വികസനം ആര്‍ക്കു വേണ്ടി? അബ്ദുസ്സമദ് തൃശൂര്‍
ഒരു നാടിന്റെ പുരോഗതിയില്‍ മുഖ്യ സ്ഥാനമാണ് അവിടുത്തെ റോഡുകള്‍ക്ക്. അത് കൊണ്ട് തന്നെ ജനത്തിനു സഞ്ചരിക്കാന്‍ മാന്യമായ പാതകള്‍ നിര്‍മ്മിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കേരളത്തിലെ വാഹനങ്ങളുടെയും ജനങ്ങളുടെയും കണക്കെടുത്താല്‍ അതിനു അനുയോജ്യമായ പാതകള്‍ നാട്ടിലില്ല എന്നുറപ്പാണ്. അപ്പോള്‍ നാട്ടില്‍ പാതകള്‍ വരണം. അത് വരണം എന്ന് മൊത്തം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കുറച്ചാളുകള്‍ ബലികൊടുത്തു മൊത്തം സംസ്ഥാനം വികസിക്കണം എന്നിടത്താണ് നമ്മുടെ എതിര്‍പ്പും. മാത്രമല്ല, മാന്യമായ ഒരു പാരിസ്ഥിതിക പഠനം പോലും ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നതും.
കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് നാല്‍പ്പത്തിയഞ്ച് മീറ്റര്‍ വീതിയില്‍ ഒരു പാത കടന്നു പോയാല്‍ സംഭവിക്കാനിടയുള്ള പാരിസ്ഥിതിക പഠനങ്ങള്‍ ലഭ്യമല്ല എന്നാണു വിവരാവകാശ രേഖ പ്രകാരം കിട്ടിയ വിവരം. കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന വയലുകളും തോടുകളും വലിയ രീതിയില്‍ മണ്ണിട്ടു മൂടേണ്ടി വരുന്നതിന്റെ ആഘാതവും നമ്മുടെ പഠനത്തിന്റെ കാരണമായിട്ടില്ല. കീഴാറ്റൂരില്‍ ദേശീയപാത ബൈപാസ് വയലിലൂടെ തന്നെ നിര്‍മ്മിക്കാന്‍ അവസാനം സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ അന്തിമ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്ന് വിജ്ഞാപനത്തിലുണ്ട്. സമരത്തിന്റെ ഒരു ഘട്ടത്തില്‍ വയലിലൂടെ പാത കൊണ്ട് പോകില്ല എന്ന് പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. എന്ത് വിലകൊടുത്തും വയലിലൂടെ തന്നെ പാത കൊണ്ട് പോകും എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ മറികടന്നാണ് അന്നു കേന്ദ്രം രംഗത്തു വന്നത്. അതിന്റെ പേരില്‍ ബി ജെ പി അന്ന് വലിയ മുതലെടുപ്പ് നടത്തിയിരുന്നു. അവസാനം കേന്ദ്രവും കൈമലര്‍ത്തി. റോഡ് വയലിലൂടെ തന്നെ. സംസ്ഥാനത്ത് റോഡ് വേണം എന്നതിനേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് താല്പര്യം അവരുടെ സാമ്പത്തിക ലാഭമാണ്. അവരുടെ നിലപാടുകളെ മറികടന്നു സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്യും എന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. അതാണിപ്പോള്‍ തെളിയുന്നതും. വികസനത്തിന് വേണ്ടി ജനമോ ജനത്തിനു വേണ്ടി വികസനമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജനത്തിനാണ് വികസനം എന്ന് വരികില്‍ ജനത്തെയും പ്രകൃതിയെയും പരിഗണിച്ചു മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. മറിച്ചാണെങ്കില്‍ ജനവും പ്രകൃതിയും എന്നും പുറത്താകും. അതാണിപ്പോള്‍ നടക്കുന്നതും.