18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

സുഡാനില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്തെ നിയമം റദ്ദാക്കി;ബഷീറിന്റെ പാര്‍ട്ടി പിരിച്ചുവിട്ടു


സുഡാനില്‍ മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീറിന്റെ കാലത്ത് നിലനിന്നിരുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ താല്‍ക്കാലിക ഭരണകൂടത്തിന്റെ അംഗീകാരം. അതോടൊപ്പം ബഷീറിന്റെ രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനുമതി നല്‍കി. ബഷീറിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആവശ്യമായിരുന്നു ഇത്.സുഡാന്‍ പരമാധികാര കൗണ്‍സിലും മന്ത്രിസഭയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തിയ നിയമമാണ് എടുത്തുകളഞ്ഞത്. 30 വര്‍ഷം ഭരിച്ച ബഷീറിനെ കഴിഞ്ഞ ഏപ്രിലില്‍ പുറത്താക്കിയശേഷം സൈനിക, സിവിലിയന്‍ അംഗങ്ങള്‍ ചേര്‍ന്ന കൗണ്‍സിലാണ് സുഡാന്‍ ഭരിക്കുന്നത്. സിവിലിയന്‍ കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെ നയിക്കുന്നത് പ്രധാനമന്ത്രി അബ്ദുല്ല ഹംദക് ആണ്. സുഡാന്‍ ജനതയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് നിയമം റദ്ദാക്കിയതെന്നും പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.എന്നാല്‍ പുതിയ ഭരണസമിതിയെ നിയമവിരുദ്ധമായി കാണുന്ന ബഷീറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്തു. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതെന്നും ആരോപണമുയര്‍ന്നു. പ്രതിസന്ധി തടയാന്‍ സര്‍ക്കാറിനു മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും പാര്‍ട്ടിഅംഗങ്ങള്‍ കുറ്റപ്പെടുത്തി. 10 വര്‍ഷത്തേക്ക്;തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പാര്‍ട്ടിക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രക്ഷോഭകരും ട്രാന്‍സിഷനല്‍ സൈനിക കൗണ്‍സിലും തമ്മില്‍ അധികാരം പങ്കുവെക്കാന്‍ കരാറിലെത്തിയത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x