23 Monday
December 2024
2024 December 23
1446 Joumada II 21

സാമൂഹിക പ്രതിബദ്ധത തൊഴില്‍ തുറകളില്‍ – ഡോ. സലീം ചെര്‍പ്പുളശ്ശേരി

സമൂഹത്തിന്റെ ഏത് തുറകളില്‍ ഇടപെടുന്ന വ്യക്തിയിലും ഉണ്ടായിരിക്കേണ്ട അനിവാര്യ ധാര്‍മികമൂല്യങ്ങളില്‍ സുപ്രധാനമാണ് പ്രതിബദ്ധത എന്നത്. വ്യക്തികള്‍ ചേര്‍ന്നുണ്ടാകുന്ന സമൂഹത്തോടു മാത്രമല്ല, പരിസ്ഥിതിയോടും പ്രകൃതിയോടും ഇതര ജീവികളോടുമെല്ലാം അവന് ബാധ്യതകളുണ്ട്. ഭൗതിക പ്രമത്തതയുടെ ആകര്‍ഷണീയതകളില്‍ വഞ്ചിതരായി ആസ്വാദ്യതകളോടുള്ള അത്യാര്‍ത്തി മനസ്സിനെ കീഴടക്കുമ്പോള്‍ ഈ ബാധ്യതകള്‍ അവനില്‍ വിസ്മൃതമാകുന്നു. അപരന് എന്തായാലെനിക്കെന്ത് എന്ന ചിന്ത വളര്‍ന്നുവരുന്നത് ഗുരുതരമായ സാമൂഹ്യവിപത്താണ്.
ബൗദ്ധികമായും സാംസ്‌കാരികമായും വൈജ്ഞാനികമായും താരതമ്യേന ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന വിഭാഗമായിട്ടാണ് പ്രഫഷണലുകളെ സമൂഹത്തില്‍ വിലയിരുത്താറുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന ബിരുദങ്ങള്‍/കരിയറുകള്‍ ഏതൊക്കെയെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. പ്രഫഷണല്‍ എന്ന് വിവക്ഷിക്കുമ്പോള്‍ മുഖ്യമായും മുന്നിലെത്തുക ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാണ്. ഐ എ എസും ഐ പി എസുമൊക്കെ താഴെ തട്ടിലുള്ളവര്‍ക്ക് അപ്രാപ്യവും അചിന്ത്യവുമായി ഗണിച്ചിരുന്ന കാലത്ത് ഈ രണ്ടു വിഭാഗങ്ങളായിരുന്നു ഉന്നതസ്ഥാനീയര്‍. ഇന്ന് ആ പരിഗണനയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി, ഡെന്റല്‍, വെറ്ററിനറി തുടങ്ങിയവയെല്ലാം ബിരുദ കോഴ്‌സുകളായി. ബിരുദമെടുത്ത് ചികിത്സിക്കുന്നവര്‍ ഡോക്ടര്‍മാരായി. അഗ്രികള്‍ച്ചര്‍, പ്രഫഷണല്‍ കോഴ്‌സായി. എന്‍ജിനീയറിംഗിന്റെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും നിരവധിയാണ്. മാന്യമായ ഉദ്യോഗങ്ങളില്‍ ബാങ്ക്‌ജോലിയും വക്കീല്‍പണിയും കോളെജ്/സ്‌കൂള്‍ അധ്യാപനവും തുടങ്ങി മിക്ക സര്‍ക്കാര്‍ ജോലിയും ഉള്‍പ്പെടുന്നുണ്ട്. സാമൂഹ്യജീവിതക്രമങ്ങളും വൈജ്ഞാനിക മേഖലകളും പുരോഗതി പ്രാപിക്കുന്നതനുസരിച്ച് ഈ വൃത്തം ഇനിയും വികസിച്ചുകൊണ്ടിരിക്കും. ഐ ടി മേഖല അത്തരത്തില്‍ മുളപൊട്ടി വളര്‍ച്ച പ്രാപിച്ച വിഭാഗമാണ്.
