6 Friday
March 2026
2026 March 6
1447 Ramadân 17

വാര്‍ത്താ സ്വാതന്ത്ര്യനിഷേധം ഭരണഘടനാ വിരുദ്ധം: ഐ എസ് എം

ഐ എസ് എം മലപ്പുറം ജില്ലാ സമിതി മലപ്പുറത്ത്‌സംഘടിപ്പിച്ച സാമൂഹ്യബോധനം എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ആര്‍ എസ് എസ്, ഡല്‍ഹി പോലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരെ വിമര്‍ശിച്ചു കൊണ്ട് ഡല്‍ഹി കലാപവാര്‍ത്ത സംപ്രേക്ഷണം ചെയ്തു എന്ന ആരോപണം ചുമത്തി ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകള്‍ക്ക് മേല്‍ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ ഉത്തരവ് വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് ഐ എസ് എം ജില്ലാ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച ‘സാമൂഹ്യബോധനം’ അഭിപ്രായപ്പെട്ടു.
കലാപ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമപരമായ വിലക്കില്ലെന്നിരിക്കെ ചാനലുക്കള്‍ക്ക് മേല്‍ നിരോധനമേര്‍പെടുത്തിയത് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭരണകൂട ഭീകരത മറച്ച് വെക്കാനുള്ള തന്ത്രം മാത്രമാണ്. ദേശവിരുദ്ധരും കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരും മതങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരുമായ സംഘപരിവാര്‍- ഫാസിസ്റ്റ് ഭരണകൂടം അതേ കാരണങ്ങള്‍ പറഞ്ഞ് ജനാധിപത്യമതേതര സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് മതേതര സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ‘സാമൂഹ്യ ബോധനം’ ആഹ്വാനം ചെയ്തു.
‘ഇസ്‌ലാമോഫോബിയയുടെ കേരള പരിസരം: വസ്തുത, കാരണം’ പ്രമേയത്തില്‍ നടന്ന ‘സാമൂഹ്യ ബോധനം’ പ്രമുഖ എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ മുഖ്യാഥിതിയായി. ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, ഷാനിഫ് വാഴക്കാട്, ജലീല്‍ വൈരങ്കോട്, കെ പി അബ്ദുറഹിമാന്‍ സുല്ലമി, ടി. ആബിദ് മദനി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, പി മൂസക്കുട്ടി മദനി, പി എം എ സമദ്, ശരീഫ് കോട്ടക്കല്‍ പ്രസംഗിച്ചു.

Back to Top