21 Saturday
December 2024
2024 December 21
1446 Joumada II 19

വ്യാജ ഏറ്റുമുട്ടല്‍കൊലപാതകങ്ങളുടെ നിഗൂഢലോകം നിയമത്തിന്റെ പിടിയില്‍ നിന്ന് സ്പെഷ്യലിസ്റ്റുകളെ രക്ഷിച്ചു നിര്‍ത്തുന്ന വകുപ്പുകള്‍


ഏറ്റുമുട്ടല്‍ കൊലപാതകം. ഇന്ത്യന്‍ മാധ്യമങ്ങളില്‍ പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വാക്കാണിത്. പലപ്പോഴും കൊലപാതകം എന്ന ഭാഗം റിപ്പോര്‍ട്ടിംഗിന്റെ ഭാഗമാവില്ല. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റവാളികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അല്ലെങ്കില്‍, തെളിവെടുപ്പിനിടെ പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാന്‍ ശ്രമിച്ച കുറ്റവാളികളെ പൊലീസ് ആത്മരക്ഷാര്‍ഥം വെടിവെച്ചുവീഴ്ത്തി. ഇങ്ങനെയൊക്കെയായിരിക്കും പത്രങ്ങളിലെ തലക്കെട്ടുകള്‍. പൊലീസ് നല്‍കുന്ന വിവരണവും എന്നും ഏകദേശം ഒരുപോലിരിക്കും എന്നുമാത്രം.ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥകൂടിയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ ഇന്ത്യ വികസനത്തിന്റെ പാതയിലാണ്. വികസനത്തോടൊപ്പം ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ തോതും വര്‍ധിച്ചിട്ടുണ്ട്. പുതിയ കുറ്റകൃത്യങ്ങള്‍ വന്ന മുറയ്ക്ക് ഭരണകൂടവും പൊലീസും നീതിന്യായ വ്യവസ്ഥയും ചേര്‍ന്നുകൊണ്ട് അവയെ ചെറുക്കാനുള്ള പുതിയ നിയമങ്ങളും നിര്‍മിച്ചുകൊണ്ടിരുന്നു. ഈ നിയമങ്ങള്‍ നടപ്പിലാക്കേണ്ട കോടതിക്ക് മുന്നില്‍ സമയാനുസൃതമായി കുറ്റവാളികളെ കണ്ടെത്തി, പഴുതടച്ച കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് അവരെ കൊണ്ടുനിര്‍ത്തേണ്ട ചുമതലയുള്ള പൊലീസ് പലപ്പോഴും അക്കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകാതെ പോകുന്നു. കുറ്റവാളികള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നു, അല്ലെങ്കില്‍ ശിക്ഷ പരമാവധി വൈകിക്കുന്നു. കേരളത്തില്‍ തന്നെ പല കേസുകളിലും നമ്മള്‍ ഈ അവസ്ഥ നേരില്‍ കണ്ടിട്ടുള്ളതാണ്.

