21 Saturday
December 2024
2024 December 21
1446 Joumada II 19

വിശ്വാസം അന്ധവിശ്വാസംവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍-സി പി ഉമര്‍ സുല്ലമി


അറബി ഭാഷയിലുള്ള സുന്നി, മുബ്തദിഅ് എന്നീ പ്രയോഗങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ഇന്ന് പ്രയോഗിച്ചുവരുന്നത്. സുന്നി എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നാണെങ്കില്‍ കേരളത്തിലെ സുന്നികള്‍ എന്നറിയപ്പെടുന്നവര്‍ അതില്‍ പെടുകയില്ല. അസ്സുന്നത്ത് എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് നബിചര്യയാണ്. എന്നാല്‍ അതിന് വിരുദ്ധമായിട്ടാണ് ‘കേരളത്തിലെ സുന്നികള്‍’ എന്ന് പറയുന്നവരുടെ ചെയ്തികള്‍. നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന, മയ്യിത്ത് സംസ്‌കരണത്തോടനുബന്ധമായി കൂട്ട ഖുര്‍ആന്‍ പാരായണം, ചാവടിയന്തിരങ്ങള്‍, ആണ്ട് നേര്‍ച്ചകള്‍, ഖുത്തുബിയ്യത്തും റാത്തീബും തുടങ്ങിയവയൊന്നും നബി(സ)യുടെ സുന്നത്തില്‍ പെട്ടതല്ല. മരിച്ചുപോയ മഹാത്മാക്കളോട് പ്രാര്‍ഥിക്കലാണ് ഇവരുടെ അടിസ്ഥാന വിശ്വാസം തന്നെ. വിശുദ്ധ ഖുര്‍ആനിലോ പ്രവാചകചര്യയിലോ നിന്ന് അത്തരം ഒരു ഒരു പ്രാര്‍ഥന പോലും ഉദ്ധരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ആ സുന്നത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ സുന്നികള്‍ ആയി അറിയപ്പെടുന്നത്. അല്ലാഹുവോടു മാത്രമുള്ള പ്രാര്‍ഥനയാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകചര്യയിലും ഉള്ളത്. ആ ആദര്‍ശം സ്വീകരിക്കുന്നവരെ മുബ്തദിഅ് (നവീനവാദി) എന്ന് ആക്ഷേപിച്ച് അവരോട് സലാം പറയാനോ അവര്‍ സലാം പറഞ്ഞാല്‍ മടക്കാനോ തയ്യാറാകാതെ അവരെ അകറ്റുകയാണ് സുന്നത്ത് വിരുദ്ധരായ കേരളത്തിലെ സുന്നികള്‍ ചെയ്യുന്നത്. അവരാണ് മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങളും പലവിധ ചൂഷണങ്ങളും മാന്ത്രിക ചികിത്സകളും നടത്തിക്കൊണ്ടിരിക്കുന്നത്.

