സ്ത്രീപള്ളിപ്രവേശ ചര്‍ച്ച പുതിയ തലത്തിലേക്ക് കടക്കുകയാണ്. സ്ത്രീ പള്ളിപ്രവേശം സംബന്ധിച്ച് സുപ്രീം കോടതിയിലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്. മുസ്്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികളായ ദമ്പതികള്‍ നല്കിയ കേസില്‍ വ്യക്തിനിയമ ബോര്‍ഡിന്റെ വിശദീകരണം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്. ഇക്കാര്യത്തില്‍ ഏതെങ്കിലും ഫത്വകള് ഉണ്ടെങ്കില്‍ അത് അവഗണിക്കണമെന്നും ഇസ്്ലാമിക മതഗ്രന്ഥങ്ങള്‍ സ്ത്രീകളുടെ പള്ളിപ്രവേശം എതിര്‍ക്കുന്നില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു. എന്നാല്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരം സ്ത്രീകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടില്ല. അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ലിംഗ വിവേചനം നിഷ്കര്‍ഷിക്കുന്ന പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ ഇല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. പള്ളിവിലക്ക് നേരിടുന്ന നിരവധി സ്തീകള്‍ ഉണ്ടെങ്കിലും അവരൊന്നും കോടതിയെ സമീപിക്കാവുന്ന സാഹചര്യത്തിലല്ല. ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ പേരില്‍ വിവേചനം അരുതെന്നാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേരളത്തിലും നേരത്തെ സമാനമായ രീതിയില്‍ ഹൈക്കോടതിയില്‍ ഒരു പൊതു താല്പര്യ ഹര്‍ജി വന്നിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപനാഥ് ആണ് ഹര്‍ജി നല്‍കിയത്. പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും പള്ളികളില്‍ പ്രവേശനാനുമതി നല്‍കണമെന്നും പര്‍ദ ധരിക്കുന്നതിന് സ്ത്രീകളെ നിര്ബന്ധിക്കരുതെന്നുമായിരുന് നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്തരമൊരു ഹര്‍ജി നല്കാന് ഹര്ജിക്കാരന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിക്കളയുകയാണ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇയാള്‍ ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്.
മുസ്്ലിം സ്ത്രീക്ക് പള്ളികളില്‍ പോയി ആരാധന നിര്‍വഹിക്കുന്നതിന് ഒരു കോടതി വിധിയുടെ ആവശ്യമുണ്ടോ? മതത്തിന്റെ ഒരു വിഷയത്തിലും ഭൗതിക കോടതിയല്ല വിധി പറയേണ്ടത്. മതനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും നമുക്ക് മുമ്പിലുണ്ട്. ഖുര്‍ആനിലെവിടെയും സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ആരാധന നിര്‍വഹിക്കാന്‍ അവകാശമില്ലെന്ന് പറയുന്നില്ല. ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിതയായ മര്‍യം ബീവി(റ)യോട് അല്ലാഹു പറഞ്ഞത് ”നീ സുജൂദും റുകൂഉം ചെയ്യുന്നവരുടെ കൂടെ സുജൂദും റുകൂഉം ചെയ്യുക” എന്നാണ് (3:43). എന്തുകൊണ്ടാണ് റാകിഈനിന്റെ (റുകൂഅ് ചെയ്യുന്ന പുരുഷന്മാര്) കൂടെ റുകൂഅ് ചെയ്യുക എന്ന് പറഞ്ഞത്? ഇമാം ബഗവി പറയുന്നു: ”റാകിആത്ത് അഥവാ റുകൂഅ് ചെയ്യുന്ന സ്ത്രീകള്‍ എന്നു പറയാതിരുന്നത് ‘റാകിഈന്’ എന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. ജമാഅത്തായി നമസ്കരിക്കുന്ന പുരുഷന്മാരോടൊപ്പം ജമാഅത്തായി നമസ്കരിക്കുക എന്നാണര്‍ഥമെന്നും പറയപ്പെട്ടിട്ടുണ്ട്.” (തഫ്സീര്‍ ബഗവി).
