വിവരാവകാശത്തിന്റെ ചിറകരിയുമ്പോള്‍ – അബ്ദുന്നാസര്‍ തിരൂര്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയില്‍ സര്‍ക്കാരുകളില്‍ നിന്നും യാതൊരു തരത്തിലുള്ള ഇടപെടലും ഇല്ലാതെയായിരുന്നു ഇതുവരെ വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. അവിടെ നിന്നാണ് പുതിയ ഭേദഗതിയുടെ മറവില്‍ കമ്മീഷനെ ഒരു സര്‍ക്കാര്‍ നിയന്ത്രിത രൂപത്തിലേക്ക് കൊണ്ട് വരാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമഭേദഗതി ബില്‍2019ല്‍ പറയുന്ന പ്രധാന കാര്യം ഇതാണ്മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാം. ചുരുക്കത്തില്‍ വിവരാവകാശ കമ്മീഷന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമായി മാറും. ഇനിയെല്ലാം സര്‍ക്കാര്‍ പറയുന്നതു പോലെ എന്ന് വരും. ചുരുക്കതില്‍ മറ്റൊരു നോക്കുകുത്തി സ്ഥാപനം എന്നിടത്തേക്ക് കാര്യങ്ങള്‍ മാറിപ്പോകും.
മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായുള്ള വിഷയത്തില്‍ വിവരം നല്‍കാന്‍ ഒരിക്കല്‍ കമീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. പൊതു കടവും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടത്തെ സംബന്ധിച്ച ആര്‍ടിഐ ചോദ്യവും കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കി. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് വിവരങ്ങള്‍ അപേക്ഷകന് ലഭിച്ചത്. ഭാവിയില്‍ അത്തരം ചോദ്യങ്ങളെ ഇല്ലാതാക്കുക എന്നത് കൂടി ഈ നിയമ ഭേദഗതിയുടെ ഭാഗമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. ചുരുക്കത്തില്‍ ചരിത്ര പ്രധാനമെന്ന് നാം പറഞ്ഞിരുന്ന ഒരു ബില്ലിന്റെ ചരമ ഗീതമാണ് ലോക്‌സഭ പാസാക്കിയത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സുതാര്യത ഒരു പരിധി വരെ നിലനിര്‍ത്താന്‍ ഈ നിയമത്തിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ പുതിയ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ ഈ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. സര്‍ക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാനും ആനുകൂല്യം നല്‍കുവാനും കഴിഞ്ഞാല്‍ പിന്നെ അത് കൊണ്ട് പ്രത്യേകിച്ചൊന്നും ലഭിക്കില്ല. സര്‍ക്കാരിനെ കുറിച്ച് പൊതുജനത്തിന് കിട്ടേണ്ട ഒന്നും കിട്ടില്ല എന്ന് ചുരുക്കം.