പൊലീസിന്റെ അസംതൃപ്തി

പൊലീസ് കൃത്യമായി അന്വേഷിക്കുന്ന കേസുകളില്‍ പോലും പലപ്പോഴും വിചാരണവേളയില്‍ പ്രോസിക്യൂട്ടറെ സ്വാധീനിച്ച്, സാക്ഷികളെ കൂറുമാറ്റി പ്രതികള്‍ രക്ഷപ്പെടുന്നു. അത് പലപ്പോഴും പൊലീസ് ഉദേ്യാഗസ്ഥരെ ഏറെ പ്രാകൃതമായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്നയാളാണ് പ്രതി എന്ന് തങ്ങളുടെ മുന്നില്‍ അപ്പോള്‍ വന്ന സാഹചര്യത്തെളിവുകള്‍ വെച്ച് അവര്‍ ഉറപ്പിക്കുന്നു. മിനക്കെട്ട് പിടികൂടി കോടതിയില്‍ ഹാജരാക്കിയാലും അവര്‍ രക്ഷപ്പെട്ടുപോകും എന്ന് തോന്നുമ്പോള്‍, അവര്‍ കോടതി വരെ എത്താതെ താനെന്ന അത്തരം കേസുകളില്‍, നീതി ഉറപ്പുവരുത്തേണ്ട ന്യായാധിപന്റെ റോള്‍ കൂടി ഏറ്റെടുത്ത് വിധി നടപ്പിലാക്കുന്നു. അങ്ങനെ കോടതിയില്‍ എത്തും മുമ്പ് നടപ്പിലാക്കപ്പെടുന്ന വധശിക്ഷകളെ ഇന്ത്യയില്‍ വിളിക്കുന്ന പേരാണ് എന്‍കൗണ്ടറുകള്‍ എന്നത്. ഇത്തരം എന്‍കൗണ്ടര്‍ കൊലപാതകങ്ങളുടെ ഒരു പ്രത്യേകത, കോടതിക്ക് ആ കൊലകള്‍ തീര്‍ത്തും നിയമത്തിന്റെ പരിധിക്കകത്തു നില്‍ക്കുന്നതാണ്, ഉദ്യോഗസ്ഥന്‍ തന്റെ ഡ്യൂട്ടി നിര്‍വഹണത്തിന്റെ ഭാഗമായി നിര്‍വഹിച്ചതാണ് എന്ന് ബോധിപ്പിക്കുന്ന എല്ലാ തെളിവുകളും, അതിനുവേണ്ട ദൃക്‌സാക്ഷികളെയടക്കം പൊലീസ് ഹാജരാക്കിയിരിക്കും.അവര്‍ക്ക് വിപരീതമായ രീതിയില്‍ സാക്ഷ്യം പറയേണ്ട സി സി ടി വി കാമറകള്‍ ആ നിര്‍ണായക സമയത്ത് വളരെ ആകസ്മികമായി പ്രവര്‍ത്തന രഹിതമായിട്ടുണ്ടാകും. പല നിര്‍ണായക മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. പല ഫോറന്‍സിക് തെളിവുകളും പൊലീസ് അവഗണിച്ചിട്ടുണ്ടാകും. സമയാനുസൃതമായി ശേഖരിക്കേണ്ട തെളിവുകള്‍, ആ സമയം അവസാനിക്കും വരെ ശേഖരിക്കില്ല. അങ്ങനെ കോടതിയില്‍ എത്തുമ്പോള്‍, തെളിവുകളുടെ അഭാവത്തില്‍ പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസര്‍മാര്‍ക്കും കോടതി ക്ലീന്‍ചിറ്റ് നല്‍കും. ഇതിനിടെ അവര്‍ അടുത്ത സെറ്റ് എന്‍കൗണ്ടറുകളുടെ വിചാരണയ്ക്കായി കോടതിയില്‍ എത്തിയിട്ടുണ്ടാകും. വീണ്ടും അതേ പ്രക്രിയ തന്നെ ആവര്‍ത്തിക്കപ്പെടും. ഇതാണ് ചരിത്രം.എണ്‍പതുകളുടെ തുടക്കത്തില്‍ മുംബൈ പൊലീസിലെ ഡേര്‍ട്ടി ഹാരികള്‍ എന്നറിയപ്പെട്ടിരുന്ന 1983 ബാച്ച് ഓഫീസര്‍മാരാണ് ഈ വാക്കിനെ ഇന്ത്യയില്‍ ഏറെ ജനപ്രിയമാക്കുന്നത്. ദയാ നായക്ക്, പ്രദീപ് ശര്‍മ്മ, പ്രഫുല്‍ ഭോസ്‌ലെ, വിജയ് സലസ്‌കര്‍ എന്നിങ്ങനെ പലരും തോക്കും പിടിച്ചുകൊണ്ട് പത്രത്താളുകളില്‍ നിറഞ്ഞുനിന്നു. നാനാപടേക്കര്‍ അഭിനയിച്ച് ഷിമിത് അമിന്‍ സംവിധാനം ചെയ്ത ‘അബ് തക് 56’ എന്ന ബോളിവുഡ് ചിത്രം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്ന വാക്കിന് ഒരു കാല്പനിക പരിവേഷം പോലും ചാര്‍ത്തിക്കൊടുത്തു. അവരില്‍ ഒരാള്‍ ഒരിക്കല്‍ പറഞ്ഞത്, ‘ഞായറാഴ്ച ദിവസം (ആരെയും വെടിവെച്ചുകൊല്ലാനില്ലാത്തതു കൊണ്ട്) എനിക്ക് ബോറടിക്കാറുണ്ട് എന്നാണ്’. ഇത്തരം കൊലപാതകങ്ങള്‍ പിന്നീടുള്ള ദശകത്തില്‍ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഒക്കെ ആവര്‍ത്തിക്കപ്പെട്ടു. അവ നീതി നടപ്പിലാക്കലിന്റെ ‘അതിവേഗ’ മാതൃകകളായി വാഴ്ത്തപ്പെട്ടു.

