21 Saturday
December 2024
2024 December 21
1446 Joumada II 19

സംഘ്പരിവാറും ക്രിസ്തീയ സഭകളും ഷെരീഫ് സാഗര്‍

ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…
ഹിറ്റ്‌ലറുടെ നാസിസത്തിനും ആര്യരക്ത സിദ്ധാന്തത്തിനുമെതിരായ പ്രശസ്തമായ ഈ വരികള്‍ എഴുതിയത് ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു. പാസ്റ്റര്‍ ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നിമോളര്‍. 1937 മുതല്‍ 1945 വരെ അദ്ദേഹം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. സുവിശേഷകനായ അദ്ദേഹം നാസികളുടെ ക്രൂരതക്കെതിരെ ഒന്നും മിണ്ടിയിരുന്നില്ല. 1933 മുതല്‍ തുടങ്ങിയ സുവിശേഷ വേല 1937 വരെ തുടരുമ്പോഴും ഹിറ്റ്‌ലര്‍ക്കെതിരെ ശബ്ദിച്ചില്ല. എന്നാല്‍ 1937-ല്‍ തടവിലായപ്പോഴാണ് താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ആ കുറ്റബോധത്തില്‍നിന്നാണ് മേലുദ്ധരിച്ച വരികള്‍ അദ്ദേഹം കുറിച്ചിട്ടത്.
എ ഡി 52-ല്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനെത്തിയ തോമാശ്ലീഹയെ കുന്തം കൊണ്ട് കുത്തിക്കീറിയ നാടാണ് ഇന്ത്യ. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വെച്ച് എ ഡി 72-നാണ് അദ്ദേഹം കുത്തേറ്റ് മരിച്ചത്. ആ ചോരക്കറയുടെ ചരിത്രത്തില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ ക്രിസ്തീയ വിശ്വാസികള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമൊപ്പം ഇന്ത്യയില്‍ സംഘ്പരിവാര്‍ പീഡനം അനുഭവിക്കുന്ന വിഭാഗമാണ് ക്രിസ്ത്യാനികള്‍. എന്നാല്‍ വിധേയത്വത്തിന്റെ ഭാഷ പ്രയോഗിച്ച് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനും അങ്ങനെ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ഭുജിക്കാനും കേസുകളില്‍നിന്ന് തടിയൂരാനുമൊക്കെയായി ചില സഭാ പുരോഹിതന്മാര്‍ നടത്തുന്ന വിലകുറഞ്ഞ നാടകങ്ങള്‍ ക്രിസ്തീയ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണ്.
രാജ്യമെമ്പാടും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ അന്വേഷണ ഏജന്‍സികളെല്ലാം തള്ളിക്കളഞ്ഞ ലൗ ജിഹാദെന്ന നുണക്കഥ വീണ്ടും തട്ടിക്കുടഞ്ഞ് ഇടയ ലേഖനങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ് സീറോ മലബാര്‍ സഭ. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിക്കുകയും ആരോപണം ആവര്‍ത്തിക്കുകയും ചെയ്ത് ഇസ്‌ലാമോഫോബിയക്കും അപരവത്കരണത്തിനും ആഴം കൂട്ടുന്ന സംഘ്പരിവാറിന്റെ അതേ താളത്തിലാണ് ഈ തുള്ളലും നടക്കുന്നത്.
ലൗ ജിഹാദ് എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുമ്പോള്‍ നിങ്ങള്‍ ആരെയാണ് സഹായിക്കുന്നത് എന്ന ഓര്‍മ്മ വേണം. മദര്‍ തെരേസയെയും അവരുടെ മിഷണറി ഓഫ് ചാരിറ്റി പ്രവര്‍ത്തനങ്ങളെയും ഇത്രയേറെ അപകീര്‍ത്തിപ്പെടുത്തിയ മറ്റൊരു സംഘം ഇന്ത്യയിലില്ല. ലോകം ആദരിക്കുന്ന കാരുണ്യത്തിന്റെ മുഖമായ മദര്‍ തെരേസയുടെ ലക്ഷ്യം മതംമാറ്റമായിരുന്നു എന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ ഇപ്പോഴും കേരളത്തിലുണ്ട്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസം ഇവര്‍ ട്വിറ്ററില്‍ നടത്തിയ ഹാഷ്ടാഗ് കാമ്പയിന്‍ ‘ഫ്രോഡ് തെരേസ’ എന്നായിരുന്നു. ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ബി ജെ പി നേതാവ് പ്രഖ്യാപിച്ചിട്ട് അധികം കാലമായിട്ടില്ല. യമനില്‍ ക്രൈസ്തവ പുരോഹിതന്‍ ഹൂതികളുടെ തടവിലായപ്പോള്‍ അധിക്ഷേപത്തോടെ അദ്ദേഹത്തിനെതിരെ കാമ്പയിന്‍ നടത്തിയതും സംഘ്പരിവാര്‍ ആണ്.
കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ 2017-ലെ ഏഷ്യന്‍ സഞ്ചാരത്തില്‍ ഇന്ത്യ ഉള്‍പ്പെടാതെ പോയതിന്റെ കാരണം എന്താണെന്ന് ക്രിസ്തീയ വിശ്വാസികള്‍ക്കെല്ലാം അറിവുള്ള കാര്യമാണ്. മാര്‍പ്പാപ്പ ഇന്ത്യയില്‍ എത്താതിരിക്കാന്‍ ഭരണതലത്തില്‍ത്തന്നെ ശ്രമങ്ങളുണ്ടായിട്ടുണ്ട് എന്നാണ് അറിവ്. മാര്‍പ്പാപ്പയെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിക്കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്. യു എ ഇ ഉള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം രാജോചിതമായി മാര്‍പ്പാപ്പയെ സ്വീകരിച്ചപ്പോഴാണ് ഈ അവഗണന സംഭവിച്ചത് എന്നുകൂടി ഓര്‍ക്കണം.

