22 Sunday
December 2024
2024 December 22
1446 Joumada II 20

ശാസ്ത്രവും ധാര്‍മികതയും ഇഴചേര്‍ന്ന വിദ്യാഭ്യാസം – അബ്ദുസ്സലാം പുത്തൂര്‍

സ്വസ്ഥവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുവാന്‍ സഹായകമായ പല മാര്‍ഗങ്ങളും തത്വചിന്തകന്മാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യബുദ്ധിയെയും പ്രപഞ്ചത്തിലെ അനന്ത സാധ്യതകളെയും സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ഇവയ്ക്ക് സാധ്യമായിട്ടില്ല. തൃപ്തികരമായ ഒരു ദര്‍ശനം ആവിഷ്‌കരിക്കുവാന്‍ മനുഷ്യബുദ്ധിയ്ക്ക് മാത്രം സാധ്യമാവുകയില്ല എന്നത് കൊണ്ടത്രെ ഇങ്ങനെ സംഭവിക്കുന്നത്.
പ്രപഞ്ചസൃഷ്ടിപ്പിന്റെയും മനുഷ്യന് നല്‍കപ്പെട്ട ബുദ്ധിശക്തിയുടെയും മുമ്പില്‍ സ്രഷ്ടാവ് തുറന്നുവെച്ച മാര്‍ഗം ബോധ്യപ്പെടുക വഴിമാത്രമേ ആ സമാധാനവും സ്വസ്ഥതയും കൈവരികയുള്ളു. ‘മനുഷ്യനെയും ജിന്നിനെയും എന്നെ ആരാധിക്കുവാന്‍ മാത്രമാണ് നാം സൃഷ്ടിച്ചത്; അവരില്‍ നിന്ന് വല്ല ഉപജീവനവും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും നാം ഉദ്ദേശിച്ചിട്ടില്ല.നിശ്ചയം അല്ലാഹു അപാരശക്തിയുടെ ഉടമയാകുന്നു.’ (അദ്ദാരിയാത്ത്)
മനുഷ്യ സവിശേഷതയുടെയും പ്രപഞ്ച സംവിധാനത്തിന്റെയും പിന്നിലെ ലക്ഷ്യം അല്ലാഹു ഇവിടെ അനാവരണം ചെയ്യുന്നു. മാനവികതയുടെ അധ്യാപകനായ നബി തിരുമേനിയിലൂടെ ദൈവം അതിന്റെ പ്രയോഗവല്‍കരണത്തിന് അന്തിമരൂപം നല്‍കുകയും ചെയ്തു.

കാലാതിവര്‍ത്തിയായ മൂല്യങ്ങള്‍
ജീവിതവിജയത്തിനുള്ള മാര്‍ഗദര്‍ശനമായി ഉപരി ലോകത്ത്‌നിന്ന് അവതീര്‍ണമായ മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നവയാണ്. ദീനന്‍ ഖിയാമന്‍ എന്ന ഖുര്‍ആനികപ്രയോഗത്തിന്റെ ആശയം അതാണ് ഉള്‍ക്കൊള്ളുന്നത് എന്ന് മനസ്സിലാക്കാം.
വര്‍ത്തമാന ലോകം ശാസ്ത്ര സാങ്കേതികതയുടെ ഉത്തുംഗതയിലാണെന്ന് നമുക്ക് ബോധ്യമുണ്ട്. സമീപകാലത്തൊന്നും സ്വപ്‌നം കണ്ടിട്ടില്ലാത്ത വിധമുള്ള നൂതന ആശയങ്ങളും നിര്‍മിതികളും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. പ്രപഞ്ചരഹസ്യങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ചില വിജ്ഞാന മേഖലകളെ എത്തിപ്പിടിക്കാനും നമുക്ക് സാധ്യമായിട്ടുണ്ട്.
വസ്തുത ഇതൊക്കെയാണെങ്കിലും പ്രപഞ്ചത്തിന്റെയും മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം കണ്ടെത്തുന്നതില്‍ നാം പരാജയപ്പെട്ടു പോകുന്നുവെന്നത് കാണാതെ പോകുന്നു. ഈ തിരിച്ചറിവ് അവഗണിച്ചു കൊണ്ടുള്ള ജീവിതം ഭൗതികലോകത്തോ മരണാനന്തര ലോകത്തോ മനുഷ്യന്നു നന്മ വരുത്തുകയില്ല.
