15 Wednesday
January 2025
2025 January 15
1446 Rajab 15

സാന്ത്വനവീഥിയില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍

മാറാരോഗത്തിന്റെ തീരാവേദന അല്പമെങ്കിലും അറിയണമെങ്കില്‍, ദുരിതത്തിന്റെ ലോകത്തെക്കുറിച്ച് ബോധ്യമുണ്ടാകണമെങ്കില്‍ മെഡിക്കല്‍ കോളെജുകളിലെ വാര്‍ഡുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണം. ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തകരുടെ പതിവു സന്ദര്‍ശനത്തിനു കൂടെക്കൂടിയ പത്രപ്രവര്‍ത്തകന്റേതായിരുന്നു ഈ അഭിപ്രായം. സാമൂഹിക, പൊതു പ്രവര്‍ത്തനം എന്നു പറഞ്ഞ് കാട്ടിക്കൂട്ടുന്നതൊന്നുമല്ല മനുഷ്യസേവന പ്രവര്‍ത്തനങ്ങളെന്നു തോന്നിപ്പോയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ദരിദ്രരായ രോഗികളുടെ അവസാനത്തെ ആശ്രയം മെഡിക്കല്‍ കോളെജുകളാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തകളിലും ബെഡ്ഡിനു താഴെയും വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ രാപ്പകലുകള്‍ തള്ളിനീക്കുന്ന മാറാരോഗികളുടെ തീരാവേദന പറഞ്ഞറിയിക്കുക പ്രയാസമാണ്. ആരോഗ്യം മഹത്തായൊരനുഗ്രഹമാണെന്ന്, മെഡിക്കല്‍ കോളെജുകളുടെ വാര്‍ഡുകളില്‍ക്കിടക്കുന്നവരെ ഇടക്കിടെ കാണാനായാല്‍ നമുക്ക് ബോധ്യമാകും. അപകടങ്ങളില്‍ പെട്ട് നട്ടെല്ലു തകര്‍ന്ന് ജീവിതകാലം മുഴുവന്‍ കട്ടിലില്‍ തന്നെ അഭയം പ്രാപിച്ചവര്‍, ക്യാന്‍സര്‍ വേദന തിന്നു കഴിയുന്നവര്‍, കിഡ്‌നിക്കു രോഗം ബാധിച്ച് ശരീരം മുഴുക്കെ നീരു വന്നവര്‍, ഹൃദയതടസ്സം വന്ന് ശസ്ത്രക്രിയക്ക് കാത്തുകിടക്കുന്നവര്‍, ചെവിക്കും മൂക്കിനും പഴുപ്പ് ബാധിച്ച് ശ്വസിക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍, രക്തചംക്രമണം നിന്നുപോയതിനാല്‍ അവയവങ്ങള്‍ മുറിക്കാന്‍ വിധിക്കപ്പെട്ടവര്‍… ഇങ്ങനെ നിരവധിപേര്‍ പരാശ്രയരായങ്ങനെ…
ഈയൊരു പരിസരത്തിലാണ് കോഴിക്കോട് നഗരത്തിലെ കുറച്ചു ചെറുപ്പക്കാര്‍ വൈദ്യസഹായസംരംഭത്തെക്കുറിച്ചു ചിന്തിച്ചത്. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരുന്ന ഈ ചെറുപ്പക്കാരെത്തേടി മരുന്നുവാങ്ങാന്‍ കാശില്ലാതെ ചീട്ടുമായി ചിലരെത്തുമായിരുന്നു. പലരില്‍ നിന്നും പിരിവെടുത്തും മറ്റും മരുന്നുവാങ്ങാനുള്ള തുക പലപ്പോഴും ഇവര്‍ സംഘടിപ്പിച്ചുകൊടുത്തു. ക്രമേണ ചീട്ടുമായി വരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഇതവര്‍ക്ക് സംഘടിപ്പിക്കാന്‍ പറ്റാതായി.  അങ്ങനെയാണ് എയ്ഡ് സെന്ററിന് പ്രായോഗികരൂപം കൈവന്നത്. വലിയ വലിയ തത്തങ്ങള്‍ പ്രസംഗിച്ചു സമയം കളയാതെ, നിരാലംബരായ മനുഷ്യര്‍ക്ക് എന്തെങ്കിലും സഹായം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമായിരിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.
കോഴിക്കോട്ട് മര്‍കസുദ്ദഅ്‌വയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1994 നവംബര്‍ മാസത്തില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററും പ്രവര്‍ത്തനം തുടങ്ങി. മരുന്നു വിതരണത്തില്‍ മാത്രമായിരുന്നു തുടക്കത്തില്‍ സെന്റര്‍ ശ്രദ്ധിച്ചിരുന്നത്. മര്‍കസുദ്ദഅ്‌വയിലെ കേന്ദ്രത്തില്‍ വെച്ച് മരുന്നു വിതരണം ചെയ്തുതുടങ്ങിയപ്പോള്‍ തന്നെ ഇതിനു വല്ലാത്ത സ്വീകാര്യതയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മറ്റൊരു മരുന്നുവിതരണ കേന്ദ്രത്തിനു കൂടി തുടക്കം കുറിച്ചു.