എന്താണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊല 

തങ്ങള്‍ നേരത്തേ പിടികൂടിയ, നിരായുധരായ ഒന്നോ അതിലധികമോ കസ്റ്റഡിപ്രതികളെ പൊലീസ് അവര്‍ തയ്യാറാക്കിയ ക്രൈം സീനിലേക്ക് കൊണ്ടുവന്ന് അവരെ വെടിവെച്ചു കൊന്നുകളയുന്നു. ഈ സാഹചര്യങ്ങളില്‍ വിശ്വാസ്യത ഏറ്റാന്‍ വേണ്ടി പ്രതികളുടെ കയ്യില്‍ തോക്കുകള്‍ പിടിപ്പിച്ച് അതില്‍ നിന്ന് ഉണ്ടകള്‍ പായിക്കുന്നു. ആ ഉണ്ടകള്‍ പിന്നീട് തെളിവായി കണ്ടെടുക്കുന്നു. ചില കേസുകളില്‍ പൊലീസില്‍ ചിലര്‍ ആ ഉണ്ടകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നു. അതോടെ വിശ്വാസ്യത ഇരട്ടിക്കുന്നു. ഇരകളുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആ ആയുധങ്ങളും പിന്നീട് പൊലീസ് കണ്ടെടുത്തത് തെളിവായി കൂട്ടുന്നു. പല കേസുകളിലും തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ഓടിരക്ഷപ്പെട്ടു എന്നും അവരെ തേടിപ്പിടിച്ച ശേഷം നടന്ന ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടു എന്നും വരുത്തുന്നു.ഈ കേസുകളില്‍ വളരെ ചുരുങ്ങിയ എണ്ണത്തില്‍ മാത്രം കോടതി ഓഫീസര്‍മാര്‍ക്ക് ശിക്ഷവിധിച്ച ചരിത്രവുമുണ്ട്. എന്നാലും അത് വളരെ ചെറിയ ഒരു ശതമാനം കേസില്‍ മാത്രം നടക്കുന്ന അപൂര്‍വതയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശേഖരിച്ച കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എന്‍കൗണ്ടര്‍ കേസുകളില്‍ പാതിയും വ്യാജമാണ്.

അതിലംഘിക്കുന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശം

പൊലീസ് വൃത്തങ്ങള്‍ ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ വധങ്ങളെ എന്നും ന്യായീകരിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ മറുവശത്ത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ, നിയമസഹായ സംഘടനകള്‍ ആ കൊലപാതകങ്ങള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കാനും ന്യായമായ വിചാരണ ഉറപ്പുവരുത്താനും ശ്രമിക്കുന്നുമുണ്ട്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന അനുവദിച്ചുനല്‍കിയിട്ടുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഈ പൊലീസ് കൊലപാതകങ്ങള്‍. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശവും, സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉറപ്പുതരുന്നുണ്ട്. അതുകൊണ്ടുതന്നെ പൊലീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളില്‍ രാജ്യത്തെ പൗരന്മാരുടെ ജീവന്‍ നഷ്ടമാകാതെ നോക്കാനുള്ള ബാധ്യതയും ഗവണ്മെന്റുകള്‍ക്കുണ്ട്.

