23 Monday
December 2024
2024 December 23
1446 Joumada II 21

മൊറോക്കോയില്‍ – അധ്യാപക പ്രക്ഷോഭം

രാജ്യത്ത് അരങ്ങേറുന്ന അധ്യാപക പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് മൊറോക്കോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ നല്‍കുന്ന മുഖ്യമായ ഒരു വാര്‍ത്ത. കഴിഞ്ഞയാഴ്ചയില്‍ പ്രസിദ്ധീകരിച്ച മിക്കവാറും പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളും ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളായിരുന്നു. നിരവധി മാസങ്ങളായി നടന്ന് വരുന്ന അധ്യാപക പ്രക്ഷോഭം അതിന്റെ മൂര്‍ധന്യതയില്‍ എത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപക സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിലോമകരമായ ഒരു നിലപാടാണ് സമരത്തിനെതിരേ കൈക്കൊണ്ടത്. തുടര്‍ന്ന് സമരം വഷളാകുകയായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം തന്നെ താറുമാറായിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളും കലാലയങ്ങളും അടഞ്ഞ് കിടക്കുകയാണെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ജോലിയില്‍ സുരക്ഷിതത്വവും സ്ഥിരതയും തേടിയാണ് അധ്യാപക സമൂഹം സമരമാരംഭിച്ചത്. പെന്‍ഷന്‍ പോലെയുള്ള ആനൂകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നും അധ്യാപക ജോലിയില്‍ നിന്ന് മറ്റ് ജോലിയിലേക്ക് മാറാനുള്ള അവകാശം അധ്യാപകര്‍ക്ക് നല്‍കണമെന്നും സമരക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. പതിനായിരത്തിലേറെ അധ്യാപകര്‍ അണിനിരന്ന ഒരു റാലി കഴിഞ്ഞ മാസം മൊറോക്കന്‍ പാര്‍ലമെന്റിന് മുമ്പില്‍ നടന്നിരുന്നു. ജലപീരങ്കി പോലെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാനും സമരക്കാരെ അടിച്ചോടിക്കാനുമാണ് സര്‍ക്കാര്‍ അന്ന് ശ്രമിച്ചത്. തുടര്‍ന്നാണ് സ്‌കൂളുകള്‍ ഉപേക്ഷിച്ച് സമരരംഗത്തേക്ക് കടക്കാന്‍ അധ്യാപക സമൂഹം തീരുമാനിച്ചത്. വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകാതെ മുന്നോട്ട് പോയാല്‍ രാജ്യത്തിന്റെ ഭാവിയെത്തന്നെ അത് ബാധിച്ചേക്കാമെന്നും അതിനാല്‍ അടിയന്തിരമായ ഒരു പരിഹാരം ഈ വിഷയത്തില്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Back to Top