വരള്‍ച്ച വിശ്വാസികള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ – ടി ഇബ്‌റാഹീം അന്‍സാരി
കേരളം മഹാ പ്രളയത്തിന് ശേഷം ശക്തമായ വരള്‍ച്ചയെ നേരിടുകയാണ്. ചൂടിന്റെ കാഠിന്യം ഓരോ ദിവസവും കൂടി വരികയാണ്. സൂര്യാതപമേറ്റ് നിരവധി പേരാണ് ഓരോ ദിവസവും ചികിത്സ തേടുന്നത്. പ്രകൃതിയില്‍ നടക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ വിശ്വാസികള്‍ക്ക് സ്വയം വിലയിരുത്തലുകള്‍ക്കുള്ള സന്ദര്‍ഭം കൂടിയാണ്. കേവലം പ്രകൃതി പ്രതിഭാസമായി ഇത്തരം സന്ദര്‍ഭങ്ങളെ അഗണിക്കുകയോ അല്ലാഹുവിന്റെ പ്രതികാര നടപടിയോ ശിക്ഷയോ ആയി വ്യാഖ്യാനിക്കുകയോ ചെയ്യാതെ ഇത്തരം സാഹചര്യങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ടത്.
പ്രവാചകന്‍ തിരുമേനി(സ)യുടെ കാലത്തും വരള്‍ച്ചയും ഭൂകമ്പവും ഉണ്ടായിട്ടുണ്ട്. മനുഷ്യര്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക”(വി.ഖു 2:155)
പ്രകൃതി ദുരന്തങ്ങളെ പരീക്ഷണമായിക്കൊണ്ടാണ് വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ടത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും ശാസ്ത്രം എത്ര വളര്‍ന്നാലും താല്‍ക്കാലികമായ പരിഹാരങ്ങള്‍ക്കപ്പുറം അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അതിജയിക്കാന്‍ മനുഷ്യന് സാധിക്കുകയില്ല.
”പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്ന് തരിക” (വി.ഖു 67:30)
എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം അല്ലാഹുവിന്റെ അടുക്കലാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
”നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് നല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടി മാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാത്രെ.”
(വി.ഖു 10:107)
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ ചെയ്യേണ്ടത് ആത്മാര്‍ഥമായ പ്രാര്‍ഥനയാണ്. ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് വിനയാന്വിതരായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥനക്ക് മൈതാനത്ത് ഒരുമിച്ച് കൂടുമ്പോള്‍ തന്റെ നിസ്സഹായത പ്രകടിപ്പിക്കുന്ന തരത്തില്‍ വിനയാത്വിതരായി ഒരുമിച്ചു കൂടുവാനാണ് പ്രവാചകന്‍ തിരുമേനി(സ) ഉപദേശിച്ചിട്ടുള്ളത്. ഉമര്‍(റ) ന്റെ കാലത്ത് രൂക്ഷമായ വരള്‍ച്ചയുണ്ടായപ്പോള്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അല്ലാഹുവിനോട് പശ്ചാത്തപിച്ചിരുന്നതായി ചരിത്രത്തില്‍ നമുക്ക് വായിക്കുവാന്‍ സാധിക്കും.
ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ഭൂമിയിലുള്ള വിഭവങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ഭൂമിയില്‍ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങളോ, സമീപനങ്ങളോ ഏതെങ്കിലും തരത്തില്‍ കാരണമാകുന്നുണ്ടോ എന്ന് ഓരോ വിശ്വാസിയും പരിശോധിക്കണം. ദുര്‍വൃത്തികള്‍ വ്യാപിക്കുന്ന ഒരു സമൂഹത്തില്‍ അവരുടെ മുന്‍ഗാമികള്‍ക്കില്ലാത്ത മാരക രോഗങ്ങള്‍ പിടികൂടാതിരിക്കില്ല എന്ന പ്രവാചക വചനം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ധൂര്‍ത്തും സ്വാര്‍ഥതയും ഉണ്ടാകരുത്. സമൃദ്ധമായി വെള്ളം ഒഴുകുന്ന ഒരു പുഴയില്‍ നിന്ന് വുളുഅ് ഉണ്ടാകുമ്പോള്‍ പോലും അമിതമായി വെള്ളം ചെലവഴിക്കുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. അന്ത്യനാളിന്റെ അടയാളങ്ങള്‍ കണ്ടാല്‍ പോലും തന്റെ കൈയില്‍ ഒരു ചെടി ഉണ്ടെങ്കില്‍ അത് നടണമെന്ന നിര്‍ദേശം പ്രകൃതിയോട് മനുഷ്യന്‍ കാണിക്കേണ്ട ജാഗ്രത ബോധ്യപ്പെടുത്തുന്നുണ്ട്.