ഖുര്‍ആനില്‍ എങ്ങനെ പരിശോധിച്ചാലും സ്ത്രീകള്‍ക്ക് പള്ളി നിഷിദ്ധമാണ് എന്ന യാഥാസ്ഥിതിക വിഭാഗം വാദം നമുക്ക് കണ്ടെത്താന്‍ സാധ്യമല്ല. ഇത്രയൊക്കെ അല്ലാഹുവിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയിട്ടും യാഥാസ്ഥിതിക വിഭാഗം ഈ വിഷയത്തില്‍ തങ്ങളുടെ വിധി നല്‍കിയത് കാണുക: ”ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കല്‍ അനുവദനീയവും പുണ്യകര്‍മവുമാണെന്ന് പുരോഗമനവാദികള്‍ വാദിക്കുമ്പോള്‍ അതു നിഷിദ്ധമാണെന്ന് സുന്നികള്‍ അവകാശപ്പെടുന്നു” (എ പി അബൂബക്കര്‍ മുസ്ലിയാര്, സ്ത്രീകളും ജുമുഅ ജമാഅത്തും, പേജ് 9). ”ജുമുഅ ജമാഅത്തിനു വേണ്ടി സ്ത്രീകള്‍ പുറത്തുപോകല്‍ നിഷിദ്ധം തന്നെയാണ്’ (സുന്നി അഫ്കാര്‍ 1997 മെയ് 28). ഖുര്‍ആനിക വിരുദ്ധമായ ഇത്തരം നിലപാടുകളിലൂടെയാണ് എക്കാലത്തും സമസ്തയുടെ സഞ്ചാരം എന്നതാണ് വസ്തുത.
സ്ത്രീ പള്ളി പ്രവേശം പ്രമാണങ്ങളില്‍
ഇസ്ലാമിലെ വിശ്വാസ, സ്വഭാവ, ആചാര കര്‍മങ്ങള്‍ മുഴുവന്‍ പൊതുവെ സ്ത്രീപുരുഷന്മാര്ക്ക് ഒരുപോലെ ബാധകമാണ്. സ്ത്രീകളുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് ചില കാര്യങ്ങളില്‍ അവര്‍ക്ക് വിട്ടുവീഴ്ചയും ഇളവും നല്‍കിയിട്ടുണ്ട്. സദ്കര്‍മം ചെയ്തവര്‍ക്കുള്ള പ്രതിഫല വാഗ്ദാനത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തിയിട്ടില്ല. അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സദ്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്കു നല്‍കുകയും ചെയ്യും.” (നഹ്ല്:97)
പ്രവാചകന്(സ) മദീനയില്‍ എത്തിയ ഉടനെ മസ്ജിദുന്നബവി ഉണ്ടാക്കി. ആ പള്ളിക്ക് അല്ലാഹു മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. അതില്‍ വെച്ച് ഒരു റക്അത്ത് നമസ്കരിച്ചാല്‍ മറ്റു പള്ളികളില്‍ വച്ച് പതിനായിരം റക്അത്തു നമസ്കരിക്കുന്നതുപോലെയാണ്. മക്കയിലെ മസ്ജിദുല്‍ഹറാമില്‍ വച്ച് ഒരു റക്അത്തു നമസ്കരിക്കുന്നത് മറ്റു പള്ളികളില്‍ വച്ച് ഒരു ലക്ഷം റക്അത്ത് നമസ്കരിക്കുന്നതു പോലെയുമാണ്. ഫര്‍ദ് നമസ്കാരം തനിയെ നമസ്കരിക്കാതെ സംഘമായി നമസ്കരിക്കണമെന്നാണ് മതനിയമം. അങ്ങനെ നമസ്കരിച്ചാല്‍ തനിയെ നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുണ്ട്. മദീനയില്‍ നബി(സ) സ്ഥാപിച്ച പള്ളി അഞ്ചുനേരത്തെ നമസ്കാരത്തിന് സ്വഹാബിമാരെക്കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ പങ്കുചേരാന്‍ പ്രവാചകനോടൊപ്പം മഹതികളായ സ്വഹാബാവനിതകളും വന്നിരുന്നു. അവരുടെ വരവിനെ പ്രവാചകന് ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രവാചകന് പറഞ്ഞു: ”അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്.” (ബുഖാരി, മുസ്ലിം). ”നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ രാത്രിയില്‍ അനുമതി ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുമതി നല്‍കുക.” (ബുഖാരി, മുസ്ലിം)
അതനുസരിച്ച് മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകനോടൊപ്പം അഞ്ചു നേരത്തെ നമസ്കാരങ്ങള്ക്കു സ്ത്രീകള്‍ പങ്കെടുത്തിരുന്നു. പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെയും ആ നില തുടര്‍ന്നുവരുന്നു. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും അവര്‍ ജമാഅത്തിന് എവിടെ നില്‍ക്കണമെന്നും അവര്‍ പിറകിലുണ്ടെങ്കില്‍ ഇമാം എപ്രകാരമാണ് എഴുന്നേറ്റ് പോവേണ്ടതെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതു സംബന്ധമായി നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സാധാരണ ജുമുഅ ജമാഅത്തിന് മാത്രമല്ല, പ്രത്യേക നമസ്കാരവേളകളിലും (പെരുന്നാള്‍, ഗ്രഹണം) പ്രവാചകനോടൊപ്പം ജമാഅത്ത് നമസ്കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. പള്ളിയില്‍ നടന്ന ഗ്രഹണ നമസ്കാരത്തിന് അസ്മാഅ്(റ) പങ്കെടുത്തത് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇങ്ങനെയാണ്: ”അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ പ്രവാചകന് വെപ്രാളപ്പെട്ടു. വെപ്രാളത്താല്‍ തട്ടം മാറി അങ്കിയെടുത്തു. പിന്നീട് തട്ടം കിട്ടി. അവര്‍ പറയുന്നു: പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചു ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ) നിന്നു നമസ്കരിക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം നമസ്കരിക്കാന്‍ നിന്നു….” (മുസ്ലിം)
ഗ്രഹണ നമസ്കാരത്തില്‍ പള്ളിയില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഇതില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതു സംബന്ധമായി മുസ്ലിം ഉദ്ധരിച്ച ഹദീഥുകള്‍ വിവരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ”ഗ്രഹണനമസ്കാരം സ്ത്രീകള്‍ക്ക് സുന്നത്താണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. അതുപോലെ പുരുഷന്മാരുടെ പിറകില്‍ അവര്‍ക്ക് ഹാജരാകാമെന്നും വരുന്നു.” (ശര്‍ഹുമുസ്ലിം 3:481). പള്ളിയില്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. തദടിസ്ഥാനത്തില്‍ പില്ക്കാലത്ത് കര്മശാസ്ത്രജ്ഞന്മാര് പള്ളിയില്‍ സ്ത്രീകളുടെ പ്രവേശനം അംഗീകരിക്കുകയും ആവശ്യമായ നിബന്ധനകള്‍ വെക്കുകയും ചെയ്തു.
ഇമാം ശാഫിഈ പറയുന്നു: ”മാറ്റംവന്ന ഗന്ധം ഒഴിവാക്കുന്ന വിധമുള്ള വൃത്തി അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഉണ്ടാകുന്നത് ഞാനിഷ്ടപ്പെടുന്നു. സുഗന്ധം പൂശലും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള വെളുത്തതോ അതുപോലുള്ളതോ ആയ വസ്ത്രം അവര്‍ക്കുണ്ടാകുന്നതും ഞാന്‍ വെറുക്കുന്നു. ഇനി അവര്‍ സുഗന്ധം പൂശുകയും ഞാന്‍ വെറുക്കുന്ന കാര്യം ചെയ്യുകയും ചെയ്താലും നമസ്കാരം അവര്‍ മടക്കി നമസ്കരിക്കേണ്ടതില്ല.” ”സ്ത്രീകള്‍ പള്ളിയില്‍ വരണമെന്ന് ഉദ്ദേശിച്ചാല്‍ വെള്ളം കൊണ്ട് ശരീരം വൃത്തിയാക്കുക. സുഗന്ധം പൂശരുത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുത്” -ഈ പറഞ്ഞത് ‘അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’ എന്ന നബി(സ)യുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ്.” (ഇമാം നവവിയുടെ ശര്‍ഹുല്‍ മുഹദ്ദബ് 5:8)
”സ്ത്രീ ജുമുഅയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ അത് മറ്റു നമസ്കാരങ്ങളില്‍ അവര്‍ പങ്കെടുക്കുന്നതുപോലെ തന്നെയാണ്. (ശര്‍ഹുല്‍ മുഹദ്ദബ് 4:496). മറ്റു നമസ്കാരങ്ങളില്‍ പങ്കെടുക്കുന്നതുപോലെ ജുമുഅയ്ക്കും പങ്കെടുക്കാമെന്ന് സാരം. ”അവളില്‍ സുഗന്ധമോ അലങ്കാരമോ പ്രകടമായി കണ്ടാല്‍ അവളെ ഇമാമിനോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ ആ സമയത്ത് തടയാവുന്നതാണ്.” (തുഹ്ഫ 2:252). ”ഇമാമും മഅ്മൂമും തമ്മിലുള്ള അകലം ഏതാണ്ട് മൂന്ന് അടിയേക്കാള്‍ കൂടാതിരിക്കലാണ് സുന്നത്ത്. എല്ലാ രണ്ടു സ്വഫ്ഫുകള്ക്കുമിടയിലെന്നപോലെ. എന്നാല്‍ സ്ത്രീകളാകട്ടെ വളരെയേറെ പിന്നോട്ട് മാറി നില്‍ക്കുന്നതാണ് അഭിലഷണീയം.” (ശര്‍വാനി 2:302). ”ഒരു സ്ത്രീ അല്ലെങ്കില്‍ കുറെ സ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ അവള് അല്ലെങ്കില്‍ അവര്‍ നബിചര്യയനുസരിച്ച് ഇമാമിന്റെ പിറകില്‍ നില്‍ക്കണം; അവര്‍ സ്വന്തക്കാരാണെങ്കിലും.” (തുഹ്ഫ 3:36). ”ഇമാമിന്റെ പിറകില്‍ പുരുഷന്മാര്, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്ന ക്രമത്തില്‍ നില്‍ക്കണം.” (ഫത്ഹുല്‍മുഈന്‍)
ഇതുപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. നിരുപാധികമായി സ്ത്രീകള്‍ പള്ളിയില്‍ നമസ്കാരത്തില്‍ പങ്കെടുക്കരുതെന്ന് പൂര്‍വിക പണ്ഡിതരാരും പറഞ്ഞിട്ടില്ല.