2008-ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ നടന്ന കലാപങ്ങളില്‍ 100-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേര്‍ ഭവന രഹിതരാവുകയും ചെയ്തു. 6,500 വീടുകള്‍ തകര്‍ത്ത സംഘ്പരിവാര്‍ അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ഒരു കന്യാസ്ത്രീയും മാനഭംഗത്തിന് ഇരയായി. 2016 ജൂണ്‍ 18-ാം തീയതി അന്ന് ബി ജെ പി എം പിയായിരുന്ന യോഗി ആദിത്യനാഥ് ഭാരതത്തെ ക്രൈസ്തവവത്കരിക്കുകയായിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യം എന്ന് ആരോപിച്ചിരുന്നു.

അടുത്ത ഊഴം
ബി ജെ പി മുഖപത്രമായ ജന്മഭൂമിയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യം ലേഖനമെഴുതിയത്. പൗരത്വബില്ലിനെ അനുകൂലിക്കുന്ന ബി ജെ പിയുടെ നോട്ടീസ് വിതരണം ഉദ്ഘാടനം ചെയ്തതും അദ്ദേഹം തന്നെയാണ്. സംഘ്പരിവാറിന്റെ നുണക്കഥകള്‍ ഇടയലേഖനമാക്കി വായിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് ഗോള്‍വാള്‍ക്കറുടെ വിചാരധാരയെങ്കിലും വായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരംചെയ്ത് ഊര്‍ജം പാ ഴാക്കരുതെന്നും നിങ്ങളുടെ ആഭ്യന്തര ശത്രുക്കള്‍ക്കെതിരെയാണ് ആദ്യം യുദ്ധം ചെയ്യേണ്ടതെന്നും പഠിപ്പിക്കുന്ന ആ ക്ഷുദ്രകൃതിയില്‍ ഓരോരോ അധ്യായങ്ങളായിത്തന്നെ മൂന്ന് ആഭ്യന്തര ശത്രുക്കളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഒന്നാം സ്ഥാനത്തുള്ളത് മുസ്‌ലിംകള്‍ തന്നെയാണ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ആ അപരവത്കരണത്തിന്റെ ദുരിതം മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പൗരത്വ നിയമത്തിന്റെ അടിയാധാരവും ഈ ഗോള്‍വാള്‍ക്കറിസമാണ്.
ആ പുസ്തകത്തില്‍ രണ്ടാമത് പരിചയപ്പെടുത്തുന്ന ആഭ്യന്തര ശത്രു ക്രിസ്ത്യാനികളാണ്. മിഷണറിമാരെ ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ ആക്രമണങ്ങളും കര്‍ണാടകയിലെ ക്രിസ്തീയ കേന്ദ്രങ്ങള്‍ക്കെതിരായ ഭീകര താണ്ഡവവുമെല്ലാം ഈ ചിന്താഗതിയുടെ ഫലമാണ്. മൂന്നാം സ്ഥാനത്ത് കമ്യൂണിസ്റ്റുകളാണ്. ഇന്ത്യയിലിപ്പോള്‍ കേരളത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റ് സാന്നിധ്യം ശക്തമായുള്ളത്. അതുകൊണ്ടാണ് കേരളത്തെ ജിഹാദി-കമ്യൂണിസ്റ്റ് ഭീകരതയുടെ നാടെന്ന് വിശേഷിപ്പിക്കാന്‍ സംഘ്പരിവാര്‍ മടികാണിക്കാത്തത്.