ഈ രംഗങ്ങളിലെല്ലാം തന്നെ വിദ്യനേടി ജനസേവകനായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതിന്/എത്തിക്കുന്നതിന് സ്വന്തത്തേക്കാളേറെ രാഷ്ട്രത്തിന് വലിയ ചെലവുണ്ട്. സമീപകാലത്ത് സാര്‍വത്രികമായ സ്വാശ്രയമേഖലയെ മാറ്റിനിര്‍ത്തിയാല്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ രാഷ്ട്രം ഓരോ പഠിതാവിനുമായി ചെലവിടുന്നതത്രയും ജനങ്ങളുടെ സമ്പത്തിന്റെ ഓഹരിയാണ്. സമൂഹത്തോടുള്ള ഒരു ഉദ്യോഗസ്ഥന്റെ കടപ്പാട് ഇവിടെ തുടങ്ങുന്നു. ജൃീളലശൈീിമഹ ഋറൗരമശേീി എന്നൊന്ന് യഥാര്‍ഥത്തില്‍ ഉണ്ടോ? പ്രഫഷണല്‍/നോണ്‍ പ്രഫഷണല്‍ എന്ന വിഭജനത്തില്‍ ഏതൊക്കെ പെടും, പെടില്ല? സാര്‍വത്രികമായി ഈ വേര്‍തിരിവ് ഉണ്ടായത് എന്ന് മുതലാണ്? കൃത്യമായി ഇതിന്നൊരു മാനദണ്ഡം നല്‍കുക പ്രയാസമായിരിക്കും.
വ്യാവസായിക വിപ്ലവത്തിനു ശേഷമാണ് ഇത്തരം ഒരു വേര്‍തിരിവ് രൂപപ്പെട്ടതെന്നാണ് ചരിത്രനിരീക്ഷണത്തില്‍ നിന്നും മനസ്സിലാവുക. ജോലിക്കുവേണ്ടി വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടോ ചിന്തയോ ഇതിനു മുമ്പുണ്ടായിരുന്നില്ല. വിവിധ ട്രേഡുകളില്‍ പരിജ്ഞാനമുള്ള ആളുകളുടെ അധികരിച്ച ആവശ്യം പുതിയ സമീപനം സൃഷ്ടിച്ചു. വിഷയങ്ങളോടും തിരഞ്ഞെടുക്കേണ്ട ജീവിതോപാധിയോടുമുണ്ടായിരുന്ന വൈയക്തിക താല്പര്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു. ഖീയ ഛൃശലിലേറ ഠൃമറലകള്‍ക്ക് വമ്പിച്ച ഡിമാന്റ് വന്നതോടെ ഇഷ്ടങ്ങളും അഭിരുചികളും മാറ്റിവെച്ച് കൂടുതല്‍ ഡിമാന്റുള്ള മേഖലകളിലേക്ക് തള്ളിയിടപ്പെടാനും മനസ്സില്ലാമനസ്സോടെ അവ സ്വീകരിക്കാനും വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായി. പൊങ്ങച്ചക്കാരായ ചില ധനാഢ്യരില്‍ കാണുന്ന ഈ പ്രവണത വ്യക്തിയിലും സമൂഹത്തിലും വിപരീത ഫലങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. പഠന വേളയിലും പഠനാനന്തരവും ഒരുതരം നിസ്സംഗത അത്തരം വിദ്യാര്‍ഥികളില്‍ ദര്‍ശിക്കാനാവും.
