12 Friday
December 2025
2025 December 12
1447 Joumada II 21

വെള്ളപ്പൊക്കം – രഗില സജി

കുന്നിന്‍ ചെരിവിലാണ് താമസം.
വെള്ളപ്പൊക്കത്തില്‍ നനയുമെന്ന്
പോലും വിചാരിച്ചതല്ല.
എന്നിട്ടും വീടിന്റെ പടിക്കല്‍
കാലു നീട്ടിയിരുന്നൊരു വൈന്നേരത്ത്
വെള്ളം ഒരുപാധിയുമില്ലാതെ
കയറി വന്നു.

വീട്, വീടിന്റെ മേല്‍ക്കൂരയില്‍ കൊത്തുന്ന
മേഘക്കുരുവികള്‍, കാലി മേയുന്ന താഴ്‌വാരം
വെയിലൊച്ചയില്‍ മെരുങ്ങി കരുവാളിച്ച മരങ്ങള്‍
എല്ലാം വെള്ളത്തിലേക്കാഴ്ന്നു.

താഴുന്തോറും
വെള്ളത്തിന്റെ നഗ്‌നത കൂടുതല്‍ വെളിപ്പെട്ടു.
മീനുകളുമ്മ വക്കുന്ന എന്റെ വീടിന്റെ ചുമര്.

മേഘങ്ങളില്‍ നക്ഷത്രങ്ങളെ
കോര്‍ക്കുന്ന നീര്‍പ്പാമ്പുകള്‍.
മുറ്റത്ത് ഉണക്കാനിട്ട മഞ്ഞള്‍ തേച്ച്
മയപ്പെടുന്ന കരിമ്പാറകള്‍.

കാലികളാകെ കടല്‍പ്പൂക്കളായി
രൂപാന്തരപ്പെട്ടു.

മരങ്ങളെല്ലാം വേരുകളെ സ്വതന്ത്രരാക്കി
ഒഴുക്കിനൊപ്പം ഇലയാട്ടി.

വീടിന്റുമ്മറത്ത് കാല്‍ നീട്ടിയിരുന്ന
ഞാന്‍ ഉള്ളതൊക്കെ
വെള്ളത്തിലൊളിപ്പിച്ച്
അതിന് മീതെ കാവലിന്
മലര്‍ന്ന് കിടന്നു .

Back to Top