ആഇശ(റ) പറയുന്നു: ”സത്യവിശ്വാസിനികളായ സ്ത്രീകള്‍ പ്രവാചകനോടൊപ്പം അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് പുതച്ച് സ്വുബ്ഹ് നമസ്കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്കാരം അവസാനിച്ചാല്‍ അവരുടെ ഭവനങ്ങളിലേക്ക് അവര്‍ തിരിച്ചുപോയിരുന്നു. ഇരുട്ടുനിമിത്തം അവരെ തിരിച്ചറിയുമായിരുന്നില്ല.” (ബുഖാരി)
സ്ത്രീകള്‍ക്ക് ജുമുഅയിലും പങ്കെടുക്കാം. നബി(സ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തും അവര്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ‘ജുമുഅയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കുളിക്കട്ടെ’ എന്ന് നബി(സ) പറഞ്ഞതായി ഇബ്നുഉമറില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നുഹജര്‍ എഴുതുന്നു: ”മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: പുരുഷന്മാരല്ലാത്തവര്‍ ജുമുഅയില്‍ അതിന്റെ ശ്രേഷ്ഠത ലഭിക്കണമെന്നാഗ്രഹിച്ച് പങ്കെടുക്കാന്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കുകയും ജുമുഅയുടെ മറ്റു മര്യാദകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.” (ഫത്ഹുല്‍ബാരി 2:285). ”സ്ത്രീകളും ജുമുഅയില്‍ പങ്കെടുക്കുന്നുവെങ്കില്‍ കുളിക്കണമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു.” (ഫത്ഹുല്‍ബാരി 2:92)
മദ്ഹബ് പണ്ഡിതന്മാരുടെ
അഭിപ്രായം
സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ല. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടാകുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ. നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം നോക്കുക. ഹനഫീ മദ്ഹബിന്റെ അഭിപ്രായം: ”സ്ത്രീ അവളുടെ വീട്ടില്‍ വെച്ച് ദുഹ്ര്‍ നമസ്കരിക്കലാണ് അത്യുത്തമം. അവള് വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല.” മാലിക്കികള്‍ പറയുന്നു: ”സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.”