വംശാഭിമാനം കാത്തു സൂക്ഷിക്കാന്‍ ജര്‍മ്മനി സെമിറ്റിക് മതങ്ങളിലെ മനുഷ്യരെ കൂട്ടക്കൊല ചെയ്ത നടപടിയെ ആഹ്ലാദത്തോടെയാണ് ഗോള്‍വാള്‍ക്കര്‍ അഭിസംബോധന ചെയ്യുന്നത്. സെമിറ്റിക് മതങ്ങളോടുള്ള വിരോധത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നതെന്നും ക്രിസ്ത്യാനികള്‍ അതിന്റെ പങ്കുകാരാണെന്നും മനസ്സിലാക്കാന്‍ ഇടയലേഖനം വേണമെന്നില്ല, ചരിത്രബോധമുണ്ടായാല്‍ മതി. മതം മാറിയെങ്കിലും സവര്‍ണ ജാതിപദവികളില്‍ അഭിമാനം കൊള്ളുന്ന ചില ക്രിസ്തീയ വിശ്വാസികള്‍ ഇപ്പോഴുമുണ്ട്. ഹിറ്റ്‌ലറിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടും ക്രിസ്ത്യാനികള്‍ക്ക് ജര്‍മനിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന വാസ്തവം അവര്‍ അറിഞ്ഞേ പറ്റൂ. ഫ്യൂറര്‍ എന്നത് ദൈവത്തെ വിളിക്കേണ്ട പേരാണെന്നും ഞങ്ങള്‍ക്കതിനു മനസ്സില്ലെന്നും പറഞ്ഞ് യഹോവാ സാക്ഷികള്‍ ഗ്യാസ് ചേംബറിലേക്ക് നടന്നുപോയി എരിഞ്ഞു തീരുമ്പോള്‍ ഹിറ്റ്‌ലര്‍ സ്തുതി നടത്തിയിരുന്ന ക്രിസ്ത്യാനികളുടെ വിചാരം ഫ്യൂറര്‍ അവര്‍ക്കു നേരെ തിരിയില്ല എന്നായിരുന്നു. അങ്ങനെ വിശ്വസിച്ചവര്‍ക്കു വേണ്ടിയാണ് പാസ്റ്റര്‍ ഫ്രെഡറിക് നിമോളര്‍ തുടക്കത്തില്‍ സൂചിപ്പിച്ച കവിത ചൊല്ലിയത്. ജൂതന്മാര്‍ മാത്രമേ കുടുങ്ങുകയുള്ളൂ എന്നു വിശ്വസിച്ചെങ്കിലും ഊഴമെത്തിയപ്പോള്‍ ഒട്ടും എതിര്‍ക്കാനാവാതെ ക്രിസ്തീയ സമൂഹത്തിന് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നു.
സീറോ മലബാര്‍ സഭയുടെ ഇപ്പോഴത്തെ ചവിട്ടുനാടകം ചില പുരോഹിതന്മാരുടെ ഭൂമിയിടപാടും മറ്റും പ്രശ്‌നമാകുന്നതുകൊണ്ടാണെന്നാണ് അണിയറ സംസാരം. എന്നാല്‍ യോഗ ക്രൈസ്തവ വിശ്വാസത്തിന് നിരക്കുന്നതല്ലെന്നും അത് സംഘ്പരിവാറിന്റെ ആസൂത്രിതമായ പദ്ധതികളുടെ ഭാഗമാണെന്നും തുറന്നടിച്ച സഭകളിലൊന്ന് സീറോ മലബാര്‍ സഭയാണെന്ന കാര്യം വിസ്മരിക്കുന്നില്ല. ഹൈന്ദവ ഐതിഹ്യങ്ങളെ ക്രൈസ്തവ പശ്ചാത്തലത്തില്‍ വ്യഖ്യാനിക്കുന്ന കമ്യൂണിറ്റി ബൈബിളിനെതിരെ ചില സംഘടനകള്‍ രംഗത്തുവന്നത് ആശാവഹമായ കാര്യമാണ്. ക്രൈസ്തവരുടെ ഉന്മൂലനം സംഘ്പരിവാറിന്റെ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്ന ചിലരെങ്കിലുമുണ്ട് എന്നത് ശരി തന്നെ. എന്നാല്‍ നിലനില്‍പ്പിനു വേണ്ടിയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയും സംഘ്പരിവാറിനെ താങ്ങി നടക്കുന്നവര്‍ ചെയ്യുന്ന ചതി തിരിച്ചറിഞ്ഞേ പറ്റൂ. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഉപാധ്യക്ഷ സ്ഥാനം അലങ്കരിച്ചുകൊണ്ട് ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാനായി വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന ജോര്‍ജ് കുര്യന്‍ സഭയിലേക്ക് സംഘ്പരിവാറിനെ ഒളിപ്പിച്ചുകടത്തുന്ന ഒരാളാണ്. ബി ജെ പിയില്‍ ചേര്‍ന്നാല്‍ രക്ഷപ്പെട്ടു പോകുമെന്ന് കരുതുന്ന അബ്ദുല്ലക്കുട്ടിയെപ്പോലുള്ള ഒറ്റുകാര്‍ തന്നെയാണ് ഇങ്ങനെയുള്ളവരും.

