23 Monday
December 2024
2024 December 23
1446 Joumada II 21

സജി ചെറിയാന്റെ  മസ്ജിദും ഇഫ്ത്വാറും

യു എ ഇയില്‍ മസ്ജിദ് നിര്‍മ്മിക്കുകയും എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സൗകര്യം ഒരുക്കുകയും ചെയ്ത സജി ചെറിയാന്‍ എന്ന മലയാളിയുടെ വാര്‍ത്തയായിരുന്നു യു എ യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ന്യൂസ് പത്രത്തിലെ വാര്‍ത്തകളില്‍ ശ്രദ്ധേയമായ ഒന്ന്. യു എ യിലെ ഒരു ബിസിനസുകാരനാണ് സജി ചെറിയാന്‍. ഫുജൈറയിലെ അല്‍ ഹൈല്‍ ഇന്‍ഡ്രസ്ട്രിയല്‍ പ്രദേശത്താണ് സജി ചെറിയാന്‍ മസ്ജിദ് നിര്‍മിച്ചത്. താന്‍ നിര്‍മിച്ച പള്ളിക്ക് മസ്ജിദ് മറിയം, മദര്‍ ഓഫ് ജീസസ് എന്ന് പേരിടാനുള്ള തന്റെ താത്പര്യം മതകാര്യ മന്ത്രാലയത്തെ അറിയിക്കുകയും ഔഖാഫ് വകുപ്പ് അതംഗീകരിക്കുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ വര്‍ഷം വളരെ പ്രാധാന്യത്തോടെ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ റമദാനില്‍ മസ്ജിദ് കേന്ദ്രീകരിച്ച് എഴുന്നൂറോളം തൊഴിലാളികള്‍ക്ക് ദിവസവും സജി ചെറിയാന്‍ ഒരുക്കുന്ന ഇഫ്ത്വാറാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയായിരിക്കുന്നത്. തൊഴിലാളികള്‍ ദീര്‍ഘദൂരം താണ്ടി മസ്ജിദുകളില്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴായിരുന്നു മസ്ജിദ് നിര്‍മ്മിക്കുന്നതിനുള്ള ആലോചനയുണ്ടായതെന്നും സജി ചെറിയാന്‍ പറഞ്ഞു. മസ്ജിദ് നിര്‍മിക്കുന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അനേകം ആളുകള്‍ നിര്‍മാണത്തിനുള്ള ഫണ്ടില്‍ സഹായം നല്‍കാന്‍ തയാറായിരുന്നതായും എന്നാല്‍ തനിച്ച് തന്നെ മസ്ജിദിന്റെ പണി തീര്‍ക്കുകയുമായിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. 2003ലാണ് ചെറിയാന്‍ ദുബായില്‍ എത്തുന്നത്. തന്റെ കയ്യില്‍ അന്നുണ്ടായിരുന്നത് 630 ദിര്‍ഹംസ് മാത്രമായിരുന്നെന്നും ഇന്ന് കാണുന്നതെല്ലാം ഈ നാട് നല്‍കിയതാണെന്നും ഇവിടേക്ക് വേണ്ടി അതില്‍ നിന്ന് എന്തെങ്കിലും ചിലവഴിക്കാന്‍ സാധിക്കുന്നത് തനിക്ക് സന്തോഷകരമാണെന്നും അദ്ദേഹം പരഞ്ഞു.
Back to Top