സെന്‍കുമാര്‍ തെളിക്കുന്ന സംഘപരിവാര്‍ ജ്യോതി – കെ സുനില്‍കുമാര്‍
കേരളത്തിന്റെ മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ സംഘപരിവാര്‍ വക്താവായി പ്രത്യക്ഷത്തില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കേരളമാകെ അയ്യപ്പ ജ്യോതി തെളിക്കുന്നതിന് നേതൃത്വം നല്‍കുന്നവരില്‍ പ്രമുഖനായ ഒരാള്‍ സെന്‍കുമാറായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലുമുണ്ട്. തനിക്ക് ‘വിവരം വെച്ചതു കൊണ്ടാണ്’ ഇപ്പോള്‍ ആര്‍ എസ് എസിന്റെ പോഷക സംഘടനയായ സേവാ ഭാരതിയിലെത്തിയതെന്നാണ് സെന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവകാശപ്പെട്ടത്. വിവരമുണ്ടാവുക എന്നതിനര്‍ത്ഥം സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയ പാഠങ്ങള്‍ പഠിക്കുക എന്നാണോ സെന്‍കുമാര്‍ ഉദ്ദേശിക്കുന്നത്?
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെ മുന്‍ സൈനിക ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും വിരമിച്ച ജഡ്ജിമാരും സംഘപരിവാര്‍ ക്യാംപുകളിലെത്തി നേതൃത്വ പദവികളും അധികാര സ്ഥാനങ്ങളും ഏറ്റെടുക്കുന്ന രീതി കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. നേരത്തെ തന്നെ വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും നേതൃസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളായും വിരമിച്ച ഉദ്യോഗസ്ഥരും മുന്‍ ജഡ്ജിമാരും രംഗത്തു വന്നിട്ടുണ്ട്. അവരുടെ കൂട്ടത്തിലാണ് സംസ്ഥാനത്തിന്റെ പൊലീസ് സംവിധാനത്തെ നിയന്ത്രിച്ചിരുന്ന ഒരാള്‍ കൂടി കടന്നുവരുന്നത്.
എന്നാല്‍ സെന്‍കുമാര്‍ സംഘപരിവാര്‍ വക്താവായി രംഗത്തുവരുന്നത് ഒട്ടും യാദൃച്ഛികമല്ല. തന്റെ ഔദ്യോഗിക ജീവിതത്തിലും വിരമിച്ച ശേഷം വ്യക്തമാക്കിയ നിലപാടുകളിലും നേരത്തെ തന്നെ ഈ രാഷ്ട്രീയം പ്രകടിപ്പിച്ചിരുന്നു. മാധ്യമം പത്രത്തിനും ഇന്ത്യാവിഷന്‍ ചാനലിനുമെതിരായ വ്യാജ ഇ മെയില്‍ കേസില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെന്ന ആരോപണം ശക്തമാണ്.
2017 ജൂലൈയില്‍ ഡി ജി പി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സമകാലിക മലയാളത്തിന് നല്‍കിയ വിവാദ അഭിമുഖത്തില്‍ തന്നെ തന്റെ ഹിന്ദുത്വ ആഭിമുഖ്യവും പര മതവിദ്വേഷവും വര്‍ഗീയതയും തുറന്നു പ്രകടിപ്പിച്ചിരുന്നു. ‘പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം.’ അഭിമുഖത്തില്‍ പറഞ്ഞു. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുന്നവര്‍ക്കെതിരെയല്ല, അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നായിരുന്നു ഈ മുന്‍ പൊലീസ് മേധാവിയുടെ വാദം. വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന സൂചന നല്കിയ അദ്ദേഹം തന്റെ രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു അഭിമുഖം. കടുത്ത വര്‍ഗീയ തീവ്രവാദികളെ പോലും ഞെട്ടിപ്പിക്കുന്ന അഭിപ്രായങ്ങളാണ് അതില്‍ രേഖപ്പെടുത്തിയത്
‘മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍ എസ് എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐ എസും ആര്‍ എസ് എസ്സുമായി യാതൊരു താരതമ്യവുമില്ല..’ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളും നടത്തുകയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്ന സംഘടനയെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആര്‍ എസ് എസിനെ ന്യായീകരിക്കുക മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമുദായത്തെ ആകെ ഐ എസു മായി കൂട്ടിക്കെട്ടുകയാണ് സെന്‍കുമാര്‍ ചെയ്തത്. കേരളത്തില്‍ മുസ്‌ലിം സമുദായം മുഴുവന് ഐ എസു കാരായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ആപത്ക്കരവും വിഷലിപ്തവുമായ പ്രസ്താവനയാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. ഇവിടെയും അവസാനിച്ചില്ല വര്‍ഗീയ വിഷപ്രവാഹം. ‘കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും’ എന്ന വിചിത്ര ചോദ്യം കൂടി ഉന്നയിച്ചു. ഗീബല്‍സിനെ വെല്ലുന്ന നുണയാണ് ആധികാരികമായ കണക്ക് എന്ന മട്ടില്‍ അവതരിപ്പിച്ചത്.
