മുഹന്‍നദും മിന്‍ സുയൂഫില്ലാഹി… മുഹമ്മദ് നബി(സ) അറബി കവിതകളില്‍
ഡോ. പി എം മുസ്തഫ കൊച്ചിന്‍
മുഹമ്മദ് നബി(സ) പ്രമേയമായിട്ടുള്ള കവിതകള്‍ കൂടുതലുള്ളത് അറബി ഭാഷയിലാണ്. നബിയുടെ സാന്നിധ്യത്തെ പ്രശംസിച്ചും (മദ്ഹ്), നബി വേര്‍പാടില്‍ വിലാപം (മന്‍സിയാ) രചിച്ചുകൊണ്ടും ആധുനിക കാലത്തും അറബി സാഹിത്യത്തിലെ കവിതകള്‍ സമ്പുഷ്ടമാണ്. നബി(സ)യുടെ ആഗമന കാലത്ത് തന്നെ നബി നിന്ദകരായി മുന്നോട്ടു വന്ന അറബി കവികളില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് നബി പ്രശംസകരായി മാറിയ ചരിത്രം കാണാനാവും. പുരുഷ കവികളില്‍ ഭൂരിപക്ഷവും നബിയെ പ്രകീര്‍ത്തിച്ച് കവിത രചിച്ചെങ്കില്‍ കവയിത്രികളില്‍ ഭൂരിഭാഗവും വിലാപ കാവ്യമാണ് രചിച്ചത്. അബ്ദുല്‍ മുത്തലിബിന്റെ പെണ്‍മക്കളായ സഫിയ്യാ (മരണം എ ഡി 641), അര്‍വാ (മരണം എ എച്ച് 15) അതികാ എന്നിവരും ഹിന്‍ദ് ബിന്‍ത് ഹാരിസ്, ഹിന്‍ദ് ബിന്‍ അസാസ (മരണം എ ഡി 631) എന്നിവരും നബിയെപ്പറ്റി കവിത ആലപിച്ചവരാണ്. ലൈല അല്‍ അഖ്യലിയ്യാ (മരണം എ ഡി 704), ഖന്‍സാഉ് (എ ഡി 575-646) എന്നിവര്‍ അറബീ കവയിത്രികളില്‍ ഏറ്റവും കഴിവുറ്റവരാണ്. മദീനയില്‍ ഇസ്‌ലാമിന് കളമൊരുക്കിയവരില്‍ പ്രമുഖനായ അന്‍സാരി സഹാബിയാണ് അബ്ദുല്ലാഹിബിനു റവാഹാ (മരണം എ ഡി 629). അദ്ദേഹം അറബി കവി കൂടിയായിരുന്നു. നബിയുടെ അനുചരന്മാരില്‍ അക്ഷര ജ്ഞാനമുണ്ടായിരുന്ന വ്യക്തിയായതിനാല്‍ അദ്ദേഹം പ്രവാചകന്റെ എഴുത്തുകാരന്‍ കൂടിയായിരുന്നു. തന്റെ കവിതാ പാടവം ഇസ്‌ലാമിനും നബിക്കും വേണ്ടി ഉപയോഗപ്പെടുത്താന്‍ നബിയില്‍ നിന്ന് പ്രോത്സാഹനം ലഭിച്ചിരുന്നു.