പ്രപഞ്ചനാഥന് കീഴ്‌പ്പെട്ടും ജീവിതത്തിന്റെ നാനാവശങ്ങളിലും അതിന്റെ പ്രതിഫലനമെന്ന നിലയ്ക്ക് ഗുണപരമായ പരിവര്‍ത്തനം വരുത്തിയും ഭൂമിയുടെ പരിപാലകനാവാന്‍ പഠിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപകന്‍ നിര്‍വഹിച്ച മഹത്തായ അധ്യാപനം. ഓരോ ജീവിയ്ക്കും ആവശ്യമായ ഉപജീവനം നല്‍കുന്നതും മനുഷ്യന് ജീവിതത്തില്‍ സുഭിക്ഷതയോ പ്രയാസമോ വരുത്തുന്നതും ദൈവീക നിശ്ചയമാണെന്ന ചിന്ത ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. ‘അല്ലാഹു, ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹിക ജീവിതംകൊണ്ട് ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ചു ഐഹികജീവിതം ഒരു നിസ്സാര അനുഭവമല്ലാതെ മറ്റൊന്നുമല്ല’ (13:26)
തിരിച്ചറിവിന്റെയും ദൈവത്തോടുള്ള വിനീതഭാവത്തിന്റെയും ജീവിതം നയിക്കുന്ന വിശ്വാസിക്ക് ലഭ്യമാകുന്ന ഉപജീവനം അവനെ നയിക്കുക സല്‍പന്ഥാവിലേക്കും അതുവഴി സ്വര്‍ഗീയ ലോകത്തേക്കുമാണ്. അല്ലാഹു അതിങ്ങനെ വിശദീകരിച്ചു. ‘നിഷേധികള്‍ ചോദിക്കുന്നു: എന്തുകൊണ്ട് അവന്റെ രക്ഷിതാവില്‍ നിന്ന് ഒരു ദൃഷ്ടാന്തം അവതരിക്കുന്നില്ല!? നബിയേ താങ്കള്‍ പറയുക: അല്ലാഹു ഉദ്ദേശിക്കുന്നവനെ വഴികേടിലാക്കുകയും തിരിച്ചറിവുള്ളവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. വിശ്വസിക്കുകയും ഹൃദയങ്ങള്‍ ദൈവ സ്മരണയാല്‍ ശാന്തത കൈവരികയും ചെയ്തവര്‍.മനസ്സിന്റെ ശാന്തത ദൈവസ്മരണ കൊണ്ട് മാത്രമേ ഉണ്ടാവുകയുള്ളു’ (13:27)
മനുഷ്യന്‍ സ്വാംശീകരിക്കേണ്ട പഠനാനുഭവത്തെയും ആര്‍ജിക്കേണ്ട മൂല്യങ്ങളും ധാരണകളും ഉപരി സൂചിത വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപജീവന രംഗത്തെ വിശാലതയോടും ഞെരുക്കത്തോടും സമീപിക്കേണ്ട രീതിശാസ്ത്രമാണ് പ്രതിപാദ്യ വിഷയം. മാനവകുലത്തില്‍ നടക്കുന്ന എല്ലാത്തരം അരക്ഷിതാവസ്ഥയ്ക്കും അക്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെല്ലാം കാരണം, വിഭവ വിതരണത്തിന്റെ ദൈവീക യുക്തി തിരിച്ചറിയാതെ പോയത് മൂലമാണ്. ദൈവസ്മരണയില്ലാത്തവന്‍ നേടിയ അറിവ് ലഭ്യമായ അനുഗ്രഹത്താല്‍ വഞ്ചിതനായി മാറുന്നു. ജീവിത വിശാലതയില്‍ എല്ലാം മറന്ന് അവന്‍ പുളകം കൊള്ളുന്നു.
