22 Sunday
December 2024
2024 December 22
1446 Joumada II 20

യേശുക്രിസ്തു: ജന്മവും ആഘോഷവും – ഡോ. ജാബിര്‍ അമാനി

 

ഡിസംബര്‍! ക്രൈസ്തവ ലോകത്ത് ആഹ്ലാദവും ആനന്ദവും പകരുന്ന പുണ്യമാസം. യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷ- ഉല്‍സവങ്ങളാല്‍ സജീവമാകുന്ന ദിനങ്ങള്‍. നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് ട്രീകളും സാന്താക്ലൂസ് അപ്പൂപ്പനും. യേശുവിന്റെ ജന്മദിനമായി പരിഗണിക്കുന്ന ഡിസംബര്‍ 25നെ വരവേല്‍ക്കാനുള്ള കാഴ്ച പുതിയതല്ല. മതത്തിന്റെ മുഖ്യ കര്‍മമായി ക്രിസ്തുമസിനെ പരിഗണിക്കുന്നതും തഥൈവ. പക്ഷേ, മതാധിഷ്ഠിതമായ ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രമാദമുക്തമായ പ്രാമാണികത അനിവാര്യമാണ്. മതസമൂഹങ്ങളില്‍ നാം കാണുന്ന മിക്ക ജന്മ- സമാധി ആഘോഷങ്ങള്‍ക്കും തെളിവുകള്‍ പരിമിതമോ ഒരുവേള അപര്യാപ്തമോ ആണെന്നതാണ് പൊതുവിലുള്ള യാഥാര്‍ഥ്യം. കാരണം കേവലം ജനന-മരണങ്ങള്‍ക്ക് മതദര്‍ശനം വലിയ പരിശുദ്ധി നല്‍കുന്നില്ല. അതൊരു ജൈവ പ്രതിഭാസമാണെന്ന് വിലയിരുത്തുന്നു എന്നു മാത്രം. യേശുക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്ന ക്രിസ്തുമസിന്റെയും മുഹമ്മദ് നബി
(സ)യുടെ ജന്മദിനമാഘോഷത്തിന്റെയും പ്രാമാണികത പരിശോധിക്കുന്നവര്‍ക്ക് ഈ യാഥാര്‍ഥ്യം സുതരാം ബോധ്യമാകും.
യേശുവിന്റെ അത്ഭുത ജനനത്തെ അദ്ദേഹത്തിന്റെ ദിവ്യത്വത്തിനുള്ള ‘മറയാക്കി’ ഉപയോഗിക്കുകയാണ് ക്രൈസ്തവലോകം. വേദഗ്രന്ഥ പരാമര്‍ശങ്ങളുടെ പിന്‍ബലമില്ലാത്ത മതാചാര- അനുഷ്ഠാന- ആരാധനാ കാര്യങ്ങള്‍ ചോദ്യംചെയ്യാതെ വിശ്വസിക്കുക മാത്രമേ അനുയായികള്‍ക്ക് സാധിക്കുന്നുള്ളൂവെന്നതാണ് ദുഃഖകരം.
യേശുക്രിസ്തുവിനെക്കുറിച്ച ധാരാളം പരാമര്‍ശങ്ങള്‍ ഇന്ന് നാം കാണുന്നത് ഖുര്‍ആനിലും ബൈബിളിലുമാണ്. അവയിലെ അധ്യാപനങ്ങളെ മുന്നില്‍വെച്ച് വിശകലനം ചെയ്യുമ്പോള്‍ യേശുവിന്റെ ജനനം, മഹത്വം, ദിവ്യനിയോഗത്തിന്റെ പ്രാമാണികത തുടങ്ങിയ മേഖലകളില്‍ അന്യൂനവും സുതാര്യവുമായ പ്രഖ്യാപനങ്ങള്‍ ബൈബിള്‍ പരാമര്‍ശങ്ങളേക്കാള്‍ പ്രമാണികവും മൗലികവുമായി ഖുര്‍ആന്‍ സൂക്തങ്ങളിലാണെന്ന് കാണാം.