‘ദുര്‍മാര്‍ഗികളാണ് കവികളെ പിന്തുടരുന്നത്’ (26:224) എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍ ദുഃഖിതനായിത്തീര്‍ന്ന അബ്ദുല്ലാഹിബിനു റവാഹായ്ക്ക് ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും അക്രത്തിനിരയായതിനെ തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു’ (26:227) എന്ന വചനം അവതരിച്ചപ്പോഴാണ് സമാധാനം ലഭിച്ചത്. മുഹമ്മദ് നബി(സ)യെ പരാമര്‍ശിച്ചുകൊണ്ടുള്ള അബ്ദുല്ലായുടെ കവിതയുടെ ആശയമിതാണ്: ‘പുലരിയുടെ പൊലിമ പൊട്ടിവിടരുമ്പോള്‍ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്ത് അവന്റെ തിരുദൂതന്‍ ഞങ്ങളോടൊപ്പമിരിക്കുന്നു. /അന്ധതയ്ക്ക് ശേഷം അകം കാഴ്ചയുടെ വെളിച്ചം ഞങ്ങള്‍ക്ക് അദ്ദേഹം കാണിച്ചു തന്നു, അദ്ദേഹം പറഞ്ഞതെല്ലാം പുലരുമെന്ന് ഞങ്ങളുടെ ഹൃദയങ്ങള്‍ ദൃഢവിശ്വാസം കൊണ്ടിരിക്കുന്നു. /ബഹുദൈവാരാധകര്‍ കിടപ്പാടങ്ങളില്‍ കനം തൂങ്ങിയുറങ്ങുമ്പോള്‍, അദ്ദേഹം നിദ്രാവിഹീനനായി കഴിയുന്നു. / ഞാന്‍ അല്ലാഹുവിങ്കല്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്നും അങ്ങോട്ട് തിരിച്ച് ചെല്ലുന്നവനുമാണെന്നും എനിക്ക് ദൃഢബോധ്യമാണ്.(1)
നബി(സ)യെ പുകഴ്ത്തി അബൂലൈലാ നാബിഗതുല്‍ ജഉ്ദീ (എ ഡി 568-894) എഴുതിയ തവീല്‍ വൃത്തത്തിലുള്ള കവിത ‘ഖലീല്ലയ്യാ’ എന്ന പേരില്‍ പ്രസിദ്ധമാണ്. അദ്ദേഹവും സഹാബിയായ കവിയാണ്. അദ്ദേഹത്തിന്റെ കവിതയിലെ ഒരു വരിയുടെ അര്‍ഥം: ‘തിളങ്ങുന്ന ഗോളം പോലെയുള്ള ഗ്രന്ഥം വായിച്ച് കൊണ്ട് സന്മാര്‍ഗവുമായി വന്നപ്പോള്‍ ഞാന്‍ ദൈവദൂതന്റെ ചാരത്തെത്തി.'(2) മക്കാ വിജയനാളില്‍ ഇസ്്‌ലാമാശ്ലേഷിച്ച സഹാബി കവിയാണ് ദിറാര്‍ ബിന്‍ ഖതാബ്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ആലപിച്ച കവിത തുടങ്ങുന്നതിങ്ങനെയാണ്: ‘സന്‍മാര്‍ഗത്തിന്റെ പ്രവാചകനേ, ഖുറൈശ് ഗോത്രം നിന്നിലേക്ക് അഭയം തേടുന്നു, നീയാകട്ടെ ഏറ്റവും നല്ല അഭയവുമാണ്.’ (3)
പ്രവാചകന്റെ കവി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത് ഹസ്സാന്‍ ബിന്‍ സാബിത് (554- 674 എ ഡി) എന്ന അന്‍സാരി സഹാബിയായിരുന്നു. അദ്ദേഹം ഒരിക്കല്‍ നബിയെക്കുറിച്ച് പറഞ്ഞു: ‘അങ്ങയെപോലെ അഴകുള്ള ഒരാളെ എന്റെ കണ്ണുകള്‍ ദര്‍ശിച്ചിട്ടില്ല. അങ്ങയെപോലെ ഉന്നതനായ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല’.