ശാഫിഈ മദ്ഹബുകാര്‍ പറയുന്നു: ”ജുമുഅയിലും മറ്റു സംഘടിത നമസ്കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള് മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള് അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള് അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള് വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള് ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല.” ഹന്‍ബലികള്‍ പറയുന്നു: ”സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള് സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു.”(അല്ഫിക് വ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ 1:384, 385)
സൂറത്തുല്‍ അഹ്സാബില് അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക” (33:33) ഈ വചനത്തെ വ്യാഖ്യാനിച്ച് ഇബ്നുകസീര്‍ എഴുതുന്നു: ”നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്കരിക്കുകയെന്നത്; അതിന്റെ നിബന്ധന പ്രകാരം. ‘നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ.” (ഇബ്നുകസീര്‍ 3:491)
ഹിജാബിന്റെ (സ്ത്രീകള്‍ പര്‍ദ ധരിക്കുക) ആയത്തിന്റെ അവതരണത്തിനുശേഷം സ്ത്രീകള്‍ പള്ളിയില്‍ പങ്കെടുക്കല്‍ ഹറാമാക്കപ്പെട്ടിരിക്കുന്നുവെന് നാണ് നിലവിലുള്ള ഒരു അഭിപ്രായം. വിശുദ്ധ ഖുര്‍ആനും ലഭ്യമായ ഹദീസുകളും മനസ്സിലാക്കി തദടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ ഉദ്ധരണികളാണ് മുകളില്‍ കണ്ടത്. അങ്ങനെ ഒരു വിധി ഹിജാബിന്റെ ആയത്തുകളില്‍ ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണല് ലോ ആ അഭിപ്രായങ്ങള്‍ അവര്‍ രേഖപ്പെടുത്തിയതില്‍ നിന്നു വ്യക്തമാകുന്നത്. എന്താണ് ഹിജാബിന്റെ ആയത്തില്‍ പറയുന്നത് എന്ന് മനസ്സിലാക്കുന്നത് ഉചിതമാണ്. അജ്ഞാനകാലത്ത് സ്ത്രീകള്‍ക്ക് ‘മറ’ വളരെ കുറവായിരുന്നു. ആ നില ഇസ്ലാമിന്റെ തുടക്കത്തിലും തുടര്‍ന്നു. പ്രവാചക പത്നിമാരും മറ്റു മുസ്ലിം സ്ത്രീകളും ഒരുപോലെയാണ് പുരുഷന്മാരോട് സംസാരിച്ചിരുന്നത്. ഇതില്‍ കൃത്യമായ മാനദണ്ഡം നിശ്ചയിച്ച് അല്ലാഹുവിന്റെ വചനമിറങ്ങി. ”നിങ്ങള്‍ അവരോട് (പ്രവാചക പത്നിമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍, നിങ്ങള്‍ അവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്.” (അഹ്സാബ്: 53)
സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കാലുകളില്‍ ആഭരണമണിഞ്ഞിട്ടുണ്ടെങ്കില് അത് കിലുക്കരുതെന്നും പ്രത്യേകം എടുത്തുപറഞ്ഞവരുടെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവരുടെ സൗന്ദര്യം പ്രകടിപ്പിക്കരുതെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനമിറങ്ങി. സൂറത്തു നൂറിലെ മുപ്പത്തൊന്നാം വചനത്തിലാണ് ഈ കാര്യങ്ങള്‍ പഠിപ്പിക്കുന്നത്. ”സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്, അവരുടെ ഭര്തൃപുത്രന്മാര്, അവരുടെ സഹോദരന്മാര്, അവരുടെ സഹോദര പുത്രന്മാര്, അവരുടെ സഹോദരീ പുത്രന്മാര്, അവരുമായി ബന്ധപ്പെട്ട സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗിക ആസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”
ഈ വിഷയകമായി മറ്റൊരു വചനവുമിറങ്ങി: ”നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടണമെന്ന് പറയുക. അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അഹ്സാബ്:59)
ഈ ആയത്തുകളാണ് ഹിജാബിന്റെ ആയത്തുകളായി അറിയപ്പെടുന്നത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി പോകാമെന്നും അങ്ങനെ പോകുമ്പോള്‍ വസ്ത്രധാരണ രീതി എന്തായിരിക്കണമെന്നുമാണ് ആയത്തിലെ പ്രതിപാദ്യം. സൂറത്തുന്നൂറിലെ വചനത്തില്‍ പറഞ്ഞതുപോലെയുള്ള കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ പര്‍ദ ആവശ്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങല്‍ നിഷിദ്ധമാണെങ്കില്‍ ഈ നിര്‍ദേശങ്ങളുടെ ആവശ്യം തന്നെ ഉദിക്കുന്നില്ല. പള്ളിയില്‍ പ്രവേശിക്കരുതെന്നോ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കരുതെന്നോ ഈ വചനങ്ങളില്‍ സൂചനപോലുമില്ല. പ്രവാചകന്റെ മരണാനന്തരം പ്രവാചക പത്നിമാര്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെ കാലത്തെന്നപോലെ ‘ഇഅ്തികാഫ്’ ഇരിക്കാറുണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ട ഹദീസുകളിലുണ്ട്. ജുമുഅയും ജമാഅത്തും നടന്നിരുന്ന മസ്ജിദുന്നബവിയിലാണ് പ്രവാചക പത്നിമാര്‍ ഇഅ്തികാഫ് ഇരുന്നിരുന്നത്. ഈ വിവരണത്തില്‍ നിന്നും സ്ത്രീകള്‍ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കല്‍ മതത്തില്‍ അനുവദനീയമാണെന്ന് സംശയാതീതമായി തെളിയുന്നു.