1 Tuesday
July 2025
2025 July 1
1447 Mouharrem 5

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഒമാന്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ കൈമാറി

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായുള്ള സഹായ പദ്ധതിയുടെ ഭാഗമായി ഒമാന്‍ ബംഗ്ലാദേശില്‍ നിര്‍മിച്ചുനല്‍കിയ വീടുകള്‍ കൈമാറി. കോക്‌സ് ബസാറിലെ ചക്മര്‍കുലില്‍ 800 വീടുകളാണ് നിര്‍മിച്ചത്. വീടുകളുടെ കൈമാറ്റ ചടങ്ങില്‍ ഒമാന്റെയും ബംഗ്ലാദേശിന്റെയും ഉന്നത പ്രതിനിധികളും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി ഉദ്യോഗസ്ഥരും പങ്കെടുത്തു. 2018 ഏപ്രിലില്‍ ആരംഭിച്ച മാനുഷിക സഹായ പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ബംഗ്ലാദേശിലെ ഒമാന്‍ എംബസിയുടെ ഹെഡ് ഓഫ് മിഷന്‍ താഇബ് അല്‍ അലവി പറഞ്ഞു. വീടുകള്‍ താമസത്തിന് അനുയോജ്യമാക്കിയിട്ടുണ്ട്.
മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക സഹായമെത്തിക്കണമെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ നിര്‍ദേശപ്രകാരമാണ് വീട് നിര്‍മാണ പദ്ധതിക്ക് തുടക്കമായത്. ഒമാന്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് പദ്ധതിക്ക് ധനസഹായം നല്‍കിയത്. ധാക്കയിലെ ഒമാന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഓരോ വീടുകളിലും രണ്ട് മുറികള്‍ വീതമാണ് ഉള്ളതെന്ന് താഇബ് അല്‍ അലവി പറഞ്ഞു. ഓരോ മുറിയിലും അഞ്ച് ആളുകള്‍ക്ക് വീതം താമസിക്കാം. മൊത്തം എണ്ണായിരം പേര്‍ക്ക് ഇവിടെ താമസിക്കാം. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വാഷ്‌റൂം സൗകര്യങ്ങളുമുണ്ട്.

Back to Top