അന്ധവിശ്വാസം എന്നാല്‍

ശാസ്ത്രത്തിന്റെയോ മതത്തിന്റെയോ പിന്തുണയില്ലാത്ത വിശ്വാസമാണ് യഥാര്‍ഥത്തില്‍ അന്ധവിശ്വാസം. ശാസ്ത്രം മനുഷ്യന്റെ ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ കൊണ്ടും കാര്യകാരണ ബന്ധങ്ങള്‍ മനസ്സിലാക്കി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടവയായിരിക്കണം. ഊഹാപോഹങ്ങള്‍ ആകാന്‍ പാടുള്ളതല്ല. മതവിശ്വാസങ്ങള്‍ മതത്തിന്റെ മൂല ഗ്രന്ഥങ്ങളിലുള്ളവയായിരിക്കണം. അല്ലാതെ പുരോഹിതന്മാര്‍ അവരുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കു വേണ്ടി മതത്തില്‍ കടത്തിക്കൂട്ടിയത് ആകാന്‍ പാടില്ല. മനുഷ്യരുടെ അജ്ഞത ചൂഷണം ചെയ്യാന്‍ വേണ്ടി മതപുരോഹിതന്മാര്‍ കടത്തിക്കൂട്ടിയവയാണ് ജിന്നിറക്കല്‍, സിഹ്‌റ്, ദുര്‍മന്ത്രവാദം തുടങ്ങിയവയെല്ലാം. അതിലൂടെ തന്നെ മനുഷ്യവര്‍ഗത്തിന് വിനാശകരമായ പല പ്രവര്‍ത്തനങ്ങളും മതവിശ്വാസികളില്‍ കടന്നുകൂടിയതാണ്. വിശ്വാസം മനസ്സിലല്ലേ, അതെങ്ങനെയാണ് നിയമംമൂലം തടയുക എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. വിശ്വാസം ഉണ്ടെങ്കില്‍ അത് പ്രകടമാകാതിരിക്കില്ല. വിശ്വാസം വാക്കും പ്രവര്‍ത്തനവുമാണ്. അത് കൂടുകയും കുറയുകയും ചെയ്യുമെന്ന് നബി(സ) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ബുഖാരി) വിശ്വാസത്തിന് അറുപതില്‍ പരം ശാഖകളുണ്ടെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതില്‍ വാക്കുകളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ഇനി വിശ്വാസം എന്തായിരുന്നാലും ഏത് മതത്തിന്റെയോ മതവിഭാഗങ്ങളുടെയോ ആയിരുന്നാലും മനുഷ്യരെ സംബന്ധിച്ചിടത്തോളം നിരുപദ്രവകരമാണെങ്കില്‍ അതിനെ നിയമനിര്‍മാണത്തിലൂടെ തടയണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. മനുഷ്യന് ഉപദ്രവകരമായ ഒരു വിശ്വാസത്തിനും കര്‍മത്തിനും ശാസ്ത്രത്തിന്റെയോ മതഗ്രന്ഥങ്ങളുടെയോ പിന്തുണ ഉണ്ടാകുകയില്ല. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍ നിലനിന്നിരുന്ന ‘സതി’ സമ്പ്രദായം നിയമം മുഖേന നിരോധിച്ചത്. അത് പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നു. ഇന്ന് ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സൃഷ്ടിച്ച് അന്ധവിശ്വാസം ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കാനാണ് മതപുരോഹിതന്മാര്‍ ശ്രമിക്കുന്നത്. വ്യാജ ദൈവങ്ങളെന്നും വ്യാജ സിദ്ധന്മാരെന്നും സാധാരണ പറയപ്പെടാറുണ്ട്. എന്നാല്‍ ദൈവങ്ങള്‍ എന്ന് അവകാശപ്പെടുന്നവരെല്ലാം വ്യാജമാണ്. ദൈവം ഒന്നേ ഉള്ളൂ എന്നാണ് എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. സിദ്ധന്മാര്‍ എന്ന് അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. ദിവ്യത്വമോ സിദ്ധിയോ ഉണ്ടെന്ന് പറയുന്നവര്‍ക്ക് അതൊരിക്കലും ശാസ്ത്രീയ പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കുകയില്ല. അതിന് കഴിയാതെ അത് കണ്ണടച്ച് വിശ്വസിക്കലാണ് അന്ധവിശ്വാസം.

