30 Monday
December 2024
2024 December 30
1446 Joumada II 28

വയനാട് നമ്മെ ഓര്‍മപ്പെടുത്തുന്നത്‌

ഷമീം കെ സി കുനിയില്‍

വയനാട് ദുരന്തത്തില്‍ നിന്നു നമുക്ക് പലതും പഠിക്കാനും ചിന്തിക്കാനുമുണ്ട്. മനുഷ്യനും അവന്റെ കഴിവുകളും എത്രയോ നിസ്സാരമാണെന്ന് ഈ ഉരുള്‍പൊട്ടല്‍ കൊണ്ട് നമ്മള്‍ മനസ്സിലാക്കിയിട്ടില്ലങ്കില്‍ നമ്മുടെ ജീവിതം വീണ്ടും അര്‍ഥശൂന്യമാവുകയാണ്. നമ്മുടെ അഹങ്കാരം കൊണ്ടും അധികാരം കൊണ്ടും കെട്ടിപ്പൊക്കിയതല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ മനുഷ്യന്‍ എത്രയോ നിസ്സാരക്കാരനാണെന്ന് നാം ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഇനി എത്ര ദുരന്തങ്ങള്‍ വന്നാലും നമ്മള്‍ പാഠം പഠിക്കില്ല. എല്ലാം തികഞ്ഞുവെന്ന് അഹങ്കരിക്കുന്ന മനുഷ്യനു മുന്നില്‍ ചോദ്യചിഹ്നമായി രണ്ടു ദുരന്തങ്ങള്‍ പടച്ചവന്‍ നമ്മുടെ മുന്നില്‍ കാണിച്ചുതന്നു. ഷിരൂരിലെ മണ്ണിടിച്ചിലില്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും നഷ്ടപ്പെട്ട ഒരു വലിയ ലോറിയെ കണ്ടത്താന്‍ നമുക്ക് ആയിട്ടില്ല. അതുപോലെ ഇത്ര വലിയ ഒരു ഉരുള്‍പ്പൊട്ടല്‍ വയനാട് ചൂരല്‍മലയില്‍ സംഭവിക്കുമെന്ന് നമുക്കോ നമ്മുടെ ശാസ്ത്രത്തിനോ അറിയാതെപോയത് പടച്ചവന്‍ നമ്മുടെ വലുപ്പം ഒന്നറിയിച്ചുതന്നതായിരിക്കും. എല്ലാം തികഞ്ഞവന്‍ എന്ന് അഹങ്കരിച്ചു നടക്കുന്ന മനുഷ്യന് പടച്ചവന്റെ ഒരു മുന്നറിയിപ്പാണ് ഒരോ ദുരന്തവും. മനുഷ്യ നിര്‍മിത സംവിധാനങ്ങള്‍ കൊണ്ടൊന്നും ഒരു മുന്നറിയിപ്പും തരാന്‍ കഴിയാതെപോയി എന്നതാണ് നമ്മുടെ എറ്റവും വലിയ പരാജയം.
ഒന്നും നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല നടക്കുന്നത്. എല്ലാം പടച്ച റബ്ബിന്റെ അടുത്താണ്. ഇന്ന് നമ്മുടെ മോന് അവന്റെ ഉമ്മ മുലപ്പാല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ നാളെ അത് ആര് നല്‍കും എന്ന തീരുമാനം പടച്ച റബ്ബിന്റേത് മാത്രമാണ്. ഒരുപാട് ആള്‍ദൈവങ്ങളുള്ള നമ്മുടെ നാട്ടില്‍ അതൊക്കെ വെറും നേരമ്പോക്കും കച്ചവട തന്ത്രങ്ങളും മാത്രമാണെന്ന് നമുക്കു മുന്നില്‍ വീണ്ടും അക്ഷരാര്‍ഥത്തില്‍ തെളിയിക്കപ്പെടുകയാണ്. ഈ ലോകം നമ്മുടെ കൈകളിലല്ല. നമ്മള്‍ വെറും അതിഥികള്‍ മാത്രമാണ്. സമ്പത്തും അധികാരവും നമ്മുടെ രക്ഷയ്ക്ക് എത്തില്ല. നമ്മുടെ രക്ഷയും അധികാരവും പടച്ചവന്റെ കൈകളില്‍ മാത്രമാണ്. ഓരോ ദുരന്തവും നമുക്ക് ബാക്കിയാക്കുന്നത് ഒരുപാട് പേരുടെ കണ്ണീര്‍ കാഴ്ചകളാണ്. ജീവന്‍ തിരിച്ചുകിട്ടിയവര്‍ക്ക് വീടില്ല. അവര്‍ക്ക് വീട് നഷ്ടപ്പെട്ട സങ്കടമാണെങ്കില്‍ ചിലര്‍ മക്കള്‍ നഷ്ടപ്പെട്ടവരായിരിക്കാം. ചിലര്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍. പലര്‍ക്കും പല വിധത്തിലുള്ള ദുഃഖം. നമ്മള്‍ ചിന്തിക്കണം, ഇന്ന് ഈ അവസ്ഥ എനിക്ക് വന്നിട്ടില്ലെങ്കിലും നാളെ റബ്ബിന്റെ മുമ്പില്‍ തന്റെ രക്ഷക്ക് വേണ്ടി കഴിയുന്നതല്ലാം താന്‍ ചെയ്യണമെന്ന്. പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ ചേര്‍ത്തുപിടിക്കുക. സഹായഹസ്തങ്ങള്‍ നല്‍കി അവരുടെ കൂടെ നില്‍ക്കുക. എല്ലാറ്റിനും മാതൃകയായി നാം മുന്നില്‍ തന്നെ വേണം.

Back to Top