അബൂ സുഫ്യാന്‍ ബിന്‍ ഹാരിസ് (മരണം എ.ഡി 636) ഇസ്്ലാം വിമര്‍ശകനായ കവിയായിരുന്നു. നബി മരണപ്പെട്ടപ്പോള്‍ വിലാപകാവ്യം ചൊല്ലിയിട്ടുണ്ട്. ഹുനൈന്‍ യുദ്ധ ദിനത്തില്‍ നബി(സ)യുടെ വാഹനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് കവിത ആലപിച്ചിട്ടുണ്ട്. അബൂസുഫ്യാന്‍ നബി(സ)യെ വിമര്‍ശിച്ച സന്ദര്‍ഭത്തില്‍ ആക്ഷേപ കവിതക്ക് (ഹിജാഉ്) ഹസ്സാന്‍ ബിന്‍ സാബിത് കൊടുത്ത മറുപടി പ്രസിദ്ധമാണ്: ‘മുഹമ്മദിനെ നീ ആക്ഷേപിച്ചു, ഞാനതിനു മറുപടി തന്നു; എനിക്കതിന് അല്ലാഹുവിങ്കല്‍ നിന്ന് നല്ലതായ പ്രതിഫലമുണ്ട്. എന്റെ പിതാവും പിതാമഹനും ആത്മാഭിമാനവും നിങ്ങളില്‍ നിന്ന് മുഹമ്മദിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് സദാ ഉഴിഞ്ഞു വെക്കപ്പെട്ടിരിക്കുന്നു'(4)
അന്‍സാരി സഹാബിയായ കവിയാണ് കഅബ് ബിന്‍ മാലിക് (മരണം ഹിജ്റ 51). കണക്കിലും കയ്യെഴുത്തിലും നിപുണനായ അദ്ദേഹത്തോട്് തന്റെ കവിത പാടിക്കേള്‍പ്പിക്കാന്‍ നബി(സ) ആവശ്യപ്പെടുകയും അത് നബി എഡിറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ഖൈബര്‍ പോരാട്ട സന്ദര്‍ഭത്തില്‍ പാടിയ വരികളില്‍ നബിയെ പരാമര്‍ശിക്കുന്നുണ്ട്: ‘അഹ്മദിനു വിജയവും അല്ലാഹു തരുന്ന രക്തസാക്ഷിത്വവുമാണ് കിട്ടുന്നതെങ്കില്‍ ആ മരണത്തെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനമായി കാണുന്നവര്‍!/ മുഹമ്മദിന്റെ സംരക്ഷണത്തിന് വേണ്ടി അവര്‍ മുമ്പോട്ടു കുതിക്കുന്നു, നാവുകൊണ്ടും, കരം കൊണ്ടും അദ്ദേഹത്തിനു വേണ്ടി പ്രതിരോധിക്കുന്നു!'(5)
ബുര്‍ദയുടെ ചരിത്രം
‘ബാനത് സുആദ്’ എന്ന പ്രശസ്ത ബുര്‍ദാ കാവ്യം രചിച്ച കഅ്ബ് ബിന്‍ സുഹൈര്‍ (മരണം എ ഡി 647) ആദ്യഘട്ടത്തില്‍ നബി നിന്ദകനായിരുന്നു. കടുത്ത നിലപാടെടുത്ത അദ്ദേഹം പ്രവാചക വിരോധം പ്രകടിപ്പിച്ചു കൊണ്ട് ഒളിവിലായിരുന്നു. പിന്നീട് വേഷപ്രച്ഛന്നനായി മദീനയില്‍ എത്തിയ കഅ്ബ് അബൂബക്കറിനെ(റ) സമീപിച്ചു. തനിക്ക് അഭയം നേടിത്തരാനാവശ്യപ്പെട്ടു.
ഒരു സുബ്ഹ് വേളയില്‍ കഅ്ബിനെ മുഹമ്മദ് നബി(സ)യുടെ സന്നിധാനത്തില്‍ അബൂബക്കര്‍ ഹാജറാക്കി. ‘ദൈവ ദൂതരേ, ഇസ്‌ലാമിനായി പ്രതിജ്ഞയെടുക്കാന്‍ ഒരാളിതാ അങ്ങയുടെ സവിധത്തില്‍ വന്നിരിക്കുന്നു’ എന്ന് അറിയിച്ചുകൊണ്ട് മുഖാവരണം മാറ്റി, ഇരുകരങ്ങളും നീട്ടി കഅ്ബ് മുന്നോട്ടു ചെന്നു: ‘ദൈവ ദൂതരേ, ഞാനാണ് കഅ്ബ് ബിന്‍ സുഹൈര്‍’. റസൂല്‍ സന്തോഷപൂര്‍വം അറിയിച്ചു: ‘ഒന്നും പേടിക്കേണ്ടതില്ലാ, കഅ്ബ് നിര്‍ഭയനാണ്’ തുടര്‍ന്നാണ് ‘ബാനത് സുആദ്’ എന്ന തന്റെ പ്രസിദ്ധ കാവ്യം കഅ്്ബ് ആലപിക്കുന്നത്. കവിത മുഴുവന്‍ കേട്ട റസൂല്‍ കഅ്്ബിനെ കുറ്റവിമുക്തനാക്കുക മാത്രമല്ല തന്റെ പുതപ്പ് (ബുര്‍ദാ) എടുത്ത് അദ്ദേഹത്തെ അണിയിച്ചു ആശീര്‍വദിച്ചു.