സോഷ്യല്‍ കമ്മിറ്റ്‌മെന്റ് നഷ്ടമാകുന്ന പശ്ചാത്തലങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇക്കാര്യങ്ങല്‍ വിസ്മരിച്ചുകൂടാ. കഴിഞ്ഞ നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത്തുണ്ടായ കുതിച്ചുചാട്ടം പഠനം കഴിഞ്ഞിറങ്ങുന്നവരിലുണ്ടാക്കിയ മാനസിക മാറ്റം നിരീക്ഷിക്കേണ്ടതുണ്ട്. തന്റെ പ്രവര്‍ത്തനമേഖലകള്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുത്ത് സമൂഹത്തിന് മുന്നിലെത്തുന്നവര്‍ക്ക് മാനുഷികമൂല്യങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും പരിഗണനയും എന്താണെന്നുപോലും തിരിച്ചറിയാതിരുന്ന അന്നത്തെ പാമര സമൂഹത്തിന്, അത് ലഭിച്ചിരുന്നു എന്നതാണ് വസ്തുത.
ഇന്ന് രംഗം ആകെ മാറിയിരിക്കുന്നു. പെട്ടെന്നുണ്ടായ ഡിമാന്റുകള്‍ക്കനുസരിച്ച് പഠിതാക്കള്‍ രൂപകല്പന (ങീൗഹറ) ചെയ്യപ്പെട്ടപ്പോള്‍ ചോര്‍ന്നുപോയത് മാനുഷിക മൂല്യങ്ങളാണ്. ഭോഗാസക്തിയും ആഡംബരഭ്രമവും സുഖലോലുപതയോടുള്ള അഭിവാഞ്ജയുമൊക്കെയാണ് ഇത്തരം മനോഭാവം സൃഷ്ടിക്കുന്നത്. മറ്റൊരുത്തന് ഉപദ്രവങ്ങളേല്പിക്കാന്‍ പണത്തിന് കരാറെടുക്കുന്ന ക്വട്ടേഷന്‍കാരനും, പണം മാത്രം മോഹിച്ച് കുത്തകക്കാരുടെയും സ്ഥാപിത താല്പര്യക്കാരുടെയും ഇംഗിതങ്ങള്‍ക്കനുസരിച്ച് ബിസിനസ് പങ്കാളികളും കോണ്‍ട്രാക്ടര്‍മാരുമായി സമൂഹത്തെ ദ്രോഹിക്കുന്ന പ്രൊഫഷണലുകളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ആര്‍ക്കൊക്കെയോ പണമുണ്ടാക്കിക്കൊടുത്ത് അതിന്റെ ഓഹരി പറ്റുന്ന യന്ത്രങ്ങളായി പല പ്രൊഫഷണലുകളും മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യനോ പരിസ്ഥിതിക്കോ എന്തെല്ലാം പോറലുകളുണ്ടായാലും പണമിറക്കി പരമാവധി പണം കൊയ്യുക എന്ന സാമ്പത്തിക സൂത്രവാക്യമാണ് ഇത്തരം സാമൂഹ്യദ്രോഹികളെ നയിച്ചുകൊണ്ടിരിക്കുന്നത്.
ബിരുദ സാക്ഷ്യപത്രം കയ്യില്‍പിടിച്ച് സുപ്രധാനമായ പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഓരോ പ്രൊഫഷണലും തന്റെ പാഠശാലയില്‍ നിന്ന് പുറത്തിറങ്ങുന്നത്. സാമൂഹ്യപ്രതിബദ്ധ, എല്ലാ വിഭാഗത്തിന്റെയും പ്രതിജ്ഞയുടെ മുഖ്യാംശമാണ്. മനസ്സാക്ഷിക്കു മറയിടപ്പെടുന്നതോടെ പ്രതിജ്ഞയും മറമാടപ്പെടുന്നു.
