വായന കൊണ്ടാരംഭിക്കുന്ന വേദഗ്രന്ഥം – അന്‍വര്‍ അഹ്മദ്
മനുഷ്യവര്‍ഗത്തിന് സന്മാര്‍ഗം കാണിച്ചു കൊടുക്കുക എന്നത് സ്രഷ്ടാവ് ബാധ്യതയായി ഏറ്റെടുത്തതാണ്. അതിന് അവന്‍ തെരഞ്ഞെടുത്ത മാര്‍ഗം ദിവ്യബോധനമാണ്. ജന്തുജാലങ്ങള്‍ക്ക് ജന്‍മനാ നല്കിയ ബോധനം പോലെയല്ല. ചില മതവിഭാഗങ്ങളുടെ വികല വിശ്വാസം പോലെ സ്രഷ്ടാവ് ഭൂമിയില്‍ അവതരിക്കുകയോ സ്രഷ്ടാവിന്റെ അംശം മനുഷ്യനായി പിറക്കുകയോ അല്ല. മറിച്ച് മനുഷ്യരില്‍ നിന്നു തന്നെ അവന്‍ തെരഞ്ഞെടുക്കുന്നവരെ തന്റെ ദൗത്യം മനുഷ്യര്‍ക്കെത്തിച്ചു കൊടുക്കാന്‍ ദൂതന്മാരായി നിശ്ചയിക്കുന്നു. ആ ദൂതന്മാരാണ് നബിമാര്‍ അഥവാ പ്രവാചകന്മാര്‍. പ്രവാചകന്മാരിലൂടെ ദിവ്യസന്ദേശമായി വേദഗ്രന്ഥങ്ങളും ഇറക്കികൊടുക്കുന്നു. ഈ വേദഗ്രന്ഥാവതരണ സമാപനം കുറിച്ചുകൊണ്ട്, ലോകാന്ത്യം വരെയുള്ളവര്‍ക്ക് സന്മാര്‍ഗ ദര്‍ശനമായിക്കൊണ്ട് അന്തിമപ്രവാചകനായ മുഹമ്മദിന് (സ) അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. അപ്പോള്‍ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
ഇങ്ങനെ ലോകത്തിന് സത്യവും ധര്‍മവും മൂല്യങ്ങളും പഠിപ്പിക്കാനും പുണ്യപാരായണത്തിനുമായി നല്കിയ ഗ്രന്ഥത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസ കാര്യങ്ങളിലൂന്നിയ അധ്യാപനങ്ങളാണ്. ഇങ്ങനെയുള്ള ഈ ഗ്രന്ഥം അവതരണമാരംഭിച്ചത് ‘വായിക്കുക’ എന്നു പറഞ്ഞുകൊണ്ടാണ്. അപ്പോള്‍ വായനയുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. അല്ലാഹു ഒരു കാര്യം പറയുന്നതിലും തുടങ്ങുന്നതിലും സമാപിക്കുന്നതിലുമെല്ലാം വലിയ തത്വങ്ങളടങ്ങിയിരിക്കും. ആയതിനാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ആരംഭവാക്യമായ ‘ഇഖ്‌റഅ്’ എന്ന ആഹ്വാനം അവഗണിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ല.
എന്താണ് വായന എന്നു വച്ചാല്‍? ആശയഗ്രഹണത്തിന് മനുഷ്യന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വായന. ഒരാളുടെ ആശയം ലിപികളാകുന്ന കോഡുകളാക്കി മാറ്റിയത് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞ് വായിച്ച് ഗ്രഹിക്കുക എന്നതാണ് വായന. എഴുത്ത്, വായന തുടങ്ങിയ കാര്യങ്ങള്‍ പ്രവാചകന് അന്ന് അറിയില്ലതാനും. അപ്പോള്‍ നീ വായിക്കാന്‍ ഒരുങ്ങുകഎന്നോ വായനയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുക എന്നോ ഉണര്‍ത്തുകയായിരിക്കാം ഇക്വ്‌റഅ് എന്നതിന്റെ സൂചന. ഏതായിരുന്നാലും വായിച്ച് കാര്യങ്ങള്‍ ഗ്രഹിച്ച് ജീവിതത്തില്‍ കൊണ്ടുനടക്കുക എന്നത് മനുഷ്യരുടെ ബാധ്യതയാണ് എന്നു മനസ്സിലാക്കാം.
വിശുദ്ധ ഖുര്‍ആനിന്റെ ആദ്യവാക്യങ്ങള്‍ വായനയെപ്പറ്റി മാത്രമല്ല ആലേഖനത്തെപ്പറ്റിയും ഉണര്‍ത്തുന്നുണ്ട്. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്റെ രക്ഷിതാവ് അത്യുദാരനാണ് എന്ന ക്വുര്‍ആന്‍ വാക്യം വളരെ ശ്രദ്ധേയമാണ്. ഒരാളുടെ മനസ്സിലുള്ള ആശയത്തെ ഇതര മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ മാത്രമല്ല തന്റെ മരണശേഷം പോലും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് എഴുതി വയ്ക്കുക എന്നത്. അപ്പോള്‍ ആശയ പ്രകാശനത്തിനുവേണ്ട ആലേഖന പാടവവും ആശയഗ്രണത്തിനാവശ്യമായ വായനയും അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ വലിയ അനുഗ്രഹമാണ് എന്ന് ചൂണ്ടിക്കാണിക്കുക കൂടിയാണ് വിശുദ്ധ ക്വുര്‍ആനിലെ പ്രഥമാവതരണ വാക്യങ്ങലിലൂടെ അല്ലാഹു ചെയ്യുന്നത്.