നബി നല്‍കിയ പുതപ്പ് കഅ്ബിന്റെ കാലശേഷവും ഒരു നിധിപോലെ കുടുംബം സൂക്ഷിച്ചു. ഖലീഫാ മുആവിയാ (എ ഡി 608-680) ഇരുപത്തിനാലായിരം ദിര്‍ഹം വിലയ്ക്ക് അവരില്‍ നിന്ന് അത് വാങ്ങി. അബ്ബാസീ ഭരണകാലത്ത് ഖലീഫാ മന്‍സൂര്‍ (എ ഡി 714-775) നാല്‍പതിനായിരം ദിര്‍ഹം കൊടുത്ത് മുആവിയാ കുടുംബത്തില്‍ നിന്ന് അത് വാങ്ങി. പിന്നീട് പെരുന്നാള്‍ നമസ്‌കാര വേളകളില്‍ ഖലീഫമാര്‍ വിശിഷ്ട വസ്ത്രമായി അത് ഉപയോഗിച്ചു വന്നു. ബുര്‍ദാ കാവ്യം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘സുആദ് പോയി, വിരഹ വേദനയാല്‍ തകര്‍ന്ന എന്റെ ഹൃദയം, അതിനെ മോചിപ്പിക്കാന്‍ ആരുമില്ല…'(6).
ഈ കവിത പ്രവാചക പ്രകീര്‍ത്തന കാവ്യമായി അറിയപ്പെടുന്നു. റസൂലിനെ പരാമര്‍ശിക്കുന്ന വരിയിതാ: ‘പ്രവാചകന്‍ ഒരു പ്രകാശമാണ്, ആരും വെളിച്ചം തേടുന്ന കൈത്തിരി, അല്ലാഹുവിന്റെ ഊരി ഉയര്‍ത്തിയ ഇന്ത്യന്‍ വാള്‍'(7) പ്രശംസിച്ച് കാവ്യരചന നടത്തിയപ്പോള്‍ നബി(സ) പുടവ നല്‍കി സംരക്ഷിച്ച നബി വിമര്‍ശകനായ മറ്റൊരു കവിയായിരുന്നു അബ്ദുല്ലാഹിബിന്‍ സിബഅ്‌റാ (മരണം എ ഡി 636). മക്കയില്‍ വെച്ചായിരുന്നു ആ സംഭവം. അറബി കവിതകള്‍ അറബ് നാടുകളിലും അനറബി നാടുകളിലുമുണ്ട്.
അറേബ്യക്ക് പുറത്ത്
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമുണ്ടായിരുന്ന അറബി ഭാഷ. മറ്റു ഏഷ്യന്‍ നാടുകളിലേക്ക് പ്രചരിച്ചു. അതൊടൊപ്പം ആഫ്രിക്കന്‍ വന്‍കരയിലുമെത്തി. ഒടുവില്‍ യൂറോപ്പിലെ സ്പെയിനിലുമെത്തി. അന്ദലൂസിയന്‍ അറബിക്കവിതകളും, ആഫ്രിക്കന്‍ അറബി കവിതകളും ഏഷ്യന്‍ അറബി കവിതകളും അങ്ങനെ ഉണ്ടായിത്തീര്‍ന്നു.