രാപ്പകല്‍ ഭേദമെന്യേ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അദൃശ്യ ശക്തിയെ അവന്‍ മറന്നുകളയുന്നു. നൈമിഷിക ജീവിതത്തിന്റെ പരിമിതവൃത്തത്തിനകത്ത് അശ്രദ്ധമായ ജീവിതത്തിനുവേണ്ടി ദൈവം ജീവിതച്ചരട് അല്‍പം അയച്ചുകൊടുത്തതിനെയാണ് ജീവിതമായി അവന്‍ കണക്കാക്കുന്നത്.. പരലോകത്തേക്ക് മടങ്ങിയാലോ തന്റെ ജീവിതത്തിലെ മൂല്യങ്ങളെ അവഗണിച്ചതിന്റെ പരിണിതിയാല്‍ ശിക്ഷ ഏല്‍ക്കേണ്ടി വരികയും ചെയ്യുന്നു.

മനുഷ്യന് അഹങ്കരിക്കാനെന്തുണ്ട്?
‘അവന്റെ രക്ഷകന്‍ ദൃഷ്ടാന്തവതരിപ്പിക്കാത്തതെന്ത് എന്ന അഹന്ത നിറഞ്ഞ ചോദ്യമുന്നയിച്ചത് കൊണ്ടാണവര്‍ക്ക് ഈ അനുഭവമുണ്ടായത്. അല്ലാഹു അതിന് നല്‍കിയ മറുപടി സുവ്യക്തവും. ‘നിശ്ചയം അല്ലാഹു അവനുദ്ദേശിക്കുന്നവനെ വഴികേടിലാക്കുന്നു. പശ്ചാതാപമനസ്‌കരെ സന്മാര്‍ഗത്തിലാക്കുന്നു.’
ദൈവസ്മരണകൊണ്ടു മാത്രം ലഭ്യമാകുന്ന സമാധാനത്തിന്റെയും സ്വസ്ഥതയുടേയും വിശുദ്ധമായ ഒരു ജീവിതാന്തരീക്ഷത്തിലേക്കു പ്രവേശിക്കുവാനാണ് ഏക ദൈവവിശ്വാസം ആവശ്യപ്പെടുന്നത്. രോഗാതുരമായ മനുഷ്യമനസ്സിനെ അരോഗമാക്കാനുള്ള ഒരേ ഒരു ചികിത്സ അത് മാത്രമാണ്. വിശ്വാസിക്ക് ലഭിക്കുന്ന ഈ അനുഭൂതി പ്രവചനാതീതമായ അനുഭവമായിരിക്കും. ലോകത്തോട് ഇണങ്ങിയുള്ള ജീവിതമായിരിക്കും അവന്‍ നയിക്കുക. ലോകം തന്നെ അവന്റെ കൂട്ടുകാരനായിരിക്കും. തന്റെ ചുറ്റുമുള്ളതെല്ലാം ദൈവസൃഷ്ടി എന്ന നിലയില്‍ അവയുമായി പൊരുത്തപ്പെട്ട് പോകേണ്ടവനാണെന്ന് താനെന്ന് അവന്‍ തിരിച്ചറിയുന്നു.
താന്‍ ഏറ്റവുമധികം ഇണക്കം കാണിക്കേണ്ടത് പ്രപഞ്ചനാഥനോടാണെന്നവനറിയുന്നു. ദൈവവുമായി ബന്ധം സ്ഥാപിക്കാത്തവന്‍ നിര്‍ഭാഗ്യവാനാണ്. ശക്തമായ ദൈവീകബാന്ധവ പാശത്തെ വിഛേദിച്ചുകളയുന്നവന്‍ ആകാശത്ത്‌നിന്ന് വീണവരെ പോലെയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. എന്തിന് വന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ അവനറിയുന്നില്ല. പ്രപഞ്ചവ്യവസ്ഥയും താനുമായുള്ള ബന്ധമെന്താണെന്നവര്‍ തിരിച്ചറിയാതെ പോകുന്നു. ജീവിതത്തിന്റെ ഊഷരഭൂമിയില്‍ ഒറ്റപ്പെട്ടു പോയ ഇത്തരക്കാരേക്കാള്‍ നിര്‍ ഭാഗ്യവാന്‍മാരായി മറ്റാരുമില്ല.