മനുഷ്യവര്‍ഗത്തിന് മാത്രമുള്ള ഈ കഴിവുകള്‍ (എഴുത്തും വായനയും) നേരിന്റെ മാര്‍ഗത്തില്‍ നന്മയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കണമെന്ന സൂചനയും അതിലടങ്ങിയിരിക്കുന്നു. ‘സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ നീ വായിക്കുക’ (96:1) എന്ന മുഹമ്മദ് നബി (സ)ക്ക് ലഭിച്ച പ്രഥമബോധന വാക്യം അതാണ് നമ്മെ അറിയിക്കുന്നത്. തന്നെയുമല്ല ലോകത്തിന് ആത്മീയ വെളിച്ചം പകരുന്ന വേദഗ്രന്ഥത്തിന്റെ നാമം തന്നെ വായന, വായിക്കേണ്ടത്, വായിക്കപ്പെടുന്നത് എന്നെല്ലാം ആശയമുള്ള ക്വുര്‍ആന്‍ ആണ്.
വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിച്ച വിശുദ്ധ രാത്രി (ലൈലത്തുല്‍ ക്വദ്ര്‍) ഉള്‍ക്കൊള്ളുന്ന പുണ്യമാസം – റമദാന്‍ – നമ്മുടെ മുന്നിലെത്തി നില്ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും വായനയെപ്പറ്റി ആലോചിക്കുന്നതില്‍ സംഗത്യമുണ്ട്. വായന പല തരത്തിലുമുണ്ട്. ഒരു വാര്‍ത്തയോ മറ്റോ അറിയാനുള്ള തിടുക്കത്തിലുള്ള കേവല വായന, ആശയതലങ്ങളിലേക്കിറങ്ങിയുള്ള വായിച്ചാസ്വദിക്കല്‍, ഉള്ളടക്കത്തെപ്പറ്റി ഗഹനമായി ആലോചിക്കുന്ന വായന ഇതെല്ലാം വിശുദ്ധ ക്വുര്‍ആന്‍ വായിക്കുന്നതില്‍ നാം ശ്രദ്ധിക്കുന്നു. സ്രഷ്ടാവായ ദൈവത്തിന്റെ വചനമെന്നതിനാല്‍ അതിന്റെ ഓരോ അക്ഷരവും വായിക്കല്‍ പുണ്യകരമാണ് എന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.
മാത്രമല്ല കേള്‍ക്കുന്നവര്‍ക്കുപോലും ആശയഗ്രഹണം സാധിക്കുമാറ് സാവകാശത്തില്‍ (തര്‍തീല്‍) മാത്രമേ ക്വുര്‍ആന്‍ പാരായണം ചെയ്യാവൂ. (73:4). കേവല പാരായണമോ സ്വരമാധുരി കൊണ്ട് ഭംഗിയാക്കലോ മാത്രമല്ല, അതിലടങ്ങിയ തത്വങ്ങള്‍ ആലോചനാവിഷയമാക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ എന്ന ആവര്‍ത്തിച്ചുള്ള ഖുര്‍ആനിന്റെ ചോദ്യം (54:17,22,32,40) നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ചുരുക്കത്തില്‍ പാരായണം, പഠനം, മനനം, ആലേഖനം എന്നിത്യാദി മനുഷ്യ കഴിവുകളെല്ലാം ഉപയോഗിക്കണമെന്ന് എടുത്തുപറഞ്ഞ ഒരു ഗ്രന്ഥമാണ് ക്വുര്‍ആന്‍.
ഖുര്‍ആനിലെ വാക്യങ്ങള്‍ വായിക്കുക എന്നതിനു പുറമെ വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ് പ്രകൃതി വായന. പ്രകൃതിയിലെ പ്രതിഭാസങ്ങളോരോന്നും നോ ക്കിക്കാണുകയും, കാണുന്നതിനുപുറമെ പര്യവേഷണം നടത്തുകയും ചെയ്യുന്ന മനുഷ്യന്‍ ആ പ്രകൃതിയെ വായിച്ചെടുക്കാന്‍-ചിന്തിക്കാന്‍ – ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളെ ആയത്തുകള്‍ എന്നാണ് പറയുന്നത്. ഭൂമി, ആകാശം, വെയില്‍, മഴ, മഞ്ഞ്, കാറ്റ്, രാവ്, പകല്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങി സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ച ഘടകങ്ങളെയും ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ആയത്തുകള്‍ എന്നു തന്നെ. വിശുദ്ധ ക്വുര്‍ആന്‍ വായനയുടെ വിശാലാര്‍ഥത്തില്‍ പ്രകൃതിപഠനവും ഉള്‍പ്പെടുന്നു.
കൂടാതെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കഴിഞ്ഞുപോയ തലമുറകളുടെ പ്രവര്‍ത്തനങ്ങളും മനോഭാവങ്ങളും വിശ്വാസ സംസ്‌കാരങ്ങളും വായിച്ചെടുത്ത് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നത് ഖുര്‍ആനിന്റെ താത്പര്യങ്ങളിലൊന്നാണ്. അഥവാ ചരിത്ര വായനയുടെ അനിവാര്യത ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നു എന്നര്‍ഥം. മുസ്‌ലിം സമൂഹം വിശുദ്ധ ഖുര്‍ആനിന്റെ ഈദൃശ താത്പര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്.