22 Sunday
December 2024
2024 December 22
1446 Joumada II 20

ശിര്‍ക്കാണെന്നു പറയാന്‍  മുശ്‌രികാക്കേണ്ട – ഇല്‍യാസ് കോഴിക്കോട്

മക്കാ മുശിരിക്കുകള്‍ ആയുധം തൂക്കിയിടുകയും, ചുവട്ടില്‍ ചടഞ്ഞിരിക്കുകയും ചെയ്തിരുന്ന ദാതു അന്‍വാത്വ് എന്ന പേരുള്ള ഒരു വൃക്ഷമുണ്ടായിരുന്നു.
അത്തരമൊരെണ്ണം ഞങ്ങള്‍ക്കും നിശ്ചയിച്ചു തന്നാലും, എന്ന് ഹുനൈന്‍ യുദ്ധത്തിന് പോകുന്ന വഴിയില്‍ സ്വഹാബിമാരില്‍ ചിലര്‍, നബി (സ) യോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തന്നാലും എന്ന് മൂസാ നബിയോട് ഇസ്‌റാഈല്യര്‍ ചോദിച്ച അതേ പോലെയുള്ള ആവശ്യമാണ് നിങ്ങളും ഈ ആവശ്യപ്പെടുന്നത് എന്നായിരുന്നു അന്നേരം നബി(സ) പ്രതികരണം.
യഥാര്‍ഥ ഇലാഹായ അല്ലാഹുവിന് പുറമേ മറ്റൊരു ഇലാഹിനെ ആവശ്യപ്പെടുകയായിരുന്നു ഇസ്‌റാഈല്യര്‍, എന്ന് വച്ചാല്‍ ശുദ്ധ ശിര്‍ക്കിന് അവസരം ചോദിക്കുകയായിരുന്നു എന്നര്‍ഥം.
ഇവിടെ നബി (സ) സ്വഹാബത്തിനോട് പറഞ്ഞതു പോലെ, സമുദായത്തില്‍ നടമാടുന്ന ശിര്‍ക്കന്‍ ആചാരങ്ങളെ ചൂണ്ടി ഇന്നാരെങ്കിലും: പാടില്ല കൂട്ടരേ, അത് ശിര്‍ക്കാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. നിങ്ങള്‍ ഞങ്ങളെയെല്ലാം മുശിരിക്കാക്കിയില്ലേ, എന്നും പറഞ്ഞ് ബഹളം വെക്കലായിരിക്കും.
യോദ്ധാക്കളായ ആ സ്വഹാബിമാരുടെ പ്രശ്‌നം വാള്‍ തൂക്കിയിടാന്‍ പറ്റിയ, തൂക്കിയിട്ടാല്‍ അതു മൂലം യുദ്ധത്തില്‍ വിജയസാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പുണ്യവൃക്ഷം നിശ്ചയിച്ചുകിട്ടലാണ്. ആ വിശ്വാസത്തോടെയായിരുന്നു ബഹുദൈവാരാധകരായ എതിര്‍പക്ഷം ദാതു അന്‍വാത്വിന്‍മേല്‍ വാളുകള്‍ തൂക്കിയിട്ടിരുന്നത്.
ബിംബങ്ങളെ ആരാധിക്കുകയും അവയോട് പ്രാര്‍ത്ഥിക്കുകയും അവയുടെ അരികില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തിരുന്ന ആ സ്വഹാബിമാര്‍ അവയെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് വന്നവരാണല്ലോ. അവര്‍ വീണ്ടും ഇഅ്തികാഫ് ഇരിക്കാന്‍ പറ്റിയ ഒരു വൃക്ഷം ആവശ്യപ്പെട്ടു എന്ന് വിചാരിക്കാന്‍ ഒരു പഴുതും ഇതിലില്ല. അവരുടെ ആവശ്യം വാള്‍ തൂക്കിയിട്ടാല്‍ വിജയസാധ്യത ഉണ്ടാകുന്ന ഒരു മരം നിശ്ചയിച്ചു കിട്ടല്‍ മാത്രമാണ്. അതാകട്ടെ ഒരു ഇലാഹിനെ കൂടി ചോദിക്കല്‍ തന്നെയാണെന്ന് സ്വഹാബിമാര്‍ക്ക് നബി(സ്വ) പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആരാധിക്കാന്‍ അല്ലാഹു മാത്രം പോരെന്നോ, ഒരു ഇലാഹു കൂടി വേണമെന്നോ, ഒരു മരത്തെ ഞങ്ങള്‍ ഇലാഹാക്കട്ടെ എന്നോ അവര്‍ ചോദിച്ചിട്ടില്ല.
മുസ്‌ലിമായ ഒരാളെയും ചൂണ്ടി നീ മുശ്‌രിക്കാണ്, കാഫിറാണ് എന്നൊന്നും അവധാനതയില്ലാതെ പറയാന്‍ പാടില്ല എന്നാണ് ഇമാമുകള്‍ പഠിപ്പിക്കുന്നത്. എന്ന് വച്ച് സമുദായത്തില്‍ നടക്കുന്ന ശിര്‍ക്കന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാണുമ്പോള്‍ അക്കാര്യം, ശിര്‍ക്കാണെങ്കില്‍ അങ്ങനെ തന്നെ പറഞ്ഞ്, ഗുണകാംക്ഷയോടെ അവരെ ഉണര്‍ത്തല്‍ അറിവുള്ളവരുടെ നിര്‍ബന്ധ ബാധ്യതയാണ്.
അതോടൊപ്പം തന്നെ, അവരെ മുസ്‌ലിമായി തന്നെ പരിഗണിച്ച് അവരെ സംസ്‌കരിക്കാനും ശ്രമിക്കേണ്ടതാണ്. അല്ലാതെ അവരെ മുശിരിക്കും കാഫിറുമാക്കി ഇസ്ലാമിന് പുറത്ത് നിര്‍ത്തുകയല്ല വേണ്ടത്.
Back to Top