21 Saturday
December 2024
2024 December 21
1446 Joumada II 19

വേള്‍ഡ് ഹിജാബ് ഡേ

ഫെബ്രുവരി ഒന്ന് ലോക ഹിജാബ് ദിനമായാണ് ആചരിച്ച് വരുന്നത്. വിവിധ രാജ്യങ്ങളിലെ മുസ്‌ലിം സ്ത്രീകള്‍ ഇത്തവണത്തെ ഹിജാബ് ദിനം ആഘോഷിച്ചതാണ് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രധാന വാര്‍ത്ത. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹിജാബ് ദിനം ആചരിച്ച് വരുന്നുണ്ട്. ഹിജാബിനെ ഒരു വ്യക്തിഗതമായ തെരഞ്ഞെടുപ്പിന്റെ അടയാളമായും അവകാശ നിഷേധങ്ങള്‍ക്കെതിരേയുള്ള ചെറുത്തു നില്പുകളുടെ പ്രതീകമായും ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണത്തെ ഹിജാബ് ദിനം ആഘോഷിക്കപ്പെട്ടത്. വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ ഹിജാബണിഞ്ഞ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവുകളിലിറങ്ങി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ന്യൂയോര്‍ക്ക്, ലണ്ടന്‍ നഗരങ്ങളില്‍ ഇത്തവണത്തെ ആഘോഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ സജീവമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഘോഷങ്ങള്‍ ഹിജാബുകളിലെ വൈവിധ്യങ്ങളുടെ ഒരു പ്രദര്‍ശനം കൂടിയായിരുന്നു. ഹിജാബ് ഡേ ആഘോഷങ്ങള്‍ ആരംഭിച്ചതിന് ശേഷം ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പരിപാടിയുടെ സംഘാടകര്‍ വിലയിരുത്തുന്നത്. അവകാശ നിഷേധങ്ങളെ ധൈര്യപൂര്‍വം ചോദ്യം ചെയ്യാനുള്ള ഇച്ഛാശക്തി പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്റെ വസ്ത്രം എന്റെ തെരഞ്ഞെടുപ്പ്, ഹിജാബ് എന്റെ സ്വകാര്യത, ഹിജാബ് എന്റെ സംരക്ഷണം തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് വിവിധ നഗരങ്ങളില്‍ പ്രകടനം നടന്നത്.
Back to Top