22 Sunday
December 2024
2024 December 22
1446 Joumada II 20

സമാധാന മാര്‍ഗത്തില്‍ ഒറ്റക്കെട്ടായി നീതിക്കുവേണ്ടിയുള്ള പോരാട്ടം ദൈവമാര്‍ഗത്തിലുള്ള സമരം – സി പി ഉമര്‍ സുല്ലമി

ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പൗരത്വഭേദഗതി നിയമം എല്ലായിടത്തും ചര്‍ച്ചയാണ്. പലവിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന ഒരു നിയമമാണിതെന്ന് യാതൊരു സംശയവുമില്ല. പ്രത്യക്ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം കളോട് വലിയ അനീതിയും ക്രൂരതയും കാണിക്കുന്ന ഒരു നിയമമാണ് നിലവില്‍വന്നിട്ടുള്ളത്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമത്തില്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കുന്നതാണ് പ്രത്യക്ഷത്തില്‍ നിയമമെങ്കിലും ഇത് കേവലം മുസ്‌ലിം കളെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇതിന്നെതിരായ പ്രക്ഷോഭത്തില്‍ മുസ്‌ലിം കള്‍ മാത്രമല്ല പങ്കെടുക്കുന്നത് എന്നത് ശുഭകരമാണ്.
ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള വര്‍ഗീയവാദികളുടെ ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണ് ഈ നിയമം. അതുകൊണ്ടുതന്നെ ജാതി മതഭേദമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും ഇതിന്നെതിരായ സമരത്തില്‍ പങ്കുചേരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. അതില്‍ നിന്നു മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി പാര്‍ശ്വവത്ക്കരിക്കാനുള്ള ശ്രമം ആര്‍ എസ് എസും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നു.
മുസ്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളുമാക്കി മാറ്റാന്‍ ആസൂത്രിതശ്രമം നടക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതാണ്. സമാധാനത്തോടുകൂടിയുള്ള സമരത്തിലൂടെയാണ് മുസ്‌ലിംകള്‍ ഇതിനെ നേരിടേണ്ടത്. ഈ പരീക്ഷണ ഘട്ടത്തില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്: അല്ലാഹുവുമായുള്ള ബന്ധം, മറ്റൊന്ന് ജനങ്ങളുമായുള്ള ബന്ധം. അധമത്വം അടിച്ചേല്പിക്കപ്പെടുമ്പോള്‍ ഈ രണ്ട് ബന്ധങ്ങള്‍ കൊണ്ട് മാത്രമേ അതിന് മോചനമുണ്ടാവുകയുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ”അല്ലാഹുവില്‍ നിന്നും മനുഷ്യന്മാരില്‍ നിന്നുമുള്ള പിടികയര്‍ കൊണ്ടല്ലാതെ നിന്ദ്യതയില്‍ നിന്നും അധമത്വത്തില്‍ നിന്നും മോചനമുണ്ടാവുകയില്ല.” (വി.ഖു 3:112)
സമാധാനത്തിന്റെ മതമാണ് ഇസ്‍ലാം. സമാധാനം ദൈവത്തിന്റെ നാമമാണ്. മുസ്‌ലിംകളുടെ അഭിവാദ്യങ്ങള്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയാണ്. അക്രമകാരികളായിട്ടല്ല ഇന്ത്യയിലേക്ക് മുസ്‌ലിംകള്‍ കടന്നുവന്നത്. കച്ചവടാവശ്യാര്‍ഥം ഇന്ത്യയിലേക്ക് വന്ന മുസ്‌ലിംകള്‍ എല്ലാവരുടെയും ദൈവമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നവരും മനുഷ്യരെല്ലാവരും ഒരു സമുദായമാണെന്ന് വിശ്വസിക്കുന്നവരുമാണ്. അക്രമകാരികളായി ഇന്ത്യയിലേക്ക് കടന്നുവന്ന ചിലര്‍ ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും അധമന്മാരും അടിമകളായും അയിത്തം കല്പിച്ച് സമൂഹധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്ത് .മുസ്‌ലിംകള്‍ അവരെയെല്ലാവരെയും മനുഷ്യരായി കാണുകയും സഹോദരന്മാരായി പരിഗണിക്കുകയും ചെയ്തതോടെ അതില്‍ ആകൃഷ്ടരായി അവര്‍ ഇസ്‍ലാമിലേക്ക് കടന്നുവന്നു. പട്ടിക്കും പന്നിക്കും പ്രവേശിക്കാവുന്നിടത്തേക്ക് മനുഷ്യര്‍ കയറിച്ചെന്നാല്‍ പശുവിന്റെ കാഷ്ഠംകൊണ്ട് ശുദ്ധികലശം നടത്തുന്ന കാലമായിരുന്നു അത്. എന്നാല്‍ മുസ്‌ലിംകള്‍ അവരെ മനുഷ്യരെല്ലാം ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളായ ഏകോദര സഹോദരനമാരാണെന്ന സന്ദേശം പഠിപ്പിച്ചു. അവര്‍ക്ക് സ്വാതന്ത്ര്യബോധം നല്‍കി.