കേരളത്തിലെ മുസ്‌ലിം സമുദായം റാഡിക്കലൈസേഷന് വിധേയമായിക്കൊണ്ടിരിക്കുയാണെന് നും അത് തടയാന്‍ 512 പേരെ പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിച്ചിട്ടുണ്ട് എന്നുകൂടി അന്ന് വെളിപ്പെടുത്തിയിരുന്നു. എല്ലാത്തരം വര്‍ഗീയതയെയും ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന എം എന്‍ കാരശേരിയെപ്പോലും വര്‍ഗീയ വാദിയെന്നു ചാപ്പ കുത്താന്‍ സെന്‍കുമാര്‍ മടിച്ചില്ല.
കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ പ്രണയവും വിവാഹവും മത പരിവര്‍ത്തനവും നടക്കുന്നു എന്ന ആരോപണത്തെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഹൈക്കോടതി വിധിയിലൂടെ തള്ളിക്കളഞ്ഞുവെങ്കിലും ഇതേ സംഘപരിവാര്‍ വാദം ആവര്‍ത്തിക്കുകയാണ് ഈ മുന്‍ പൊലീസ് മേധാവി ചെയ്തത്. ‘ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.’ അങ്ങനെ കോടതി വിധി പാലിക്കേണ്ടിയിരുന്ന ഒരു പൊലീസ് ഓഫീസര്‍ തന്നെ നീതിന്യായ സംവിധാനത്തെ പോലും മാനിക്കാതെ വര്‍ഗീയ പ്രചാരകന്റെ വേഷം അണിയുകയായിരുന്നു.
രാജ്യത്തെ പൊലീസ് സേനയിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തീവ്ര വര്‍ഗീയവല്‍ക്കരണത്തിന്റെ ലക്ഷണമായി കൂടി സെന്‍കുമാറിന്റെ കാവി ധരിക്കലിനെയും കാണേണ്ടിവരും. ഇന്ത്യന്‍ പൊലീസ് സേനയുടെ തുടക്കം മുതല്‍ തന്നെ വര്‍ഗീയമായ പശ്ചാത്തലമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ പൊലീസ് സേനയും മേധാവികളും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരെ സവര്‍ണ ഹിന്ദുത്വ കലാപകാരികളുടെ പക്ഷം ചേര്‍ന്നതായി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ പി എ സി എന്ന പൊലീസ് സേനാ വിഭാഗം നിരവധി കലാപങ്ങളില്‍ നേരിട്ട് പങ്കെടുത്തതിനെ സുപ്രീം കോടതി തന്നെ വിമര്‍ശിച്ചിരുന്നു. 2002ല്‍ നരേന്ദ്ര മോദിയുടെ കാലത്ത് ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യകള്‍ക്ക് ഭരണകൂടത്തിന്റെയും പൊലീസില്‍ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍മാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളികളായിരുന്ന ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു. ഈ സംഭവത്തില്‍ ആരോപണ വിധേയനായിരുന്ന ആളാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസ് മേധാവി എന്നതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