സി എ എ വിരുദ്ധത
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബി ജെ പി ഒഴികെയുള്ള കക്ഷികളെല്ലാം രാജ്യത്ത് സമരത്തിലാണ്. മത, സാമൂഹിക സംഘടനകളും തെരുവുകളിലാണ്. ബംഗളൂരുവിലെ കാത്തലിക് ബിഷപ്പ് റവ. പീറ്റര്‍ മക്കാഡോ രാഷ്ട്രപതിക്കയച്ച കത്തില്‍ സി എ എക്കെതിരെ രൂക്ഷമായ പ്രതിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ലത്തീന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം വാര്‍ത്താ സമ്മേളനം വിളിച്ച് സി എ എക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതും മറക്കാനാവില്ല. ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയോടും അദ്ദേഹം നിലപാട് വ്യക്തമാക്കുകയുണ്ടായി. യാക്കോബായ സഭയിലെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ശബ്ദവും പൗരത്വ നിയമത്തിനെതിരെ ഉയര്‍ന്നു കേട്ടു. സീറോ മലബാര്‍ സഭ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ലൗ ജിഹാദിന്റെ പിറകെയുള്ള ഓട്ടം ആ വിയോജിപ്പിന്റെ ആത്മാര്‍ഥതയെ സംശയിക്കുന്നതാണ്.
ക്രിസ്ത്യാനിയായി ജനിച്ചു പോയ കുറ്റത്തിന് സംഘ്പരിവാര്‍ ശക്തികളുടെ കരങ്ങളാല്‍ ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങളെ മറന്നുപോകരുതെന്ന് മാത്രമേ ഇക്കൂട്ടരോട് പറയാനുള്ളൂ. 1964 മുതല്‍ 1998 വരെ ഇന്ത്യയില്‍ ക്രിസ്തീയ സമൂഹത്തിന് നേരെ മാത്രമുണ്ടായത് 38 സംഘ്പരിവാര്‍ ആക്രമണങ്ങളാണ്. ഫാസിസം ശക്തിപ്പെട്ടതോടെ 1998-ല്‍ മാത്രം 990 അക്രമങ്ങളാണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുണ്ടായത്. 2015-ല്‍ 177 ആക്രമണങ്ങളാണ് നടന്നത്. 2016-ല്‍ അത് 300 ആയി ഉയര്‍ന്നു. 1999 ജനുവരി മാസത്തില്‍ തന്റെ പിഞ്ചു മക്കള്‍ക്കൊപ്പം കത്തിക്കരിഞ്ഞു മരിച്ചുവീണ ഗ്രഹാം സ്റ്റെയിനിനെ ആര്‍ക്കും മറക്കാനാവില്ല. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തിന്റെ കാര്യത്തില്‍ ലോകത്ത് 15-ാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. പ്രതികള്‍ സംഘ്പരിവാര്‍ അനുകൂലികള്‍ തന്നെ.