ഡോക്ടര്‍മാരില്‍ നിന്നു കിട്ടുന്ന മരുന്നു സാമ്പിളുകള്‍ സംഘടിപ്പിച്ചാല്‍ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുമെന്നായിരുന്നു പദ്ധതി തുടങ്ങുന്നതിനു മുമ്പെ ഇതിനു പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍. പക്ഷേ, തുടങ്ങിക്കഴിഞ്ഞാണ് ആവശ്യക്കാരുടെ ഇരുപത്തഞ്ച് ശതമാനത്തെ പോലും തൃപ്തിപ്പെടുത്താന്‍ സാമ്പിളുകള്‍ കൊണ്ട് സാധിക്കില്ലെന്നു തിരിച്ചറിഞ്ഞത്. കാര്യമായ മുന്നൊരുക്കമില്ലാതിരുന്നതിനാല്‍ മരുന്നു സംഘടിപ്പിക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
കടകളിലും വീടുകളിലും പള്ളികളിലും സ്ഥാപിച്ച മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ മരുന്നു പെട്ടികളില്‍ നിക്ഷേപിക്കുന്ന, കാലാവധി കഴിയാത്ത മരുന്നുകള്‍ സംഘടിപ്പിച്ചപ്പോള്‍ അല്പം ആശ്വാസമായി. ഇപ്പോള്‍ മരുന്ന് വാങ്ങാന്‍ ഗതിയില്ലാത്ത ആയിരക്കണക്കിനാളുകളാണ് എയ്ഡ് സെന്റര്‍ പ്രവര്‍ത്തകരെ സമീപിക്കുന്നത്. ഇവരെയൊക്കെ തൃപ്തിപ്പെടുത്താന്‍ എയ്ഡ് സെന്ററിന് മറ്റു സഹായങ്ങള്‍ മാത്രമാണ് ആശ്രയം.
സെന്ററിന്റെ പ്രവര്‍ത്തനം മരുന്നുവിതരണത്തില്‍ ഒതുങ്ങിയില്ല. നിരാശ്രയരായ രോഗികളുടെ ആവശ്യങ്ങള്‍ വളരെയേറെയായിരുന്നു. നട്ടെല്ലു തകര്‍ന്ന് ജീവിതകാലം മുഴുവന്‍ കിടക്കയിലഭയം തേടേണ്ടവര്‍ക്ക് വേണ്ടത് വാട്ടര്‍ ബെഡ്. നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും കഠിനവേദനയാല്‍ നിവര്‍ന്നു നടക്കാന്‍ പറ്റാത്തവര്‍ക്കും വീല്‍ ചെയര്‍ അനിവാര്യമായിരുന്നു… മറ്റു ചിലര്‍ അടിയന്തരമായ ശസ്ത്രക്രിയ ലഭിച്ചില്ലെങ്കില്‍ ജീവിതം ചോദ്യചിഹ്നമായവരാണ്. ഇത്തരക്കാര്‍ക്കൊക്കെ ഇവ സംഘടിപ്പിക്കാന്‍ സ്വയം മാര്‍ഗമൊന്നുമില്ലാത്തവരാണ്. അവരാണല്ലോ സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളെജുകളിലെയും വാര്‍ഡുകളില്‍ ജീവിതം സമര്‍പ്പിച്ചവര്‍…
രോഗികള്‍ക്ക് ആശ്രയമായി, ആശ്വാസമായി ഒട്ടനവധി വാട്ടര്‍ ബെഡ്ഡുകളും വീല്‍ചെയറുകളും   ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും എന്‍ ഐ വി, സി പാഡുകളും സെന്റര്‍ മുഖേന വിതരണം ചെയ്തിട്ടുണ്ട്.
രോഗികള്‍ക്ക് പലപ്പോഴും സഹായത്തെപ്പോലെ വല്ലാത്ത ആശ്വാസകരമായിരിക്കും വല്ലവരും ഇടയ്‌ക്കൊക്കെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ അന്വേഷിക്കുന്നത്. അതു തിരിച്ചറിഞ്ഞാണ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നാലോ അഞ്ചോ പേരടങ്ങുന്ന സംഘം മെഡിക്കല്‍ കോളെജുകള്‍ സന്ദര്‍ശിക്കുന്നത്. ഇരുപത്തഞ്ച് സന്നദ്ധസേവകരായ ചെറുപ്പക്കാര്‍ ആഴ്ചയിലൊരുദിവസം രോഗികളുടെ വേദന പങ്കുവയ്ക്കാന്‍ രോഗാതുരമായ കോളെജ് വാര്‍ഡുകളിലെത്താറുണ്ടെന്നത് വലിയൊരു കാര്യമാണ്. താല്പര്യമുള്ളവര്‍ക്ക് ഇവരോടൊപ്പം ചേര്‍ന്ന് ജീവിതത്തിന്റെ വേദനാപൂര്‍വമായ അനുഭവങ്ങള്‍ പങ്കുവെക്കാവുന്നതാണ്.