മാന്യവും ഹിതവുമായ പ്രതിഫലം മാത്രം സ്വീകരിച്ച് തന്റെ സേവനം നല്‍കുന്ന എത്ര എന്‍ജിനീയര്‍മാരുണ്ടാകും? സര്‍ക്കാര്‍ മേഖലയിലുള്ള സാങ്കേതിക വിദഗ്ധരും കരാറുകാരും കൈകോര്‍ത്തുപിടിച്ച ഖജനാവില്‍നിന്നും തട്ടിയെടുക്കുന്ന പൊതുമുതലിന്റെ കണക്കെത്രയാണ്? പലവിധ സ്വാധീനങ്ങള്‍ക്കും വശംവദരായി അരുതായ്മകള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന പ്രൊഫഷണലുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
കോടതി വ്യവഹാരരംഗം അതിലേറെ ആശങ്കാജനകമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഇടക്കാലത്തുണ്ടായ ചില കോടതി നടപടികളുടെയും വിധി പ്രസ്താവനകളുടെയും പുറകെവന്ന പിന്നാമ്പുറ കഥകള്‍ ചൂണ്ടിക്കാണിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നു. അവകാശ സംരക്ഷണത്തിന്റെ അവസാനഭൗതികാവലംബമായ നീതിപീഠത്തെക്കുറിച്ചുള്ള മതിപ്പിനും വിശ്വാസ്യതയ്ക്കും മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഗുരുതരമായ അവസ്ഥാ വിശേഷത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക. ഇങ്ങേയറ്റത്തുള്ള വക്കീല്‍ ഗുമസ്തന്‍ മുതല്‍ ഉന്നതസ്ഥാനീയരായ ജഡ്ജിമാര്‍ വരെ നീതിപീഠത്തിന്റെ പരിശുദ്ധി പരിരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷേ, ജഡ്ജിമാരും വക്കീല്‍മാരുമൊക്കെ വിപണിയിലെ വില്പന വസ്തുക്കളായി മാറുന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് നിമിത്തമാകുമെന്നത് തീര്‍ച്ചയാണ്.
വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത ആവശ്യങ്ങളാണ് സമൂഹത്തിനുള്ളത്. പക്ഷേ, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അവര്‍ക്ക് പല സന്ദര്‍ഭങ്ങളിലും നിഷേധിക്കപ്പെടുന്നു. ലഭിക്കേണ്ട ആനുകൂല്യങ്ങളും സേവനങ്ങളും അകാരണമായി വൈകിപ്പിക്കുന്നത് പല ഉദ്യോഗസ്ഥര്‍ക്കും ഹോബിയാണ്. കാര്യസാധ്യത്തിനായി അനാവശ്യ നിബന്ധനകള്‍ വെക്കുന്നതും അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും അര്‍ഹതയുള്ളവര്‍ പുറന്തള്ളപ്പെടുന്നതുമൊക്കെ നിത്യസംഭവങ്ങളാണ്. എണ്‍പത് ശതമാനം വരുന്ന ഗുണഭോക്താക്കളെ പാടെ വിസ്മരിച്ച് ഇരുപത് ശതമാനം വരുന്ന ഇടയാളുകളും ഉദ്യോഗസ്ഥരും ഇതെല്ലാം വീതംവെക്കുന്നു. സര്‍വകലാശാലകളിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം ഇല്ലാതായിരിക്കുന്നു.
ഇങ്ങനെ നീതിസംരക്ഷണമായാലും നിയമപാലനമായാലും വിവിധങ്ങളായ സേവനരംഗങ്ങളായും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ അഭാവം നിയമം കയ്യിലെടുത്തുള്ള വൈകാരിക പ്രതികരണങ്ങളിലേക്കും നിരാശയില്‍ നീറിപ്പുകയുന്ന മനസ്സുകളില്‍ തീവ്രചിന്തകള്‍ മുളപൊട്ടുന്നതിനും ഇടയാക്കുന്നു എന്ന വസ്തുതയും ഗൗരവപൂര്‍വം വിലയിരുത്തേണ്ടതുണ്ട്.