അറേബ്യന്‍ ഉപഭൂഖണ്ഡത്തിനപ്പുറം മറ്റു നാടുകളില്‍ നബി പരാമര്‍ശമുള്ള കവിതകളുണ്ടായി. കേരളത്തിന്റെ അറബി കവിയായ ഉമര്‍ ഖാദിക്ക് (1757-1856) ‘സ്വല്ലാല്‍ ഇലാഹ്’ എന്ന പേരില്‍ നബി കീര്‍ത്തന കാവ്യമുണ്ട്. കൊച്ചന്നൂര്‍ അലി മൗലവിയുടെ ‘ഖുലാസതുല്‍ അഖ്സാര്‍ ഫീ സീറത്തില്‍ മുഖ്താര്‍’ നബിയെ പ്രകീര്‍ത്തിക്കുന്ന അറബി കവിതയാണ്.
ഇറാഖീ അറബി കവികളില്‍ ഫറസദഖ് (എ ഡി 641-728), ജമാലുദ്ദീന്‍ ത്സര്‍ത്സാരീ (11921258), ബദ്ര്‍ ശാകിരിസ്സയ്യാബ് (19261964) എന്നിവര്‍ നബി(സ) യെ പ്രമേയമായി കവിതയില്‍ കൊണ്ടുവന്നവരാണ്. നബി ജീവിതം 40,000 വരികളില്‍ വര്‍ണിക്കുന്ന ഇറാഖീ കാവ്യമാണ് 1977-ല്‍ അബ്ദുല്‍ മുന്‍ഇം ഫര്‍തൂ സീ (1916-83) രചന പൂര്‍ത്തിയാക്കിയ ‘മല്‍ഹമതു അഹ്്ലില്‍ ബൈത്’. ശിഈ കവിയായ കാളിമുല്‍ ഉത്്സ്രീ (1730-69) യുടെ 580 വരികളുള്ള ഇറാഖി കവിതയാണ് ‘അല്‍ ഉത്സ്രിയ്യാ ഫീ മദ്ഹിര്‍ റസൂലില്‍ അഅ്ളം’. സഫിയ്യദ്ദീനില്‍ ഹില്ലീയുടെ ‘അല്‍കാഫിയതുല്‍ ബദീഇയ്യാ’ ഇറാഖില്‍ നിന്ന് വന്ന നബി കീര്‍ത്തന കാവ്യമാണ്.
യൂസുഫ് നബ്ഹാനീ (1849-1932), മഹ്മൂദ് ദര്‍വീശ് (1941-2008) എന്നീ ഫലസ്തീനി കവികളുടെ വിഷയങ്ങളില്‍ നബി(സ) വന്നിട്ടുണ്ട്. യമനീ കവികളായ അബ്ദുറഹീമുല്‍ ബുറഈ (1368-1400), അബൂബക്കര്‍ ബിന്‍ അല്‍ അലവീ (1846-1922), കുവൈത്തീ കവിയായ ഖാലുദുല്‍ ഫറജ് (1898-1954) എന്നിവരുടെ കാവ്യങ്ങളില്‍ മുഹമ്മദ് നബി(സ) പരാമര്‍ശ വിഷയമാണ്. സിറിയയില്‍ ക്രിസ്ത്യന്‍ അറബി കവിയായ അബ്ദുല്‍ മസീഹ് അന്‍കാതീ (1874-1923) 5595 വരികളില്‍ നബിയെ പുകഴ്ത്തിയിട്ടുണ്ട്. ഈജിപ്തിലെ അറബി കവി ഇബ്നുല്‍ ഫാരിദ് (1181-1234) നബിയെ പരാമര്‍ശിച്ച് കവിത രചിച്ചിട്ടുണ്ട്.