മതംമാറ്റത്തിന്റെ യാഥാര്‍ത്ഥ്യം

 

 

2011 മുതല്‍ 2017 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ 60 ശതമാനം മതം മാറ്റം നടന്നത് ഹിന്ദു മതത്തിലേക്കാണെന്ന യാഥാര്‍ഥ്യം ലൗ ജിഹാദ് ആരോപണത്തിനിടെ പലരും അറിഞ്ഞിട്ടില്ല. ആര്‍ എസ് എസ്സുകാര്‍ മുസ്‌ലിം സ്ത്രീകളെ വലയിലാക്കാന്‍ ‘ലൗ കുരുക്ഷേത്ര’യുമായി ഇറങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് ഒരു മഹല്ല് ശാക്തീകരണ യജ്ഞവും നടക്കാത്തതുകൊണ്ടാണ് അക്കാര്യം ആരും അറിയാതെ പോയത്. മീഡിയ റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം 4968 പേരാണ് ഇക്കാലയളവില്‍ ഹിന്ദുമതം സ്വീകരിച്ചത്. അതായത് ആകെ കണക്കില്‍ 60 ശതമാനം പേര്‍. മുസ്ലിമായത് വെറും 1864 പേര്‍. ക്രിസ്ത്യാനികളായത് 1496 പേര്‍. ഹിന്ദു മതത്തിലേക്ക് പോയവരില്‍ 4,756 പേരും ക്രിസ്ത്യാനികളാണെന്ന കണക്ക് കൈയില്‍ വെച്ചിട്ടാണ് ‘ലൗ ജിഹാദെ’ന്ന നുണക്കഥയുമായി സീറോ മലബാര്‍ സിനഡ് പത്രക്കുറിപ്പും ഇടയലേഖനവും ഇറക്കിയത്.
ആലഞ്ചേരിയുടെ ഇടയലേഖനം ഇടഞ്ഞ ലേഖനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് ഭൂരിഭാഗം വിശ്വാസികളും ഇത് തള്ളിക്കളഞ്ഞു. മാത്രമല്ല, പല പള്ളികളിലും ഇടയലേഖനം വായിച്ചതുമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സഭയെ ഉപയോഗിക്കാനാവില്ലെന്ന് ഏറെക്കുറെ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടരുത് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ രാജ്യത്ത് ഒഴുകിയ ചോരയ്ക്ക് നിങ്ങള്‍ കണക്കു ചോദിക്കണമെന്നില്ല. പക്ഷെ, ആ രക്തസാക്ഷികളെ അപമാനിക്കാതിരിക്കാം. സഭാ നേതൃത്വത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ക്കു വേണ്ടി ക്രിസ്തീയ സമൂഹത്തെ ഒറ്റിക്കൊടുക്കരുത്.`

Back to Top