സാമൂഹ്യപ്രതിബദ്ധതയടക്കമുള്ള മൂല്യങ്ങളും മനുഷ്യാവകാശ ചിന്തകളും കടപ്പാടുകളും ഒരു സുപ്രഭാതത്തില്‍ കോളെജിന്റെ പടിയിറങ്ങുമ്പോള്‍ പെറുക്കിയെടുത്ത് കൊണ്ടുവരേണ്ട സാമഗ്രികളല്ല. വ്യക്തിത്വവികാസത്തിനും സ്വഭാവരൂപീകരണത്തിനും മൂല്യവത്ക്കരണത്തിനും അവസരമൊരുക്കുന്ന പാഠ്യപദ്ധതികളും പരിശീലനങ്ങളും ബാല്യകൗമാര പ്രായത്തില്‍ തന്നെ ലഭിക്കേണ്ടതുണ്ട്. ഉയര്‍ന്ന മാര്‍ക്കും മികച്ച ജോലിയുമെന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനപ്പുറം മറ്റെല്ലാം മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അതിനുവേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ച് അവശരായ മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ മക്കളുടെ ചിന്തയില്‍ വരുന്നില്ലെന്ന് പരിതപിച്ചിട്ടു കാര്യമില്ല. ഈ സങ്കീര്‍ണ സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെക്കുറിച്ചാണ് വിദഗ്ധര്‍ ചിന്തിക്കേണ്ടത്.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭൂതവര്‍ത്തമാനത്തിന്റെ ഏകദേശ സംക്ഷിപ്ത രേഖാചിത്രമാണ് നാം കണ്ടത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം മതധാര്‍മിക ശിക്ഷണങ്ങളും ലഭിക്കാന്‍ അവസരം ലഭിച്ചവരുടെ സാന്നിധ്യം സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതോടൊപ്പം കേവല മതവിശ്വാസികളായ പ്രൊഫഷണലുകളില്‍ നിന്ന് സമൂഹത്തിന് ലഭ്യമാകേണ്ട സേവനങ്ങള്‍ അപവാദ മുക്തമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുമുണ്ട്. മുമ്പ് സൂചിപ്പിച്ച കര്‍ത്തവ്യ നിരാസം പ്രകടമാക്കുന്ന ജീവനക്കാരിലും ഉദ്യോഗസ്ഥരിലും ഇസ്‌ലാമടക്കമുള്ള മതവിശ്വാസികളാണ് കൂടുതലും. അന്യായമായ ധനസമ്പാദനവും സ്വന്തം കര്‍ത്തവ്യങ്ങളോടുള്ള പരാങ്മുഖതയും പാപമാണെന്ന് അറിയാത്തവരല്ല അവര്‍. നികൃഷ്ടമായ കിടമത്സരങ്ങളിലൂടെ പരമാവധി സമ്പത്ത് നേടുകയും ദുരഭിമാനത്തോടെ ധൂര്‍ത്തടിക്കുകയും ചെയ്യുന്ന പൊങ്ങച്ച സംസ്‌കാരത്തില്‍ മയങ്ങി വീഴാത്തവര്‍ വിരളമാണ്. താന്‍ മാത്രം നല്ല സമരിയക്കാരനാകുന്നത് പോഴത്തമാണെന്ന ചിന്തയിലേക്ക് ആദര്‍ശവാദികള്‍പോലും നീങ്ങുന്നു. സര്‍വീസില്‍ പ്രവേശിച്ച കാലത്ത് നീതിനിഷ്ഠയോടെ പ്രവര്‍ത്തിക്കുകയും അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴേക്കും എല്ലാ അവിഹിതങ്ങളുടെയും വക്താവാകുകയും ചെയ്ത ഒരു ഓഫീസറെ ഓര്‍ക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ പൈശാചികതകള്‍ താണ്ഡവമാടുന്ന വേദിയില്‍ ഒരു യഥാര്‍ഥ ഇസ്‌ലാമിക ജനസേവകന്റെ റോള്‍ എന്താണ്? നാടോടുമ്പോള്‍ നടുവേ ഓടുന്നവനോ ഓടേണ്ടവനോ ആണോ ഒരു യഥാര്‍ഥ മുസ്‌ലിം?