ഇതിനെക്കുറിച്ച് മനസ്സിലാക്കിയ സവര്‍ണരില്‍ ഒരുവിഭാഗം ഇസ്‍ലാമിലേക്ക് കടന്നുവരികയുണ്ടായി. എന്നാല്‍ ഒരു വിഭാഗം സവര്‍ണര്‍ ഈ സാഹോദര്യവും സ്വാതന്ത്ര്യവും ഇവിടത്തെ സാധാരണക്കാരില്‍ ഉണ്ടാക്കിയെടുത്തതില്‍ അസൂയ പൂണ്ടവരായിരുന്നു. അതുകൊണ്ട് ഇസ്‍ലാമിനോടും ചെയ്ത് കളോടും അവര്‍ ശത്രുത വെച്ചുപുലര്‍ത്തി. ഈ ചിന്താഗതിക്കാര്‍ തന്നെയാണ് ഇപ്പോള്‍ പൗരത്വബില്ലിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പഴയ ചാതുര്‍വര്‍ണ്യത്തിലേക്ക് തിരിച്ചുപോവാമെന്നാണ് അവരുടെ വ്യാമോഹം. ഇത്തരം കുടില നീക്കങ്ങളെ മുസ്‌ലിംകള്‍ നേരിടേണ്ടത് വിശ്വാസം കൊണ്ടാണ്. ”നിങ്ങള്‍ ദുര്‍ബലരാകരുത്, ദു:ഖിതരാകരുത്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയായിരിക്കും ഉന്നതന്മാര്‍” (വി.ഖു 3:139) എന്ന് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളെ ഉണര്‍ത്തിയിട്ടുണ്ട്.

ഏതൊരു കാര്യത്തിനും മുറപ്രകാരം ജിഹാദ് ചെയ്യുക എന്നത് മുസ്‌ലിംകളുടെ കടമയാണ്. മുസ്്‌ലിംകളുടെ ജിഹാദ് ശരിയായ മാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ച് ലക്ഷ്യത്തില്‍ നിന്നു തെറ്റിക്കാന്‍ എക്കാലത്തും ശ്രമം ഉണ്ടായിട്ടുണ്ട്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമാധാനത്തോടുകൂടിയുള്ള ശ്രമമാണ് യഥാര്‍ഥത്തില്‍ ജിഹാദ്. ശ്രമിക്കുക എന്നതാണ് ജിഹാദ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. അത് സായുധ സമരമായി ചിത്രീകരിച്ച് ഭീകര പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചിലര്‍. നബി(സ)യോട് അല്ലാഹു കല്പിച്ചത് ഇങ്ങനെയാണ്: ”സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ചുപോകരുത്. ഈ ഖുര്‍ആന്‍ കൊണ്ട് അവരോട് നിങ്ങള്‍ വലിയ സമരം നടത്തിക്കൊള്ളുക.” (വി.ഖു 25:52)
വിശുദ്ധ ഖുര്‍ആന്‍ വാളോ തോക്കോ ആയുധമോ അല്ല. അത് ദൈവികമായ ഒരു ആദര്‍ശ സംഹിതയാണ്. അത് ഉള്‍ക്കൊണ്ട് ജീവിക്കുക എന്നതാണ് ഏറ്റവും വലിയ ജിഹാദ്. ഈ ഖുര്‍ആന്‍ കൊണ്ട് ജിഹാദ് നടത്തിയതിനാലാണ് പ്രവാചകനും അനുയായികള്‍ക്കും വിജയം നേടാന്‍ സാധിച്ചത്. ഏത് മാര്‍ഗത്തിലൂടെയും ഇസ്‍ലാമിലേക്ക് ആളെ കൂട്ടലാണ് ജിഹാദ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനും ശ്രമം നടന്നിട്ടുണ്ട്. ലൗ ജിഹാദ് ഇതിനുവേണ്ടി നിര്‍മിച്ചതായിരുന്നു. പെണ്‍കുട്ടികളെ സ്‌നേഹിച്ച് അവരെ ഇസ്‍ലാമിലേക്ക് കൊണ്ടുവരാനുള്ള കുതന്ത്രത്തെയാണ് ജിഹാദ് എന്നവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അങ്ങനെയൊന്ന് ഇസ്‍ലാം പഠിപ്പിച്ചിട്ടില്ല.
