സേവനംകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ – സക്കീര്‍
ഹൃദ്യമായ പെരുമാറ്റവും നിറ പുഞ്ചിരിയുമായി സംഘാടന രംഗത്തും ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഓജസ്സുറ്റ സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോവൂര്‍ പുളിയുള്ള പറമ്പില്‍ മസ്കനില് സക്കീര്‍ കോവൂര്‍. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു. വര്‍ത്തമാനം ദിനപത്രം മുന്‍ ജീവനക്കാരനായിരുന്ന സക്കീര്‍, കോഴിക്കോട് കോയന്‍കോ ബസാറില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തിവരികയായിരുന്നു. പരേതനായ കുഞ്ഞായിന്‍ ഹാജിയാണ് പിതാവ്. മാതാവ്: മുല്ലവീട്ടില്‍ ആയിശക്കുട്ടി. ഭാര്യ: നിഷാ സക്കീര്‍. മക്കള്‍: അഫീഫുറഹ്മാന്, അബ്ദുല്‍അഹദ്, അസദ് ഇര്ഫാന്. സഹോദരങ്ങള്‍: ഫൈസല്‍ കോവൂര്‍, സക്കീന.
വ്യക്തിപരമായ കാര്യങ്ങള്‍ പിന്നേക്കുവെച്ച് സമൂഹത്തില്‍ അവശത പേറുന്നവരുടെ കണ്ണീരൊപ്പാന്‍ വിശ്രമമില്ലാതെ ഓടിനടന്ന സക്കീര്‍ അതിനിടെയാണ് സ്ട്രോക്ക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പി ആര് ഒ എന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് കാംപസില്‍ പ്രവര്‍ത്തിച്ചുവരുന്ന കെയര്‍ ഹോമിന്റെ സജീവ സംഘാടകനായിരുന്നു. കെയര്‍ഹോമിനു വേണ്ടി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ അദ്ദേഹത്തിന്റെ താല്പര്യത്തില് രൂപപ്പെടുത്തി ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നു. കെയര്‍ ഹോം ജനകീയമാക്കുകയും സ്വയം പര്യാപ്തമാക്കുകയും ലക്ഷ്യമിട്ടു നടത്തിയ ചില സിറ്റിംഗുകളുടെയും മറ്റും ചെലവ് അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നാണെടുത്തതെന്ന് പിന്നീടാണറിയുന്നത്.
മെഡിക്കല്‍ കോളജിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക ദിവസങ്ങളും തുടങ്ങിയിരുന്നത്. കുടുംബത്തിലും അതിനപ്പുറവും ഉറച്ച പിന്തുണ നല്കിയ ഭാര്യ നിഷയും വനിതാ വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്കി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ വലംകൈയായി ഉണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി നീക്കിവെച്ചതായിരുന്നു സക്കീര്‍ ഭായിയുടെ ജീവിതമെന്ന് പറയുമ്പോള്‍ സുഹൃത്തുക്കളുടെ കണ്ണു നനയും. ആശുപത്രി വരാന്തയില്‍ ഇനി ഭക്ഷണപ്പൊതിക്കൊപ്പം സ്നേഹം നിറച്ച ചിരി തൂകി സക്കീര്‍ ഭായ് വരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ പലരും നെടുവീര്‍പ്പിട്ടു. ആരും സഹായിക്കാനില്ലാത്ത എയ്ഡ്സ് രോഗികളുടെയും അവശത പേറുന്ന കാന്‍സര്‍, കിഡ്നി രോഗികളുടെയും ആശ്രയമായിരുന്നു ഇദ്ദേഹം. കോഴിക്കോട് കോര്‍പ്പറേഷന്റെ കിഡ്നി രോഗികള്‍ക്കുള്ള സ്നേഹസ്പര്‍ശം പദ്ധതിയിലും സജീവ സാന്നിദ്ധ്യം. പാവപ്പെട്ടവര്‍ക്കുവേണ്ടി ഏതു നേരത്തും ഓടിയെത്തിയതുകൊണ്ടുതന്നെയാകണം തങ്ങളുടെ സക്കീര്‍ ഭായിയുടെ മരണ വിവരമറിഞ്ഞ് ആയിരങ്ങള്‍ കോവൂരിലെ വീട്ടുമുറ്റത്ത് തടിച്ചുകൂടിയത്. അവശത പേറുന്നവര്‍ക്കു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ സ്വന്തത്തിനു വേണ്ടി ജീവിക്കാന്‍ മറന്നുപോയെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
