രക്ഷിതാവിന്റെ മുന്നില്‍ കുട്ടിയെ കുറ്റംപറയുന്നവരല്ല മികച്ച അധ്യാപകര്‍ : കാലിക്കറ്റ് വി സി
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതിയുടെ പഠന ഗവേഷണ വിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി സംഘടിപ്പിച്ച സീകോണ്‍ അധ്യാപക വിദ്യാഭ്യാസ സമ്മളനം കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സ്വന്തം മക്കളെക്കാള്‍ പ്രാധാന്യം മുന്നിലിരിക്കുന്ന കുട്ടികള്‍ക്കു നല്‍കുമ്പോഴാണ് ഒരാള്‍ മികച്ച അധ്യാപകനാകുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. കുട്ടികളെ ബഹുമാനിക്കാന്‍ അധ്യാപകര്‍ ശീലിക്കണം. കുട്ടികളോടുള്ള ബഹുമാനം നഷ്ടപ്പെടുമ്പോള്‍ അധ്യാപകന്‍ മരിക്കുന്നു. ഒരു രക്ഷിതാവു കയറി വന്നാല്‍ അധ്യാപകര്‍ കൂട്ടംചേര്‍ന്ന് അദ്ദേഹത്തിന്റെ കുട്ടിയെ കുറ്റം പറയുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് കുട്ടിയിലും രക്ഷിതാവിലും അധ്യാപകരിലുള്ള മതിപ്പു കുറയ്ക്കുന്നു. ക്യാംപസുകളില്‍ ദേശീയ സ്ഥാപനങ്ങള്‍ക്കു സമാനമായ മികച്ച വിദ്യാഭ്യാസ പരിസരം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ക്വാളിറ്റി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപക വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍.
അധ്യാപനം ഒരു ജോലിയല്ല, ഒരു വികാരമാണ്. വിശാലമായ കാഴ്ചപ്പാടോടെ ചെയ്യേണ്ട ദൗത്യം. പണം സമ്പാദിക്കാനാണ് വിദ്യാഭ്യാസം എന്നൊരു ധാരണ നമ്മുടെ നാട്ടില്‍ പൊതുവായി രൂപപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ കുട്ടിയോടു പറയുന്നത്, നീ ഇവിടെ ഒന്നും തരണ്ട, നിനക്കു വേണമെങ്കില്‍ പഠിച്ചോളൂ എന്നാണ്. അധ്യാപകര്‍ കുട്ടികളോടു പറയുന്നതും നിങ്ങള്‍ക്കു വേണമെങ്കില്‍ പഠിച്ചു നല്ല ശമ്പളമുള്ള ജോലി നേടിക്കോളൂ എന്നാണ്. ഇത് വിദ്യാര്‍ഥികളില്‍ അവര്‍ പഠിക്കേണ്ടത് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്ന ബോധം സൃഷ്ടിക്കുന്നു. യഥാര്‍ഥത്തില്‍ മുന്നിലിരിക്കുന്ന കുട്ടി ആരാവണമെന്ന ശരിയായ ബോധ്യം ഉണ്ടായിരിക്കേണ്ട് അധ്യാപകര്‍ക്കാണ്. ജോലി സമയം കഴിഞ്ഞാലും അവര്‍ അന്നത്തെ കാര്യങ്ങള്‍ അവലോകനം ചെയ്യണം. അടുത്ത ദിവസത്തേയ്ക്ക് ഒരുങ്ങണം. അപ്പോള്‍ സൈഡ് ബിസിനസുകള്‍ ഉപേക്ഷിക്കേണ്ടി വരും. തന്നെക്കൊണ്ട് ഒരു കുട്ടി പഠിച്ചു വലിയ നിലയില്‍ എത്തുന്നതിനെക്കാള്‍ നേട്ടം മറ്റൊന്നില്ല എന്ന ബോധമാണ് ഇത്തരം സാഹചര്യങ്ങളില്‍ അധ്യാപകരെ നയിക്കേണ്ടതെന്നും കെ. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
കേവലം എഴുത്തും വായനയും കണക്കുകൂട്ടലുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ധാരണ പൊളിച്ചെഴുതി ഒരു മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസമെന്ന് കോല്‍ക്ക സേവ്യര്‍ കോളെജ് പ്രൊഫസറും അല്‍ ജബ്ബാര്‍ അക്കാഡമി സ്ഥാപകനുമായ പ്രൊഫ. ഡോ. റബീഉല്‍ ഇസ്‌ലാം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ മനസ് ഭയരഹിതമാക്കി മികച്ചൊരു വിദ്യാഭ്യാസ പരിസരം സൃഷ്ടിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ ഹാളില്‍ സീകോണ്‍ സംസ്ഥാന അധ്യാപക വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ക്വാളിറ്റി ചെയര്‍മാന്‍ ഡോ. കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞമ്മദ്, കമാല്‍ വരദൂര്‍, ഡോ. ഫുഖാറലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസം എങ്ങനെ പുനരാവിഷ്‌കരിക്കാം എന്ന ചര്‍ച്ചയില്‍ ഡോ.കെ. ജമാലുദ്ദീന്‍ ഫാറൂഖി, ഇ.കെ സുരേഷ് കുമാര്‍, സി.എ സഈദ് ഫാറൂഖി, ഡോ. ഉമര്‍ തസ്‌നീം, ഫാതിമ തഹ്‌ലിയ, ഡോ. ആബിദ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.