ഒരു വനിത മുസ്‌ലിംകളിലേക്ക് അഭയം തേടിവരുന്നുവെങ്കില്‍ അവര്‍ എന്തിനാണ് വരുന്നതെന്ന് പരീക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ അവരെ മുസ്‌ലിംകള്‍ സ്വീകരിക്കാവൂ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, വിശ്വാസിനികള്‍ അഭയാര്‍ഥികളായി നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളവരെ പരീക്ഷിച്ചു നോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു. എന്നിട്ടവര്‍ വിശ്വാസികളാണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ മടക്കി അയക്കരുത്.” (വി.ഖു 60:10)
ഒരു സ്ത്രീ ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇസ്്‌ലാമിലേക്ക് കടന്നുവരുന്നതെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കില്ല എന്നാണ് പ്രഖ്യാപിക്കുന്നത്. ഇതേ സൂക്തത്തില്‍ തന്നെ പറയുന്നു: ”അവിശ്വാസിനികളുമായുള്ള ബന്ധങ്ങളില്‍ നിങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്.” അതായത്  മുസ്‌ലിംകളുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീ അവിശ്വാസികളുടെ കൂട്ടത്തിലേക്ക് പോയാല്‍ അവരെ പിടിച്ചുവെക്കരുതെന്നാണ് ഇവിടെ പറയുന്നത്. മുത്വലാഖിന്റെ പേരില്‍ ഇസ്‍ലാമിനെ വിമര്‍ശിക്കുന്നവരുണ്ട്. മുത്വലാഖ് സമ്പ്രദായം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടില്ല. ഇത്തരം ആരോപണങ്ങളില്‍ ഖുര്‍ആനിന്റെ ആശയവുമായി നാം അതിനെ നേരിടണം. അതാണ് ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അതിക്രമിച്ച് കയറി നൂറ്റാണ്ടുകളോളം ഭരിച്ചപ്പോഴും സ്വാതന്ത്ര്യസമരത്തിന് മുന്‍പന്തിയില്‍ മുസ്‌ലിം നേതാക്കളുണ്ടായിരുന്നു. അന്ന് ബ്രിട്ടീഷുകാരെ സഹായിക്കുകയും സ്വാതന്ത്ര്യ സമരത്തിന് പങ്കെടുത്തതിന് അവരോട് മാപ്പ് പറയുകയും ചെയ്തവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തുന്നത്.