യേശുവിന്റെ ജനനം:
ഖുര്‍ആനിലും ബൈബിളിലും
യേശുക്രിസ്തുവിന്റെ അസാധാരണ ജനനത്തെ, ദിവ്യത്വത്തിനുള്ള തെളിവായാണ് ക്രൈസ്തവലോകം കാണുന്നത്. എന്നാല്‍ യേശുവെക്കുറിച്ച് വൈരുധ്യമുക്തവും വിശ്വാസ്യവുമായ ഒരു വീക്ഷണം രൂപീകരിക്കുന്നതില്‍ ബൈബിള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് രേഖകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
മാര്‍കോസിലും യോഹന്നാനിലും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പോലുമില്ല. മത്തായി, ലൂക്കോസ് സുവിശേഷങ്ങളില്‍ കാണപ്പെടുന്ന പരാമര്‍ശം പരിശോധിക്കുമ്പോള്‍, മറിയത്തിന് ജോസഫില്‍ (പിതാവ്) നിന്ന് ജനിച്ച പുത്രനാണ് യേശുക്രിസ്തു എന്നാണ് മനസ്സിലാവുക. ‘മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായിട്ടാണ് യേശുവിന് ജന്മം നല്കിയതെന്ന'(മത്തായി 1:16) സൂചനയേക്കാള്‍ ക്രിസ്തുവിന്റെ പിതൃപരമ്പരയും വംശാവലിയും സൂചിപ്പിക്കപ്പെട്ടവയാണ് രണ്ടു സുവിശേഷങ്ങളും. അതുകൊണ്ട് തന്നെ ഇസ്‌റാഈല്യര്‍ക്ക് യേശുക്രിസ്തു കന്യകയാല്‍ പ്രസവിക്കപ്പെട്ടവനാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നു.
”തന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, യേശുവിന് ഏതാണ്ട് മുപ്പതു വയസ്സായിരുന്നു. അവന്‍ ജോസഫിന്റെ പുത്രന്‍ (എന്നു കരുതപ്പെട്ടിരുന്നു).” (ലൂക്കോസ് 3:23)
”ഈ മനുഷ്യന് ഈ ജ്ഞാനവും മഹാശക്തികളും എവിടെനിന്നു ലഭിച്ചു? ഇവന്‍ ആ തച്ചന്റെ (തച്ചനായ യോസഫിന്റെ) മകനല്ലേ? ഇവന്റെ അമ്മ മറിയം അല്ലേ…”(മത്തായി 13:54-55)
അമ്മയായ മറിയം തന്നെ പിതാവിനെ കുറിച്ച വര്‍ത്തമാനം മകനോട് (യേശു) സൂചിപ്പിക്കുന്നതായി ലൂക്കോസ് 2:48ല്‍ പരാമര്‍ശിക്കുന്നുണ്ട്.
”അമ്മ അവനോട് ചോദിച്ചു. മകനേ, ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്? നോക്കൂ, നിന്റെ പിതാവും ഞാനും നിന്നെ വേവലാതിയോടെ അന്വേഷിക്കുകയായിരുന്നു.”
യേശുക്രിസ്തു വ്യഭിചാര പുത്രനാണെന്ന ജൂതന്മാരുടെ ആരോപണങ്ങളെ ഖണ്ഡിക്കുവാന്‍ ബൈബിള്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ മൗലികമായി പര്യാപ്തമല്ല. യെശയ്യ, പ്രവാചകന്‍, ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കപ്പെടുന്ന ക്രിസ്തു, ഇസ്‌റാഈല്യര്‍ക്ക് അടയാളമായിട്ട് കന്യകയായ മര്‍യം ഗര്‍ഭിണിയായി പ്രസവിക്കുമെന്ന (യെശയ്യാവ് 7:14) പ്രവചനത്തിന്റെ സമ്പൂര്‍ണ പൂര്‍ത്തീകരണമായാണ് യേശുക്രിസ്തുവിന്റെ ജനനമെന്ന വസ്തുത ഭംഗിയായി പ്രതിപാദിക്കുന്നിടത്തും സുവിശേഷഗ്രന്ഥങ്ങള്‍ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. കാരണം പിതാവില്ലാത്ത യേശുവിന്റെ വംശാവലി സുവിശേഷങ്ങളില്‍ ചേര്‍ത്തിട്ടുള്ളത് അതാണ് സൂചിപ്പിക്കുന്നത്.
മുകളിലെ പരാമര്‍ശങ്ങള്‍ മുന്നില്‍ വെച്ച് യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച സുവിശേഷവീക്ഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. ഇസ്‌റാഈല്യര്‍ക്ക് യേശുവിന്റെ ജനനം, കേവലമൊരു സംഭവമായി മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ.
2. യേശുവിന്റെ പിതാവ് ജോസഫ് എന്ന് വിശ്വസിക്കപ്പെടുന്നു.
3. ജനനത്തിന് പ്രത്യേകമായ അത്ഭുതങ്ങളൊന്നും സുവിശേഷ കര്‍ത്താക്കള്‍ കാണുന്നില്ല.
എന്നാല്‍ ഈ പരാമര്‍ശങ്ങളില്‍നിന്ന് വ്യത്യസ്തമായി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്ന പ്രഖ്യാപനവും ബൈബിള്‍ തന്നെ നിര്‍വഹിക്കുന്നുവെന്നത് ഏറെ വിചിത്രമായി വിലയിരുത്തുന്നു.
”മറിയയും ജോസഫും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിന് മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു. ദാവീദിന്റെ പുത്രനായ ജോസഫ്! മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.” (മത്തായി 1: 18-25)