അന്ധവിശ്വാസം ഇസ്‌ലാമിക വീക്ഷണത്തില്‍

വിശ്വാസത്തിന് അടിത്തറ അറിവായിരിക്കണം. അതില്ലാതെ അന്ധമായി വിശ്വസിക്കാന്‍ പാടില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അന്ധവിശ്വാസം എന്ന് പറയുമ്പോള്‍ കണ്ണുകളുടെ അന്ധതയല്ല ഉദ്ദേശിക്കുന്നത്. മനസ്സിന്റെ അന്ധതയാകുന്നു. ”തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.” (വി.ഖു 22:46)അറിവുണ്ടാകുന്നതിന് മൂന്ന് മാര്‍ഗങ്ങളാണുള്ളത്. ഇന്ദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടെയും അറിവ് സമ്പാദിക്കാം. അതാണ് ഭൗതികമായ രണ്ട് മാര്‍ഗങ്ങള്‍. ”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തെയും നീ അനുകരിക്കരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയെപ്പറ്റി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.” (വി.ഖു 17:36). ഇതുകൊണ്ടു തന്നെ യഥാര്‍ഥത്തില്‍ ഇസ്‌ലാം അന്ധവിശ്വാസത്തില്‍ നിന്ന് മുക്തമാണ്. വിശുദ്ധ ഖുര്‍ആനെപ്പറ്റി ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”മനുഷ്യരുടെ രക്ഷിതാവ് അവരെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്കവതരിപ്പിച്ച് തന്നതാണ് ഈ ഗ്രന്ഥം.” (വി.ഖു 14:1)എന്നാല്‍ മത പുരോഹിതന്മാര്‍ മതത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കടത്തിക്കൂട്ടി അവരുടെ താല്പര്യം നേടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട നിരവധി പേര്‍ ജനങ്ങളുടെ പണം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നുണ്ട്”(വി.ഖു 9:34). അതുകൊണ്ട് തന്നെ നവോത്ഥാന നായകര്‍, ഏത് മതക്കാരായാലും ആ ദൈവങ്ങളെയും സിദ്ധന്മാരെയും സൃഷ്ടിക്കുന്നതിന് എക്കാലത്തും എതിരാണ്. ഹിന്ദു മതത്തിലെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു വിഗ്രഹാരാധനക്കെതിരായിരുന്നു എന്നത് പ്രസ്താവ്യമാണ്. ചാത്തന്‍ പിശാചിന്റെ ഉപദ്രവം ഉണ്ടാകുമെന്ന് ഭയപ്പെടുത്തി കോഴിയെ ബലി നടത്തുന്നതിന് അദ്ദേഹം എതിര്‍ത്തിരുന്നു.പൗരോഹിത്യം കടന്നുകൂടിയതോടെയാണ് മുസ്‌ലിംകളില്‍ അന്ധവിശ്വാസം ഉടലെടുത്തത്. പഴയ വേദക്കാരില്‍ ഉണ്ടായിരുന്ന അനാചാരങ്ങള്‍ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുന്ന സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടാകുമെന്ന് റസൂല്‍(സ) മുന്നറിയിപ്പു നല്കിയിട്ടുണ്ട്. മതത്തില്‍ ബുദ്ധിക്ക് സ്ഥാനമില്ല എന്ന് ഈ പുരോഹിതന്മാര്‍ ആദ്യം തന്നെ പറഞ്ഞുവെക്കുന്നു. അതടിസ്ഥാനത്തില്‍ ബുദ്ധിക്കോ പ്രമാണങ്ങള്‍ക്കോ യോജിക്കാത്ത പലതും മതത്തിന്റെ പേരില്‍ ചെയ്തുകൂട്ടി അന്യായമായി വരുമാനമുണ്ടാക്കാന്‍ മുസ്‌ലിം നാമധാരികളായ പണ്ഡിതന്മാര്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് മന്ത്രവാദങ്ങളും പിശാചിനെ അടിച്ചറിക്കലും അതിനോടനുബന്ധിച്ച അതിക്രമങ്ങളും കൊലപാതകങ്ങളും. ഇത്തരം അപകടങ്ങള്‍ വരുമ്പോള്‍ അത് കൈപ്പിഴകളായി കണക്കാക്കി നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് പുരോഹിതന്മാര്‍ ശ്രമിക്കുന്നത്. മുമ്പ് കഴിഞ്ഞുപോയ ചില മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളും വാക്യശകലങ്ങളും ഉദ്ധരിച്ച് ജനങ്ങളെ കബളിപ്പിക്കനാണ് പുരോഹിതര്‍ ശ്രമിക്കുന്നത്. അതില്‍ പെട്ടതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും ഗ്രന്ഥങ്ങളില്‍ നിന്ന് ചിലതെല്ലാം ഉദ്ധരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെയോ പ്രവാചക ചര്യയുടെയോ പിന്തുണയില്ലാതെ ആരെയും അന്ധമായി അനുകരിക്കാന്‍ മുസ്‌ലിംകള്‍ കല്പിക്കപ്പെട്ടിട്ടില്ല. മുമ്പ് കഴിഞ്ഞുപോയവര്‍ ചെയ്തവയെ സംബന്ധിച്ച് അതിന്റെ ഉത്തരവാദിത്തം അവര്‍ക്കു തന്നെയാണ്. അവര്‍ എന്താണ് ചെയ്തതെന്നോ എന്ത് ഉദ്ദേശിച്ചു ചെയ്തതെന്നോ നമുക്കറിയില്ല. ”അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്ക്. അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.” (വി.ഖു 2:134). മുജാഹിദ് പ്രസ്ഥാനം അന്ധമായ അനുകരണത്തിന് എതിരാണ്. ലോകത്ത് ഒരൊറ്റ മുജ്തഹിദും ആരെയും അന്ധമായി അനുകരിക്കണമെന്ന് (തക്‌ലീദ് ചെയ്യണം) പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ നബി(സ)ക്കു ശേഷം ആര് പറഞ്ഞാലും പ്രമാണങ്ങള്‍ക്ക് യോജിക്കുന്നതാണെങ്കില്‍ സ്വീകരിക്കുക എന്നതാണ് മുജാഹിദുകളുടെ നയം.മന്ത്രവാദങ്ങള്‍ക്ക് പ്രാമാണികത്വം നല്കാന്‍ വേണ്ടി റുഖിയ ശറഇയ്യാ എന്ന പേരില്‍ മന്ത്രവാദത്തിന് മതത്തിന്റെ വര്‍ണം നല്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തില്‍ ഏത് കാലത്താണ് മതപരമായ മന്ത്രവാദം എന്ന നിലക്ക് ഒരു ചികിത്സാ സമ്പ്രദായം കടന്നുകൂടിയത്? ആരാണ് അതിന് നാമകരണം ചെയ്യുന്നത്? മതത്തിന്റെ പേരില്‍ മന്ത്രവാദം പ്രചരിപ്പിക്കുകയാണല്ലോ ഇത്. അനുവദനീയ മന്ത്രം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ അനുവദനീയമായതും ശറഈ ആയതല്ലേ. അനുവദനീയമായ മരുന്നുകള്‍ ആയുര്‍വേദമായാലും അലോപ്പതിയായാലും ഹോമിയോ ആയാലും ശറഇയ്യ അല്ലേ? അല്ലാഹുവിന്റെ കല്പനപ്രകാരം നബി(സ)യിലൂടെ അസാധാരണ സംഭവങ്ങളും പ്രകടമായിട്ടുണ്ട്. അത് മറ്റാര്‍ക്കും സാധിക്കുകയില്ല. നബിക്കു തന്നെ എപ്പോഴും സാധിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നത്: പരലോകത്ത് പ്രതിഫലം കിട്ടുന്ന മതത്തിന്റെ കാര്യം വല്ലതും നിങ്ങളോട് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ സ്വീകരിക്കുക. ഞാന്‍ നിങ്ങളോട് ഭൗതിക കാര്യങ്ങളെപ്പറ്റിയാണ് പറയുന്നതെങ്കില്‍ ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്. അതുകൊണ്ടാണ് ആധുനിക കാലഘട്ടത്തിന് അനുസൃതമായി പല കാര്യങ്ങളും പരിഷ്‌കരിച്ചതുപോലെ ചികിത്സാ സമ്പ്രദായത്തിനും പരിഷ്‌ക്കരണം ആവശ്യമായി വരുന്നത്. നബി(സ) ഒരു കുട്ടിയെ ‘അല്ലാഹുവിന്റെ ശത്രുവേ നീ പുറത്തുപോ, ഞാന്‍ അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് സുഖപ്പെടുത്തിയെങ്കില്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് വാക്കില്‍ നിന്ന് തന്നെ അത് അല്ലാഹുവിന്റെ നിര്‍ദേശത്തില്‍ നിന്ന് തന്നെയാണെന്ന് മനസ്സിലാക്കാമല്ലോ. മറ്റൊരിക്കല്‍ വായില്‍ നിന്ന് ഉമിനീര്‍ എടുത്തുകൊണ്ട് കണ്ണിനു മേല്‍ വെച്ച് കണ്ണ് രോഗം സുഖപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. കുടിക്കാനും കുളിക്കാനും വെള്ളം ഇല്ലാതായപ്പോള്‍ ചെറിയ ഒരു പാത്രത്തില്‍ കൈവച്ച് ശതകണക്കിന് ആളുകള്‍ക്ക് ഉപയോഗിക്കാന്‍ മാത്രം ജലപ്രവാഹം ഉണ്ടായതും നബിയിലൂടെ ഉണ്ടായ ഒരു സംഭവമാണ്. ഇതൊന്നും മറ്റൊരാള്‍ക്കും ചെയ്യുവാന്‍ സാധ്യമല്ല. ഇതാണ് മുഅ്ജിസത്ത്. പ്രവാചകനുശേഷം ഇതു സാധിക്കില്ല.

Back to Top