ആരോഗ്യ പ്രചാരണ രംഗത്തു നിറഞ്ഞു നിന്ന അദ്ദേഹം നൂറിലേറെ ആരോഗ്യ ബോധവത്കരണ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹെല്പിങ് ഹാന്റ്സിനു കീഴിലുള്ള കിഡ്നി ബോധവത്കരണ പരിചരണ പദ്ധതിയായ കീയുടെ ജീവ നാഡിയുമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പടുവോളം സക്കീര്‍ ഭായ്. കോഴിക്കോട് മൊയ്തീന്‍പള്ളി സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍, കെഎന്‍എം (മര്‍കസുദ്ദഅ്വ) സിറ്റി നോര്‍ത്ത് മണ്ഡലം സെക്രട്ടറി, തണല്‍, സ്നേഹസ്പര്‍ശം തുടങ്ങിയ വിവിധ സാമൂഹിക, സന്നദ്ധ സംഘടനകളില്‍ അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞുകിടപ്പുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് കോവൂര്‍ ടൗണ്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് എത്തിയത്. പള്ളിയില്‍ ഉള്‍ക്കൊള്ളാനാകാതെ പുറത്ത് റോഡില്‍ നിന്നാണ് നിരവിധി പേര് നമസ്കാരം നിര്‍വഹിച്ചത്. തിരക്കു കാരണം പലര്‍ക്കും ഒരു നോക്കു കാണാനായില്ല. കണ്ടവര്‍ പലരും വിതുമ്പലടക്കാന്‍ പാടുപെടുകയായിരുന്നു. വിവിധ മതസ്ഥരായ നറു കണക്കിന് സ്ത്രീകളാണ്, തങ്ങള്‍ക്കു വേണ്ടി രാപ്പകല്‍ ഭേദമില്ലാതെ ഓടിയ സക്കീര്‍ ഭായിയെ ഒരുനോക്കു കൂടി കാണാന്‍ വീട്ടിലെത്തിയത്.
കിഡ്നി ടെസ്റ്റിംഗ് സ്ക്രീനോടുകൂടിയ മൊബൈല്‍ വാന്‍ ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാക്കിയ ശേഷമാണദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പദ്ധതി ഉദ്ഘാടനം സമയത്തിനു തന്നെ നടക്കണമെന്നത് അദ്ദേഹത്തിന്റെ താല്പര്യമായിരുന്നതിനാല് ഞായറാഴ്ച (നവ. 10) കെയര്‍ഹോമില്‍ നടന്ന ചടങ്ങില്‍ നിത്യരോഗികള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു പദ്ധതി കൂടി യാഥാര്‍ഥ്യമായി. ഹെല്പിംഗ് ഹാന്റ്സ് കിഡ്നി ഏളി ഇവാല്വേഷന്‍ (കീ) പദ്ധതിക്കു വേണ്ടി ഡോ. കെ പി ഹുസൈന് ചാരിറ്റബ്ള്‍ ട്രസ്റ്റ് നല്കിയ വാന്‍ സമര്‍പ്പണത്തിന് പ്രചാരണ വിഭാഗം കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തെ, സേവനങ്ങളുടെ തണല്‍ ലഭിക്കുന്ന നിത്യതയുടെ ലോകത്തേക്കു പടച്ചവന് തിരിച്ചുവിളിച്ചത്.
ജീവിതം ബാക്കിവെക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്ന ആപ്തവാക്യം ഇദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. കാലം കാത്തുവച്ച ദിനങ്ങള്‍ സേവന വഴിയില്‍ ഓടിത്തീര്ത്തായിരുന്നു മടക്കം. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേര്‍പാട് വലിയ വേദനയാകുമ്പോഴും ദൗത്യം ഓടിക്കിതച്ച് പൂര്‍ത്തിയാക്കിയ സാര്‍ഥക ജീവതമായിരുന്നല്ലോ അദ്ദേഹത്തിന്റേതെന്നത് ആശ്വാസം നല്കുന്നു. ഓടിയെത്തിയ ആയിരങ്ങളുടെ ഘനീഭവിച്ച മുഖങ്ങള്‍ അദ്ദേഹത്തിനു വേണ്ടി മൗനമായി പ്രാര്ഥിക്കുകയായിരുന്നു. ആകാശത്തുള്ളവന്റെ കരുണാകടാക്ഷത്തിന് ആവോളം പാത്രമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
വി കെ ജാബിര്‍
