സിനിമാ താരം സൈറാ വസീം അഭിനയം നിര്‍ത്തുന്നു
ഇന്ത്യന്‍ സിനിമയിലെ മുഖ്യധാരാ നായികമാരില്‍ ഒരാളും മുസ്‌ലിം സമുദായാംഗവുമായ സൈറാ വസീം സിനിമാഭിനയം നിര്‍ത്തുന്നെന്ന വാര്‍ത്തയാണ് ഇന്ത്യന്‍ പത്രങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ ഒന്ന്. അഭിനയം നിര്‍ത്താന്‍ സൈറ പറഞ്ഞ കാരണമാണ് മുസ്‌ലിം മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായി തോന്നിയത്. താന്‍ ഇപ്പോള്‍ മത വിശ്വാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നും അത് സിനിമാഭിനയം നിര്‍ത്താന്‍ തന്നെ പ്രേരിപ്പിക്കുന്നെന്നുമാണ് സൈറ തന്റെ സാമൂഹിക മാധ്യമ കുറിപ്പില്‍ വ്യക്തമാക്കിയത്. സിനിമ തന്റെ മത വിശ്വാസത്തിന് വിഘാതമാവുന്നുവെന്നും അതിനാല്‍ അഭിനയത്തോട് വിടപറയുകയാണെന്നുമാണ് സൈറ വസീം എഴുതിയത്. സൈറയുടെ തീരുമാനത്തെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഫേസ് ബുക്കിലെ മതാഭിനിവേശക്കാര്‍ സൈറക്ക് പിന്തുണയുമായി ആഘോഷിക്കുന്നുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങള്‍ കൂടി ഈ കുറിപ്പ് വ്യക്തമാക്കുന്നെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ലോകത്ത് മതമൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സിനിമ പോലെയുള്ള ജനകീയ മാധ്യമങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ വര്‍ധിച്ച് വരുമ്പോഴും സൈറയെപ്പോലെയുള്ള ഒരു മികച്ച അഭിനേത്രിക്ക് എന്ത്‌കൊണ്ടാണ് അതിനുള്ള സാഹചര്യം ലഭിക്കാത്തതെന്നാണ് ചിലര്‍ ആരായുന്നത്. സിനിമയെന്ന മാധ്യമത്തിന്റെ അഭിനയേതര മേഖലകളിലും അതിന്റെ നിര്‍മാണ, സംവിധാന മേഖലകളിലും മൂല്യ ബോധങ്ങളുള്ള ആളുകള്‍ വര്‍ധിക്കുന്നത് ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സൈറ എന്ന വ്യക്തി സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും അതിനെ പിന്തുണക്കണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.