എഴുന്നേറ്റു നടക്കാന്‍ കഴിയാതെ വര്‍ഷങ്ങള്‍ കിടക്കയില്‍ ജീവിതം തള്ളിനീക്കിയവര്‍ ആരോഗ്യം മെച്ചപ്പെട്ട് നടന്നുപോകുന്നതു കാണുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി എങ്ങനെ പറഞ്ഞറിയിക്കാനാകും. തൊലിപ്പുറമെ രോഗം ബാധിച്ച് നീരു വന്ന് വാഴയിലയില്‍ കിടന്നവരില്‍ ചിലര്‍ നിരന്തരമായ വൈദ്യസഹായത്താല്‍ സുഖം പ്രാപിച്ചു പോയിട്ടുണ്ടെന്ന് സെന്ററിന്റെ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരില്‍ പലര്‍ക്കും മരുന്നും മറ്റു സഹായങ്ങളും നല്‍കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വല്ലാത്തൊരനുഭവമാണിവര്‍ക്ക്.
വാര്‍ഡുകളില്‍ നഴ്‌സുമാരുടെയും ഇന്‍ചാര്‍ജുമാരുടെയും സഹായത്തോടെ കൂടുതല്‍ ആവശ്യക്കാരായ രോഗികളെ കണ്ടുപിടിച്ച് അവര്‍ക്ക് മരുന്നിനുള്ള സ്ലിപ്പ് നല്‍കുകയാണിവരുടെ പതിവ്. ഇവര്‍ക്ക് കോളെജിനടുത്തുള്ള സെന്ററില്‍ നിന്ന് പരമാവധി മരുന്നുകള്‍ സൗജന്യമായി നല്‍കും. മരുന്നു ചീട്ടും പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ ശൂന്യതയില്‍ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് കുളിര്‍മഴയാകുന്നു ഇവരുടെ സന്ദര്‍ശനങ്ങള്‍.
ഇവരുടെ കൂടെപ്പോകാന്‍ കഴിഞ്ഞാല്‍, അതിനു വയ്യെങ്കില്‍ ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനായാല്‍  ജീവിച്ചിരിക്കേ നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു നന്മയായിരിക്കുമത്. രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കാനും ഇവര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. നൂറു പേര്‍ക്കാണിപ്പോള്‍ ഭക്ഷണം നല്‍കിപ്പോരുന്നത്. ദിവസം നല്ലൊരു സംഖ്യ ഇതിനും ചെലവു വരുന്നുണ്ട്. ആയിരം രൂപ നല്‍കാന്‍ കഴിഞ്ഞാല്‍ മെഡിക്കല്‍ കോളെജുകളിലെ നൂറിലേറെ നിര്‍ദ്ധനരായ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കാനും സംഖ്യ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന എയ്ഡ് സെന്റര്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസം നല്‍കാനുമാകും.
മര്‍കസുദ്ദഅ്‌വയിലെ എയ്ഡ് സെന്റര്‍ കേന്ദ്രത്തില്‍ ആയിരം രജിസ്റ്റര്‍ ചെയ്ത നിത്യരോഗികളുണ്ട്, ദൈനംദിന ജീവിതം മുന്നോട്ടുപോകണമെങ്കില്‍ മരുന്നില്ലാതെ വയ്യെന്ന സ്ഥിതിയിലുള്ളവരാണിവര്‍. ഇവര്‍ക്ക് ആവശ്യമായ മരുന്നു വിതരണം ചെയ്യാന്‍ സാമ്പത്തിക പ്രയാസം അനുവദിക്കുന്നില്ലെന്നത് സെന്റര്‍ പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നു. വിലകൂടിയതും അപൂര്‍വമായതുമായ മരുന്നുകള്‍ സെന്റര്‍ വാങ്ങിക്കൊടുക്കുകയാണ് പതിവ്.
ബോക്‌സുകളില്‍ നിന്നും ശേഖരിക്കുന്നതും സാമ്പിളുകളും ഇവര്‍ക്ക് സഹായകമാകുന്നുണ്ട്. കൂടാതെ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്പരരായ ഒട്ടേറെപ്പേരുടെ വരിസംഖ്യകളും മറ്റു സഹായങ്ങളും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുണയാണ്.
പ്രവര്‍ത്തകരില്‍ നിന്നുള്ള ചെറിയ സ്വരുക്കൂട്ടലുകള്‍ കൊണ്ട് നിര്‍മിച്ചെടുത്ത കാന്‍സര്‍, കിഡ്‌നി രോഗികളുടെ ചികിത്സാ കാലയളവിലേക്കുള്ള ഒരു ഷെല്‍ട്ടര്‍ എന്ന രീതിയിലുള്ള കെയര്‍ഹോം എന്ന സ്വപ്‌നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള കഠിന പ്രയത്‌നത്തിന്റെ അവസാന ഘട്ടത്തിലാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തകര്‍.
Back to Top