വ്യാജഏറ്റുമുട്ടലിന്നിയമപരിരക്ഷ നല്‍കുന്ന  വകുപ്പുകള്‍

ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ എന്‍കൗണ്ടര്‍ എന്ന രഹസ്യകൊലപാതകങ്ങളെ നിയമവിധേയമാകുന്ന ഒരു വകുപ്പുമില്ല എന്നുകാണാം. അവിടെ പൊലീസ് എടുത്തുപയോഗിക്കുന്നത് ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വയം രക്ഷാവകാശം സംബന്ധിച്ച വകുപ്പാണ്. ഐ പി സി 96/100 വകുപ്പുകള്‍ പ്രകാരം ഈ പരിഗണനയില്‍ പൊലീസ് ഓഫീസര്‍ക്ക് സംരക്ഷണം കിട്ടുന്നുണ്ട്. ഐ പി സി സെക്ഷന്‍ 300 ന്റെ മൂന്നാംഒഴിവ് പ്രകാരം, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ സേവനം അനുഷ്ഠിക്കുന്നതിനിടെ നേരിടുന്ന തടസ്സങ്ങള്‍ക്കിടെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മറ്റൊരാളെ മനപ്പൂര്‍വം വധിക്കുക എന്ന ഉദ്ദേശത്തോടെയല്ലാതെ നടത്തുന്ന സ്വയരക്ഷാപരമായ ആക്രമണത്തില്‍ അയാള്‍ വധിക്കപ്പെട്ടാല്‍ അത് കൊലപാതകത്തിന്റെ നിര്‍വചനത്തില്‍ പെടില്ല. 1951-ലെ ബോംബെ പൊലീസ് ആക്ടിന്റെ സെക്ഷന്‍ 160-ലും ചില സവിശേഷ സാഹചര്യങ്ങളില്‍ ഓഫീസര്‍മാര്‍ നടത്തുന്ന പൊലീസ് എന്‍കൗണ്ടറുകള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നുണ്ട്. അതുപോലെ സിആര്‍പിസി സെക്ഷന്‍ 46 (1) & (2) എന്നിവ കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ എങ്ങനെയും പിടികൂടാം എന്ന് പറയുന്നുണ്ട്. എന്നാല്‍ അതുപോലും, കൊലക്കുറ്റത്തിനോ അല്ലെങ്കില്‍ ജീവപര്യന്തം തടവിനോ ശിക്ഷിക്കപ്പെട്ടവര്‍ ഇതേ കൃത്യം ചെയ്താല്‍ അവരെ ഒരു കാരണവശാലും മാരകമായി പരിക്കേല്‍പ്പിക്കാന്‍ പാടില്ല എന്ന് കൃത്യമായി പറയുന്നുണ്ട്. എന്‍കൗണ്ടര്‍ ചെയ്യപ്പെടുന്ന എല്ലാ പ്രതികളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അല്ല എന്നതുതന്നെ കാരണം.  എന്നാല്‍, അതിനുശേഷം പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും മഹാരാഷ്ട്രാ സര്‍ക്കാരുമായി നടന്ന വ്യവഹാരങ്ങളിലൊന്നില്‍ ഏതൊരു എന്‍കൗണ്ടര്‍ കൊലപാതകം നടന്നാലും അതേപ്പറ്റി വിശദമായി ഒരു സ്വതന്ത്രാന്വേഷണം നടത്തി പൊലീസ് പറയുന്ന കഥകള്‍ സത്യമോ എന്നുറപ്പിക്കാന്‍ സ്ഥലത്തെ മജിസ്‌ട്രേട്ടിന് ബാധ്യതയുണ്ട് എന്ന് വിധിച്ചിരുന്നു. ഇതു പ്രകാരം നിര്‍ബന്ധമായും ഈ വിഷയത്തില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കണം. തുടര്‍ന്ന് മജിസ്റ്റീരിയല്‍ അന്വേഷണം നടക്കണം, പ്രസ്തുത ഏറ്റുമുട്ടലിന്മേല്‍ നല്‍കാന്‍ സാധ്യതയുള്ള ഗാലന്‍ട്രി അവാര്‍ഡുകള്‍ അന്വേഷണം പൂര്‍ത്തിയാകും വരെ തടഞ്ഞുവെക്കണം, എന്‍കൗണ്ടര്‍ ചെയ്യപ്പെടുന്ന വ്യക്തികളെപ്പറ്റി ലഭിച്ചു എന്ന് പറയുന്ന രഹസ്യവിവരം കൃത്യമായി രേഖപ്പെടുത്തപ്പെടണം. പ്രസ്തുത രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് പാര്‍ട്ടി ഏര്‍പ്പെടുന്ന സംഘട്ടനം വധത്തില്‍ കലാശിച്ചാല്‍ അത് കൃത്യമായി എഫ്‌ഐആര്‍ ചെയ്യപ്പെടണം. പ്രസ്തുത കേസ് അന്വേഷിക്കുന്ന സംഘം അല്ലാതെ സിഐഡി പോലെ മറ്റൊരു സ്വതന്ത്രാന്വേഷണ സംഘം ഈ എന്‍കൗണ്ടറിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണം. മരണം സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് പ്രതികളുടെ ബന്ധുക്കളെ വിവരമറിയിക്കണം. ഈ മരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ആറുമാസം കൂടുമ്പോഴുള്ള റിപ്പോര്‍ട്ട് ഡിജിപി നേരിട്ട് ദേശീയ മനുഷ്യാവകാശകമ്മീഷന് നല്‍കണം എന്നിങ്ങനെ നിരവധി  നിര്‍ദേശങ്ങള്‍ എന്‍കൗണ്ടറുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയുടേതായിട്ടുണ്ട്.കെ എസ് സുബ്രമണ്യന്‍ എന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കും മറ്റും നേതൃത്വം നല്‍കിയിട്ടുള്ള മുന്‍കാല ഐ പി എസ് ഓഫീസര്‍ 2012-ല്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇന്ത്യന്‍ പൊലീസ് എന്നുമുതലാണ് സ്വയം നിയമമായി പരിണമിച്ചത്?” ‘എന്‍കൗണ്ടര്‍’ എന്ന ഓമനപ്പേരില്‍ കാല്പനികവല്‍ക്കരിച്ചുകൊണ്ട്, നിയമത്തിന്റെ ഭാഗിക പരിരക്ഷയോടെ തന്നെ നടക്കുന്ന ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്ക് തടയിടാന്‍ നീതിന്യായവ്യവസ്ഥ തന്നെ അടിയന്തരമായി ഇടപെട്ടുകൊണ്ട് വേണ്ടത് ചെയ്തില്ലെങ്കില്‍, അത് നീതിന്യായ വ്യവസ്ഥയ്ക്കും, ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.

Back to Top