30 Monday
June 2025
2025 June 30
1447 Mouharrem 4

വിശ്രമമറിയാത്ത പത്രാധിപര്‍

ഹാറൂന്‍ കക്കാട്‌


കാലം ഓര്‍ത്തുവയ്ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രതിഭയാണ് 2024 ആഗസ്ത് 28ന് നിര്യാതനായ വി വി എ ശുക്കൂര്‍. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, പത്രാധിപര്‍, സാഹിത്യ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, കലാകാരന്‍, സംഘാടകന്‍ തുടങ്ങിയ നിലകളിലെല്ലാം മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച അദ്ദേഹത്തിന്റെ മടക്കം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു.
എന്റെ കോളജ് പഠനകാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് വി വി എ ശുക്കൂര്‍ എന്ന നാമം മനസ്സില്‍ കയറിക്കൂടിയത്. നാലു വര്‍ഷം മുമ്പ് യുവത ബുക്‌സിന്റെ ചുമതലയേറ്റതോടെ അദ്ദേഹവുമായി കൂടുതല്‍ ബന്ധപ്പെടാന്‍ അവസരമുണ്ടായി. കര്‍ത്തവ്യ നിര്‍വഹണം, സമയനിഷ്ഠ, ക്ഷമാശീലം എന്നിവയിലൊക്കെ മാതൃകാ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ശരിയെന്ന് ബോധ്യമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ കാര്യമായി ആരും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും ബഹുദൂരം മുന്നോട്ടുപോയ അപൂര്‍വ വ്യക്തിയാണ് അദ്ദേഹം. കൊടുവള്ളി ഗവ. ഹൈസ്‌കൂള്‍, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളജ്, ഫാറൂഖ് കോളജ്, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ പഠിച്ച ശുക്കൂറിന് വായനയും എഴുത്തും ചെറുപ്രായത്തിലേ ശീലമായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിത്തുടങ്ങി. ചന്ദ്രിക ദിനപത്രത്തില്‍ ഒരു വര്‍ഷത്തോളം ‘കൊയ്ത്തും മെതിയും’ പ്രതിവാര പംക്തി എഴുതി. തൃശൂരില്‍ നിന്നു പുറത്തിറങ്ങിയ ‘ടിറ്റ് ഫോര്‍ ടാറ്റ്’ മാസികയില്‍ കാസ് കൊടുവള്ളി എന്ന പേരിലായിരുന്നു എഴുതിയത്. ഡിഗ്രി പഠനം പൂര്‍ത്തിയായതോടെ യുവസരണി മാസികയുടെ പത്രാധിപരായി. വി വി എ ശുക്കൂറിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് അബ്ദുല്ലാ യൂസുഫ് അലിയുടെ ഖുര്‍ആന്‍ തഫ്‌സീര്‍ ഇംഗ്ലീഷ് മൊഴിയുടെ മലയാളീകരണം തയ്യാറാക്കിയതാണ്. ഇതിന്റെ ഒന്നാം വാല്യത്തിന്റെ രണ്ടു പതിപ്പുകള്‍ പുറത്തിറക്കി. അഞ്ചു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിക്കാനിരുന്നത്. തുടര്‍ വാല്യങ്ങള്‍ പുറത്തിറക്കാനുള്ള കാര്യങ്ങള്‍ നടന്നുവരുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ മരണപ്പെട്ടപ്പോള്‍ ആദ്യമായി സമഗ്രമായ ഓര്‍മപ്പുസ്തകം ‘ബഷീര്‍: വര്‍ത്തമാനത്തിന്റെ ഭാവി’ ശുക്കൂറിന്റെ ആശയം ബുക്‌സിലൂടെയാണ് പ്രസിദ്ധീകൃതമായത്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ ഒന്നിച്ച 612 പേജുകളുള്ള ഈ സമാഹാരത്തിന്റെ എഡിറ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കുടുംബ വിജ്ഞാനകോശം (മൂന്ന് വാല്യങ്ങള്‍), പ്രീപ്രൈമറി വിദ്യാഭ്യാസം: തത്വവും പ്രയോഗവും, മാറാട് മുതല്‍ മാറാട് വരെ, ഇംഗ്ലീഷ് ഭാഷാശേഷി മെച്ചപ്പെടുത്തുന്നതിനുള്ള 12 ചെറുപുസ്തകങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
സമരേഖ ഇംഗ്ലീഷ് മാസിക എഡിറ്റര്‍, വ്യതിയാനം ദ്വൈവാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍, പൂക്കാട്ടിരി സഫ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, എസ്‌ഐഒ ദേശീയ കൂടിയാലോചനാ സമിതി അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ആശയം ബുക്‌സ്, പരസ്യ ഏജന്‍സി, പ്രീപ്രൈമറി അധ്യാപക പരിശീലന സ്ഥാപനം എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി. മലപ്പുറം ജില്ലയില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക-ഭരണനിര്‍വഹണ മേഖലകളില്‍ നേതൃത്വം വഹിച്ചു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ വി വി ആലിക്കുഞ്ഞിയുടെയും പരേതയായ എന്‍ പി സൈനബയുടെയും മകനായി 1964 ഫെബ്രുവരി 15നാണ് ജനനം. ഭാര്യ: എന്‍ കെ മര്‍യം ടീച്ചര്‍ (കരുവാരകുണ്ട്). മക്കള്‍: ശബ്‌ന, ഷഹനാസ്, ഡോ. ഷിഫ, ഷദ, ആബിദ് അമീന്‍. കൊടുവള്ളി പറമ്പത്തുകാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top