അതിനാല്‍ ഒന്നാമതായി നാം ചെയ്യേണ്ടത്, യഥാര്‍ഥ മുസ്‌ലിമായി, വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുക എന്നതാണ്. ഇസ്‍ലാമിക ഖിലാഫത്തിനെ എടുത്തുകളഞ്ഞ ബ്രിട്ടീഷുകാരെ സഹായിക്കുന്ന ഒരു കാര്യത്തിലും മുസ്‌ലിംകള്‍ ഏര്‍പ്പെടരുത് എന്ന് സ്വാതന്ത്ര്യസമര പോരാളിയായിരുന്ന മൗലാനാ മുഹമ്മദലി ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. അതിന്റെ പേരില്‍ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അദ്ദേഹം ഖുര്‍ആന്‍ കൊണ്ടായിരുന്നു കേസിനെ നേരിട്ടത്. വിശുദ്ധ ഖുര്‍ആന്റെ ഒരു കോപ്പി കൈയില്‍ വെച്ചുകൊണ്ടായിരുന്നു അദ്ദേഹം ജൂറികളോട് വാദിച്ചത്. രണ്ട് കാര്യം അദ്ദേഹം പ്രധാനമായും ഉന്നയിച്ചു. ഒന്ന്, ഈ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണ്. ഞാന്‍ ഇതിന്നടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. അതിനാല്‍ ശിക്ഷിക്കുകയാണെങ്കില്‍ ദൈവത്തെ ശിക്ഷിക്കുക. അതിന് അദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു.
രണ്ട്, എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ മതപ്രബോധനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബ്രിട്ടീഷ് രാജ്ഞി വിളംബരം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഖുര്‍ആന്റെ ആശയം ഞാന്‍ പ്രഖ്യാപിച്ചത്. അതിനാല്‍ രാജ്ഞിയെയാണ് ശിക്ഷിക്കേണ്ടത്. അങ്ങനെ ഈ സമരത്തില്‍ അദ്ദേഹം വിജയിച്ചു.
ഖുര്‍ആനുമായുള്ള ബന്ധം നമുക്ക് കൂടുതലുണ്ടാവണം. പ്രവാചകന്മാരുടെ മാതൃകയും അതാണ്. ഇസ്‍ലാമിക പ്രബോധകന്മാരായ പ്രവാചകന്മാരെ എതിര്‍ക്കുകയും നാടുകടത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഇബ്‌റാഹീം(അ) അഗ്നികുണ്ഠത്തിലേക്ക് എറിയപ്പെട്ടപ്പോള്‍ ശാന്തനായി അദ്ദേഹം പറഞ്ഞു: ”എനിക്ക് അല്ലാഹു മതി. ഭരമേല്പിക്കപ്പെടാന്‍ അവന്‍ നല്ലവനാണ്.” ഉഹ്ദ് യുദ്ധത്തില്‍ പരിക്കുപറ്റിയ പ്രവാചകനോട് വീണ്ടും യുദ്ധം ചെയ്യാന്‍ ശത്രുക്കള്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞതും അതുതന്നെയായിരുന്നു.
അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നമുക്ക് കഴിയണം. ഇന്ത്യന്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണെങ്കിലും കുറ്റവാളികളുടെ പേര് പുറത്തുവരുമ്പോള്‍ ന്യൂനപക്ഷമായല്ല അവര്‍ കാണുന്നത്. സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിച്ചെല്ലുക. അവനോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്വീകരിക്കരുത്” (വി.ഖു 51:50-51)
പ്രവാചകന്മാരോട് നാടുകടത്തുമെന്ന് എല്ലാ കാലത്തുമുള്ള ശത്രുക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അല്ലാഹു മനസ്സമാധാനം നല്‍കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അവിശ്വാസികള്‍ തങ്ങളുടെ ദൈവദൂതന്മാരോട് പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ മതിയാകൂ. അപ്പോള്‍ നാഥന്‍ അവര്‍ക്ക് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം അക്രമികളെ നശിപ്പിക്കുകയും അവര്‍ക്കുശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ എന്റെ മുന്നില്‍ വന്നുനില്‍ക്കുന്നതിനെ ഭയപ്പെടുകയും എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള അനുഗ്രഹവുമാണത്.”
ഇത് മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സന്ദേശം നാം ഉള്‍ക്കൊണ്ടാല്‍ നമ്മെ അല്ലാഹു സഹായിക്കും. അതല്ല ഇവിടെ വെച്ച് നമുക്ക് മരിക്കേണ്ടിവന്നാല്‍ നമുക്ക് സ്വര്‍ഗത്തിലേക്കെത്താനും സാധിക്കും. അല്ലാഹു പറയുന്നു: ”തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.”

Back to Top