ലോക സമ്പത്തില്‍ വലിയ പങ്ക് കൈയടക്കി വെച്ചവര്‍, ആയുസ്സ്, ആരോഗ്യം, ശക്തി, ധനം എല്ലാമുണ്ടായിട്ടും പക്ഷെ ദുഃഖം, അരക്ഷിതത്വം, ഭയം തുടങ്ങി പലതരം ഭാരം പേറുകയാണവര്‍. വിശാലമായ അധികാരത്തിന്റെയും ആജ്ഞാശക്തിയുടെയും ലോകമവര്‍ക്കുണ്ടായിട്ടും യുദ്ധത്തിന്റെയും, ശത്രുതയുടെയും, ഭിന്നതയുടെയും കടിഞ്ഞാണ്‍ അവരെ വരിഞ്ഞുമുറുക്കുന്നു. അധികാരച്ചെങ്കോലുകളോ സിംഹാസനങ്ങളോ അവര്‍ക്ക് സ്വസ്ഥത നല്‍കുന്നില്ല.

സൗകര്യങ്ങളെല്ലാമുണ്ട് എന്നിട്ടും…
മനുഷ്യന്റെ ജീവിത പരിസരം ആവശ്യമായ ഉപകരണങ്ങള്‍ കൊണ്ടും അത് ഉപയോഗിക്കേണ്ട ടെക്‌നോളജികൊണ്ടും സമ്പന്നമാണ്. അതിന്റെയെല്ലാം മികവില്‍ അഭിമാനം കൊള്ളുന്നവനുമാണവന്‍. എന്നാല്‍ താന്‍നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയാതെ വരികയോ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി മാറുകയോ ചെയ്യുമ്പോള്‍ ദുഃഖത്തിന്റെയും ദൗര്‍ബല്യത്തിന്റെയും ഗര്‍ത്തത്തിലേക്കാണ് താന്‍ നയിക്കപ്പെടുന്നത് എന്ന ചിന്ത അവനെ അസ്വസ്ഥനാക്കുന്നു. അപ്പോഴും തന്റെ മുമ്പില്‍ സമാധാനത്തിന്റെയും സ്വസ്ഥതയുടെയും ദൈവീക മാര്‍ഗം തുറന്ന് കിടപ്പുണ്ട് എന്ന യാഥാര്‍ഥ്യം അവന്‍ തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.
സ്ഥായിയായ സമാധാനം തരുന്നതും ജീവിതത്തെ വര്‍ണശഭളിതമാക്കുന്നതുമായ ദൈവ സ്മരണയാണത്. പ്രപഞ്ചത്തിന്റെ ബാഹ്യമോ ആന്തരികമോ ആയ സകലമാന വസ്തുക്കളും, അപാര ശക്തിയുടെയും നിയന്ത്രണാധികാരത്തിന്റെ ഉടമയായ ദൈവത്തിന് വിധേയപ്പെട്ടവയാണ്.
ശാസ്ത്രവും, നാഗരികതയും നവീനാനിഷ്‌കാരങ്ങളും എത്രമേല്‍ സമ്പന്നമാണെന്ന് തോന്നിയാലും അവയുടെയെല്ലാം നിയന്ത്രണം ഉടമപ്പെടുത്തിയ പ്രപഞ്ചന നാഥനെ അറിയാനുള്ളതാണ് വിദ്യാഭ്യാസം. അധ്യാപകന്റെ അധ്യാപനം സഫലമാകുന്നതും വിദ്യാര്‍ത്ഥിയുടെ പഠനം ലക്ഷ്യം നേടുന്നതും അത്തരം ഒരു തിരിച്ചറിവിലുടെ മാത്രമായിരിക്കും. ‘വിശ്വസിക്കുകയും ദൈവസ്മരണയാല്‍ മനസ്സ് ശാന്തത നേടുകേയോ ചെയ്തവര്‍; അറിയുക; ദൈവ സ്മരണ കൊണ്ട് മാത്രമാണ് മനസ്സിന്റെ ശാന്തത’.

Back to Top