സീസണല്‍ മനുഷ്യസ്‌നേഹികള്‍ – ശരീഫ് കാക്കുഴി
അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ പലേടത്തും 24 മണിക്കൂറോളം വൈദ്യുതി മുടങ്ങിയതിന്റെ പിറ്റേന്ന് വായിച്ചതാണ്. കുറ്റാകൂരിരുട്ടില്‍ അപ്പാര്‍ട്‌മെന്റിന്റെ താഴെ എത്തിപ്പെട്ട ദമ്പതികള്‍ എങ്ങനെയോ കോണിപ്പടി കയറി മുകളിലെത്തി. ഒരു ഫഌറ്റിന്റെ വാതില്‍ തുറന്നു വെച്ചത് കണ്ടു. തൊട്ടടുത്താണ്. സാധാരണ ഒരു പരിചയവും കാണിക്കാത്ത അല്പം രോഗിയായ വൃദ്ധ അവരെ കണ്ടപ്പോള്‍ പറഞ്ഞു: നില്‍ക്കൂ മക്കളെ, ഞാന്‍ മെഴുകുതിരി തരാം. വേച്ചുവേച്ചു നടന്ന് അവര്‍ മെഴുകുതിരി തപ്പിയെടുത്തു കൊടുത്തു. ദമ്പതികള്‍ പറഞ്ഞ നന്ദിവാക്കുകള്‍ കേട്ട് വെറുതെ തലകുലുക്കി. പിറ്റേന്നു രാവിലെ വൈദ്യുതി പുനസ്ഥാപിച്ചു. ദമ്പതികള്‍ വൃദ്ധയായ അയല്‍ക്കാരിയെ മറന്നില്ല. ബൊക്കെയുമായി ആശംസ പറയാന്‍ പോയി. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി. രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി വൃദ്ധ ചോദിച്ചു, ആരാ? ദമ്പതികള്‍ ബൊക്കെ കൊടുത്ത് തലേന്ന് നടന്നത് മുഴുവന്‍ വിവരിക്കാന്‍ തുടങ്ങി. മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ, ഒന്ന് ചിരിക്കുക പോലും ചെയ്യാതെ പഴയ ലോഗ്യമില്ലാത്ത അയല്‍ക്കാരിയായി അവര്‍ വാതില്‍ അടച്ചു.
മൃതദേഹം പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാം. നമസ്‌ക്കാരം നിരത്തിലായാലും വേണ്ടില്ല. അമ്പലത്തില്‍ ആര്‍ക്കും കയറി ചളി കഴുകി വൃത്തിയാക്കാം. ശബരിമലയില്‍ വെള്ളം കയറിയിരുന്നെങ്കില്‍ സന്നിധാനത്ത് തന്നെ യുവതികള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. മഴ പോയി മാനം തെളിഞ്ഞാല്‍ പള്ളിയില്‍ എല്ലാവര്‍ക്കും കയറാന്‍ കഴിയില്ല അമ്പലത്തിലും. ഓണ സദ്യ കഴിച്ചു പോകരുതെന്നു മൗലവിമാര്‍ വീണ്ടും പ്രസംഗിക്കും. ശബരിമലയില്‍ കയറിയാല്‍ യുവതികള്‍ക്ക് വീണ്ടും ഭക്തരുടെ തല്ലു കിട്ടും. അതിജീവനത്തിനു വേണ്ടി മാത്രമുള്ള ഐക്യം പ്രാകൃതമാണ്. സമൂഹനിര്‍മ്മിതിക്ക് വേണ്ടിയുള്ള ഐക്യമാണ് ആധുനികം.