സാമൂഹ്യ നിയമങ്ങള്‍ പഠിപ്പിച്ചു തുടങ്ങിയ ഇസ്‌ലാമിന്റെ ആദ്യകാലത്ത് പാമരന്‍മാരും വിദ്യാഹീനരുമായിരുന്ന വിശ്വാസികള്‍ പരസ്പരം പുലര്‍ത്തിയിരുന്ന പ്രതിബദ്ധതയും മാനസികബന്ധങ്ങളും അന്യാദൃശമാണ്. യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന മുഹാജിറുകളെ അന്‍സ്വാറുകള്‍ ഏറ്റെടുത്ത നീതിശാസ്ത്രം സാമൂഹ്യപാഠത്തിന്റെ ഏത് അളവുകോലുകള്‍ വെച്ചാണ് വിശദീകരിക്കാനാവുക. സാമ്പത്തികമായി അല്പമെങ്കിലും മെച്ചപ്പെട്ടവരായിരുന്ന അവരിലെ കച്ചവടക്കാര്‍ പുലര്‍ത്തിയ നീതിയും പ്രകടമാക്കിയ മാനവികതയും ധര്‍മബോധവും തന്നില്‍ പകര്‍ത്താന്‍ കടപ്പെട്ടവനാണ് ഒരു മുസ്‌ലിം കച്ചവടക്കാരന്‍. എടുത്തുകാണിക്കാനുള്ള എത്രയോ സംഭവങ്ങള്‍ ആ പ്രവാചകന്റെയും അനുചരന്മാരുടെയും ജീവചരിത്രങ്ങളില്‍ ഉല്ലേഖനം ചെയ്തു കിടക്കുന്നു. മര്‍ദനവും പീഢനവും അസഹ്യമായ സന്ദര്‍ഭത്തില്‍ ഹിജ്‌റക്കൊരുങ്ങിയ പ്രവാചകന്റെ ഇഷ്ടതോഴന്‍ അബൂബക്കര്‍(റ)വിനോട് അതേ നാട്ടുകാരാവശ്യപ്പെടുന്നത് ജനസേവകനായ താങ്കള്‍ ഞങ്ങളെ വിട്ടുപോകരുതെന്നാണ്.
ഭരണാധിപനായ മുഹമ്മദ് നബിയുടെ ജീവിതലാളിത്യവും നീതിനിര്‍വഹണവും പ്രജകളുടെ അവകാശ സംരക്ഷണവും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. വിസ്തൃതമായ സാമ്രാജ്യത്വത്തിന്റെ ഭരണാധിപനായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ നിയമപാലനത്തിന്റെയും ജനക്ഷേമതല്പരതയുടെയും നീതിനിര്‍വഹണത്തിന്റെയും മകുടോദാഹരണങ്ങള്‍ ഇതര മതചിന്തകന്മാരില്‍ പോലും വിസ്മയം സൃഷ്ടിക്കുന്നു.
ഒരു വിശ്വാസിയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് പ്രചോദനം ദൈവഭയവും പരലോകചിന്തയുമാണ്. സ്വഭാവ സംസ്‌കരണത്തിലൂടെ ജീവിതവിശുദ്ധി കൈവരിക്കാന്‍ പ്രവാചകന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത്, നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ എന്ന ആമുഖത്തോടെയാണ്. എന്നുവെച്ചാല്‍, വിശ്വാസിയാണെന്ന് അവകാശപ്പെടുന്നുവെങ്കില്‍, വിശ്വാസത്തോട് കൂറുപുലര്‍ത്തുന്നുവെങ്കില്‍ മതത്തിന്റെ നിയമനിര്‍ദേശങ്ങളായ ഇത്തരം കടമകളും കടപ്പാടുകളും ജീവിതത്തില്‍ പാലിക്കേണ്ടതാണ് എന്നര്‍ഥം. അല്ലാതെ നിങ്ങള്‍ വിശ്വാസിയാവുകയില്ല എന്നാണതിന്റെ മറുവശം.
