22 Sunday
December 2024
2024 December 22
1446 Joumada II 20

വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ല -ഇക്കോ സമ്മിറ്റ്‌


കോഴിക്കോട്: വരുംതലമുറയെ പരിഗണിക്കാതെ മനുഷ്യജീവിതം എളുപ്പമാവില്ലെന്നും പരിസ്ഥിതിയെ ഉപയോഗിക്കുന്നതില്‍ സുസ്ഥിരമായ നയങ്ങള്‍ മുഖവിലക്കെടുക്കണമെന്നും ബ്രദര്‍നാറ്റ് സംഘടിപ്പിച്ച ‘അല്‍മീസാന്‍’ ഇക്കോ സമ്മിറ്റ് അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പരിസ്ഥിതിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി കാമ്പയിനുകള്‍ ഏറെ പ്രസക്തമാണ്. വിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ സാമൂഹികനീതി പുലര്‍ത്താനും വിശ്വസ്തത കാത്തുസൂക്ഷിക്കാനും ഭരണാധികാരികള്‍ തയ്യാറാവണം. ആരോഗ്യ പരിപാലനം, കാര്‍ഷിക സംസ്‌കാരം, മാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ വിവിധ യുവജന സംഘടനകളുടെ സംയുക്ത പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും ഇക്കോ സമ്മിറ്റ് ആവശ്യപ്പെട്ടു.
പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടനം കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. ബ്രിട്ടനിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഡയറക്ടര്‍ കംറാന്‍ ഷെസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക തത്വസംഹിതകളും പരിസ്ഥിതി ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പ്രബന്ധാവതരണങ്ങളും യൂത്ത് ഫോര്‍ എര്‍ത്ത് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷനും നടന്നു. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം ഫെയ്ത് ഫോര്‍ എര്‍ത്ത് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ അല്‍മീസാന്‍ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ‘ഭൂമിക്ക് വേണ്ടി; ഇസ്‌ലാമിക ഉടമ്പടി’ എന്ന തലക്കെട്ടിലുള്ള കവര്‍ പ്രകാശനം നിര്‍വഹിച്ചു. വിവിധ സെഷനുകളിലായി ഐ എസ് എം ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ കെ ഫാരിസ്, ഡോ. ജാബിര്‍ അമാനി, ഡോ. പി കെ ശബീബ്, ഡോ. റിജു ഷാനിസ്, അഡ്വ. മുഹമ്മദ് ഹനീഫ്, ശരീഫ് കോട്ടക്കല്‍, യൂനുസ് നരിക്കുനി, ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍, സിദ്ദീഖ് തിരുവണ്ണൂര്‍, ജാഫറലി പാറക്കല്‍, ജിസാര്‍ ഇട്ടോളി, മുഹമ്മദ് മിറാഷ്, നസീം മടവൂര്‍, റിഹാസ് പുലാമന്തോള്‍, ഫാദില്‍ പന്നിയങ്കര, പാത്തേയ്ക്കുട്ടി ടീച്ചര്‍, നദ നസ്‌റിന്‍ പ്രസംഗിച്ചു.

Back to Top