എങ്കില്‍ പോലും കേരളത്തിലെ പൊലീസ് സേന ഇത്തരം വര്‍ഗീയ ആരോപണങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തമായിരുന്നു. 25 വര്‍ഷം മുമ്പ് പാലക്കാട് പുതുപ്പള്ളി തെരുവില്‍ സിറാജുന്നിസ എന്ന 11 വയസുകാരിയെ പൊലീസ് വെടിവെച്ച് കൊന്നപ്പോളാണ് കേരളത്തിലെ പൊലീസ് സേനയെക്കുറിച്ച് സമാനമായ വിമര്‍ശം ഉയര്‍ന്നത്. അന്ന് ഈ വെടിവെപ്പിന് വയര്‍ലെസ് സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തുവെന്ന ആരോപിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ ഇടതുപക്ഷ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവാണ്. അങ്ങനെ സെന്‍കുമാറും ലോക്‌നാഥ് ബെഹറയും രമണ്‍ ശ്രീവാസ്തവയും നേതൃ സ്ഥാനത്തും ഉപദേഷ്ടാവ് സ്ഥാനത്തുമുള്ള ഒരു പൊലീസ് സേനാ വിഭാഗമാണ് കേരളത്തിലേത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലത്തേക്ക് മാറിനിന്ന സെന്‍കുമാര്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകളുടെ നിയമവിരുദ്ധവും സ്ത്രീവിരുദ്ധവുമായ സമരങ്ങള്‍ ശക്തിപ്രാപിക്കുമ്പോഴാണ് വീണ്ടും അവരുടെ ഉറച്ച വക്താവായി രംഗത്തുവന്നിരിക്കുന്നത്. സുപ്രീം കോടതി വിധിക്കും നിയമവാഴ്ച്ചക്കും എതിരെയാണ് ഈ സമരമെന്നും കൂട്ടിവായിക്കേണ്ടതുണ്ട്. കേരളീയ സമൂഹത്തില്‍ ഹിന്ദുത്വ വര്‍ഗീയ വാദവും മുസ്‌ലിം വിരുദ്ധതയും ആഴത്തില്‍ വളരുകയാണെന്ന് വ്യക്തമാണ്.
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ കേരളത്തിലെ പൊലീസ് സേനയും വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു വെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് കാക്കിയില്‍ നിന്ന് കാവി രാഷ്ട്രീയത്തിന്റെ കാവി ട്രൗസറിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം . എല്ലാ മത സാമുദായിക വിഭാഗങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തേണ്ട, നിയമവാഴ്ച്ച നിലനിര്‍ത്താന്‍ ചുമതലപ്പെട്ട ഒരാളാണ് സംസ്ഥാന പൊലീസ് മേധാവി. ആ പദവി അലങ്കരിച്ചിരുന്ന ഒരാള്‍ വിരമിച്ച ഉടന്‍ പരസ്യമായി വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കൂട്ടത്തിന്റെ വക്താവായി മാറുന്നത് നമ്മുടെ പൊലീസ് സംവിധാനത്തിന്റെ മത നിരപേക്ഷതയെയും സംശയത്തിലാക്കുന്നുണ്ട്. ഇത്തരത്തില്‍ എത്ര സെന്‍കുമാര്‍മാര്‍ നമ്മുടെ പൊലീസ് സേനയിലും ഭരണ സംവിധാനത്തിലും നിലവില്‍ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് പ്രശ്‌നം. അവരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിയമ നിര്‍വഹണം എത്രമാത്രം നീതിയുക്തമാകും എന്ന ചോദ്യവും സ്വാഭാവികമാണ്.
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് അട്ടിമറിക്കാന്‍ പൊലീസ് തന്നെ സംഘപരിവാറുമായി ഗൂഢാലോചന നടത്തുന്നുവെന്ന വിമര്‍ശനം ഉയരുമ്പോഴാണ് സെന്‍കുമാറിനെപ്പോലെ ഒരാള്‍ സംഘപരിവാറിന്റെ പരസ്യ വക്താവായി അവതരിക്കുന്നത്. (കടപ്പാട്)