സംവരണം: മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ നിലപാട് തിരുത്തണം: കെ എന്‍ എം
കോഴിക്കോട്: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗത്തിന് ഭരണഘടന നല്കിയ സംവരണാവകാശം സാമ്പത്തിക മാനദണ്ഡമനുസരിച്ച് പൊളിച്ചെഴുതാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് കെ എന്‍ എം (മര്‍കസുദഅ്വ) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംവരണമെന്നത് സാമൂഹിക പ്രാതിനിധ്യത്തിന്റെയും തുല്യനീതിയുടെയും പ്രശ്നമാണ്. അത് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ല. സംവരണമുണ്ടായിട്ട് കൂടി മുസ്ലിംകള് ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗരംഗങ്ങളില്‍ ദേശീയ അടിസ്ഥാനത്തില്‍ തുലോം കുറവ് പ്രാതിനിധ്യമാണുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ഇതാണ് സ്ഥിതി.
സച്ചാര്‍ കമ്മീഷന് ഉള്‍പ്പെടെ നിരവധി കമ്മീഷനുകള്‍ പ്രാതിനിധ്യക്കുറവിന്റെ വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടുവന്നതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി സംവരണമെന്ന ആശയത്തിന്റെ മൗലികത തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്നും മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ പിന്തിരിയണം. കേരളത്തില്‍ കെ എ എസിലെ 3 സ്ട്രീമുകളിലും പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും സ്പെഷല്‍ റൂള്‍സില്‍ ആവശ്യമായ ഭേദഗതികള്‍ ഉടന്‍ കൊണ്ട് വരണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ്, അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന് കോയ, അക്ബര്‍ കാരപറമ്പ്, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹിമാന് സുല്ലമി, മുഹമ്മദലി കൊളത്തറ, പി സി അബ്ദുറഹിമാന്, എന്‍ ടി അബ്ദുറഹിമാന്, കഞ്ഞിക്കോയ മാസ്റ്റര്‍, അബ്ദുന്നാസര്‍ പൂളാടികുന്ന്, സത്താര്‍ ഓമശ്ശേരി, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.