അതിപ്രധാനമായ ഒരു വസ്തുത, യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വന്ന ബൈബിള്‍ ഭാഗങ്ങള്‍ വ്യത്യസ്തവും വൈരുധ്യാത്മകവുമായ പരാമര്‍ശങ്ങള്‍ കാണപ്പെടാനുള്ള കാരണം, വേദഗ്രന്ഥങ്ങളില്‍ മനുഷ്യഭാഷ്യങ്ങളും പൗരോഹിത്യത്തിന്റെ അവിഹിത ഇടപെടലുകളും കൈകടത്തലുകളുമാണെന്ന് കാണാം. ചില തെളിവുകള്‍:
”സുവിശേഷങ്ങള്‍ മനുഷ്യകരങ്ങളാല്‍ വിരചിതമാണെങ്കിലും അതിന്റെ യഥാര്‍ഥ കര്‍തൃത്വം ദൈവത്തിനാണ്.” (ബൈബിള്‍ വിജ്ഞാനകോശം, പേജ് 949)
”ക്രിസ്തുവിന്റെ ശിഷ്യനല്ലാത്ത മത്തായി എഴുതിയ മത്തായിയുടെ സുവിശേഷം, യേശുവിനെ കണ്ടിട്ടില്ലാത്ത മാര്‍കോസ് എഴുതിയ മാര്‍ക്കോസിന്റെ സുവിശേഷം, പൗലോസിന്റെ ശിഷ്യനായ ലൂക്കോസ് രചിച്ച ലൂക്കോസ് സുവിശേഷം, ആര് എഴുതിയെന്ന് കൃത്യമായി ഇപ്പോഴും നിര്‍ണയിച്ചിട്ടില്ലാത്ത, യോഹന്നാന്‍ എഴുതിയെന്ന് വിശ്വസിക്കപ്പെടുന്ന യോഹന്നാന്‍ സുവിശേഷം-” പുതിയ നിയമത്തെക്കുറിച്ച ക്രൈസ്തവ പണ്ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ് എന്നിരിക്കെ യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച വ്യക്തവും സുഗ്രാഹ്യവുമായ ചരിത്രസത്യങ്ങള്‍ നമുക്ക് ബൈബിള്‍ പുസ്തകത്തില്‍ കാണുക പ്രയാസമാണ്. എന്നാല്‍ ജനനം സംബന്ധിച്ച സംഭവങ്ങള്‍ സുവ്യക്തമായി ഖുര്‍ആന്‍ പരാമര്‍ശിക്കുകൂടി ചെയ്തിട്ടുണ്ട്. യെശയ്യാ പ്രവാചകന്റെ പ്രവചനസഫലീകരണവും ജനനത്തിലെ അത്ഭുതവും സ്പഷ്ടമായി നാം ഖുര്‍ആനില്‍ വായിക്കുന്നുണ്ട്. ഈസാനബി(അ)യുടെ മാതാവായ ‘മര്‍യ’ത്തിന്റെ നാമത്തില്‍ തന്നെ പ്രത്യേകം ഒരധ്യായം ഖുര്‍ആനിലുണ്ട് (അധ്യായം 19). കന്യാമര്‍യത്തിന്റെ ജനനത്തിലേക്കും ജീവിതത്തിലേക്കും ഖുര്‍ആന്‍ ഇങ്ങനെ വെളിച്ചം വീശുന്നു.
(1) യേശുക്രിസ്തുവിന്റെ ജനനം സംബന്ധിച്ച സന്തോഷവാര്‍ത്തയെ ഖുര്‍ആന്‍ ഇങ്ങനെ സംഗ്രഹിക്കുന്നു.
”വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്ന് അകന്ന് കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ(ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെഅദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു. തീര്‍ച്ചയായും നിന്നില്‍നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു. പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിനുവേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു. എനിക്കെങ്ങനെ ഒരാണ്‍കുട്ടിയുണ്ടാവും. യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു. (കാര്യം) അങ്ങനെത്തന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും നാം ഉദ്ദേശിക്കുന്നു. അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു”. (വി.ഖു. 19:16-22)
”ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക): എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ. ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍നിന്ന് അവളേയും അവളുടെ സന്തതികളേയും രക്ഷിക്കാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ലനിലയില്‍ സ്വീകരിക്കുകയും നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടുവരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. ‘മിഹ്‌റാബില്‍’ (പ്രാര്‍ഥനാവേദി) അവളുടെ അടുക്കല്‍ സകരിയ്യാ കടന്ന് ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: ‘മര്‍യമേ, നിനക്ക് എവിടെനിന്നാണിത് കിട്ടിയത്?’ അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.” (വി.ഖു. 3:35-37)
(തുടരും)

Back to Top