സുഊദിയില്‍നിന്ന് ആദ്യ വനിതാ അംബാസഡര്‍
ചരിത്രത്തിലാദ്യമായി ഒരു വനിതയെ തങ്ങളുടെ അംബാസഡറാക്കിക്കൊണ്ടാണ് സൗദി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ ആലു സുഉദിനാണ് ചരിത്ര നിയോഗം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്റെ പുത്രനായ ഖാലിദ് ബിന്‍ സല്‍മാനാണ് ഇപ്പോഴത്തെ യു എസ് അംബാസഡര്‍. അദ്ദേഹത്തെ പ്രതിരോധ വകുപ്പിലെ സഹ മന്ത്രിയായി നിയമിച്ച ഒഴിവിലാണ് രാജകുടുംബാംഗമായ റീമയെ അംബാസഡറായി നിയമിച്ചിരിക്കുന്നത്. റീമയുടെ പിതാവ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ 20 വര്‍ഷത്തോളം സൗദിയുടെ യു എസ് അംബാസഡറായി ചുമതല വഹിച്ചയാളാണ്. രാജ്യത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ ഒരു പദവിയാണ് അമേരിക്കന്‍ അംബാസഡര്‍. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍. അമേരിക്കന്‍ പൗരത്വമുള്ളയാളും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ മുഹമ്മദ് ഖശോഗിയുടെ വധത്തെത്തുടര്‍ന്ന് അമേരിക്കന്‍ അംബാസഡര്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതുവഴി അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധങ്ങള്‍ക്കും ചില ഉലച്ചിലുകള്‍ പറ്റിയിരുന്നു. അവ പരിഹരിക്കുക, സൗദിക്ക് ഏറ്റ പ്രതിച്ഛായ ഭംഗത്തിന്റെ ആഘാതം കുറക്കുക ഇവയൊക്കെയാകും നിയുക്ത അംബാസഡറിന്റെ പ്രാഥമികമായ ഉത്തരവാദിത്വങ്ങള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മാനുഷിക, സേവന പ്രവര്‍ത്തനങ്ങളില്‍ നിരതയായിട്ടുള്ള റീമ വിദ്യാഭ്യാസം നേടിയതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയായിരുന്നു. സ്ത്രീകളുമായും അവരുടെ സാമൂഹിക പദവികളുമായി ബന്ധപ്പെട്ടും സൗദി പുലര്‍ത്തുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയായാണ് വനിതാ അംബാസഡരൂടെ നിയമനവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.