ഏത് മേഖലയിലായാലും ഒരു മുസ്‌ലിം വ്യക്തിത്വം ഇതരരില്‍ നിന്ന് വ്യത്യസ്തമാണ്. അവന്‍ പ്രവാചകനെ മാതൃകയാക്കുന്നു. ആ പ്രവാചകനാകട്ടെ, എല്ലാ ഉത്കൃഷ്ട സ്വഭാവങ്ങളുടെയും മകുടോദാഹരണവുമാണ്. ഒരു മുസ്‌ലിം ഡോക്ടറില്‍നിന്ന്, മുസ്‌ലിം വക്കീലില്‍നിന്ന്, മുസ്‌ലിം വ്യാപാരിയില്‍ നിന്ന്, മുസ്‌ലിം ഉദ്യോഗസ്ഥനില്‍ നിന്ന്,മുസ്‌ലിം പൊതുപ്രവര്‍ത്തകനില്‍ നിന്ന് സമൂഹം ചിലത് പ്രതീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ മഹിത വ്യക്തിത്വങ്ങളെ വായിച്ചറിഞ്ഞവര്‍ക്ക് ആ മതാനുയായികളെക്കുറിച്ച് ചില സങ്കല്പങ്ങളുണ്ട്. ആ പ്രതീക്ഷകളും സങ്കല്പങ്ങളും യഥാവിധി ജീവിതത്തില്‍ പ്രകടമാക്കുന്നവര്‍ വിരളമാണെന്നുമാത്രം. ”ഒരു വിഭാഗത്തോടുള്ള വിരോധം അവരോട് നീതി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകാതിരിക്കട്ടെ” (വി.ഖു 5:8)
അല്ലാഹുവിന്റെ ആ ആഹ്വാനം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി, തന്റെ വിരോധമോ ശത്രുതയോ പകയോ തീര്‍ക്കാന്‍ ഒരിക്കലും തന്റെ പദവിയും സ്ഥാനവും ആര്‍ക്കെതിരെയും ഉപയോഗപ്പെടുത്തുകയില്ല. സ്വന്തം അനുചരനെതിരെ ശത്രുവായ ജൂതനനുകൂലമായി വിധിപ്രസ്താവം നടത്തുകയും ”എന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍പോലും ഇസ്‌ലാമിന്റെ ശിക്ഷ ഞാന്‍ നടപ്പാക്കു”മെന്ന് പരസ്യമായി പ്രഘോഷിക്കുകയും ചെയ്ത പ്രവാചകനെ മാതൃകയാക്കുന്ന ഒരു യഥാര്‍ഥ മുസ്‌ലിം എങ്ങനെ പക്ഷപാതിയാകും?
വിജ്ഞാനം ദൈവത്തിന്റെ വരദാനമാണെന്നും, ധനസമ്പാദനവും വിനിയോഗവും ദൈവസന്നിധിയില്‍ കണിശമായി പരിശോധിക്കപ്പെടുമെന്നുമുള്ള യാഥാര്‍ഥ്യ ബോധ്യത്താല്‍ മനസ്സാക്ഷിയെ ശക്തിപ്പെടുത്തിയവര്‍ ദൈവഹിതത്തിനപ്പുറം ഒരു പ്രലോഭനത്തിലും വീഴുകയില്ല. പക്ഷേ, അതൊരു കടുത്ത പരീക്ഷണം തന്നെയാണ്. സാമൂഹ്യ ജീവിതത്തിന്റെ സാമ്പ്രദായിക ഘടകങ്ങളായി മാറിയിട്ടുള്ള മ്ലേച്ഛതകളെ നേരിടേണ്ടിവരുമ്പോള്‍ ”ഞാനൊരു മുസ്‌ലിമാണ്. എന്റെ പ്രതിബദ്ധത ആത്യന്തികമായി എന്റെ റബ്ബിനോടാണ്” എന്ന ധീരമായ നിലപാടെടുക്കാന്‍ കഴിഞ്ഞാല്‍ ഈ പരീക്ഷണത്തില്‍ അവന് വിജയം വരിക്കാനാകും. അവരുടെ സ്വഭാവത്തെ അല്ലാഹു പ്രകീര്‍ത്തിക്കുന്നത് ഇപ്രകാരമാണ്: ”ഒരാക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല” (വി.ഖു 5:54)

Back to Top