‘മുഹമ്മദേ, ഭൂമിയെ പ്രകാശം കൊണ്ട് നീ നിറയ്ക്കു, ജനങ്ങളെയും കാലങ്ങളെയും തത്വജ്ഞാനം കൊണ്ട് നീ ഉല്‍ബുദ്ധരാകുക'(8) എന്ന് പറഞ്ഞുകൊണ്ടാണ് അഹ്മദ് മുഹര്‍റം (1877-1945) 184 വരികളുള്ള നബി കാവ്യം ആരംഭിക്കുന്നത്. ഈജിപ്തിലെ മുന്‍ മന്ത്രിയും കവിയുമായ മഹ്മൂദ് സാമീ ബാറൂദീ (1839-1904) യുടെ ‘കശ്ഫുല്‍ ഗുമ്മാ ഫീ മദ്ഹി സയ്യിദില്‍ ഉമ്മ’ എന്ന കാവ്യത്തിന് 447 വരികളുണ്ട്. അതിന്റെ തുടക്കം ‘മിന്നൊളിയുടെ നേതാവേ…’ (9) എന്ന് നബിയെ വിശേഷിപ്പിച്ചുകൊണ്ടാണ്. പിരമിഡുകളുടെ കവി എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുല്‍ഗനീ ഹസന്റെ (1907-1985) നബി കീര്‍ത്തന കാവ്യമാണ് ‘മിന്‍ വഹ്യിന്‍ നുബുവ്വാ’.
ഇമാം ബൂസീരി (1212-1295) യുടെ പ്രസിദ്ധ കാവ്യമായ ഖസീദതുല്‍ ബുര്‍ദായുടെ പൂര്‍ണ നാമം; ‘അല്‍വാകിബുദ്ദുര്‍രിയാ ഫീ മദ്ഹി ഖൈരില്‍ ബരിയ്യാ’ എന്നാണ്. 163 വരികളുള്ള ബുര്‍ദാ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘ദീസലം എന്ന നാട്ടിലെ അയല്‍വാസിയെ ഓര്‍ത്തുകൊണ്ടാണോ നിന്റെ കണ്ണുകളില്‍ നിന്ന് രക്തം കലര്‍ന്ന കണ്ണുനീര്‍ നീ ഒലിപ്പിക്കുന്നത്?'(10) ഈ കവിത അവസാനിക്കുന്നത് നബിയെ പരമാര്‍ശിച്ചുകൊണ്ടാണ്.
‘എന്റെ രക്ഷിതാവേ, മുസ്തഫായ നബിയെ കൊണ്ട് ഞങ്ങളുടെ ഉദ്ദേശ്യങ്ങളായ പരലോകമോക്ഷത്തെ എത്തിച്ചു തരേണമേ, ശ്രേഷ്ഠതയില്‍ വിശാലനായ നാഥാ, കഴിഞ്ഞു പോയ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും ചെയ്യേണമേ.’ (11)
ബൂസീരി തന്റെ ബുര്‍ദയില്‍ സുഹൈരിന്റെ പുത്രന്‍ കഅ്ബിനെ പുകഴ്ത്തലിനെ വിമര്‍ശിക്കുന്നതിങ്ങനെയാണ്: ‘ഹരിമിനെ വാഴ്ത്തിയ സുഹൈരിന്റെ ഇരുകരങ്ങള്‍ സമ്പാദിച്ച ഭൗതികമായ ലാഭം ഞാന്‍ ഉദ്ദേശിക്കുന്നില്ല.'(12)
അഹ്്മദ് ശൗഖീ (1868-1932) യുടെ 190 വരികളുള്ള ‘നഹ്ജുല്‍ ബുര്‍ദാ’ ആരംഭിക്കുന്നത് ‘രീമുന്‍ അലല്‍ ഖാഇ ബൈനല്‍ ബാനി വല്‍ അലമി’ എന്ന് പറഞ്ഞു കൊണ്ടാണ്. ഇത് ബുര്‍ദായ്ക്ക് പ്രതികരണണമായി എഴുതിയ കവിതയാണ്. ഇത് കൂടാതെയും നബി പരാമര്‍ശ കവിതകള്‍ ശൗഖീയ്ക്കുണ്ട്. ജലാലുദ്ദീന്‍ സുയൂതിയുടെ (1445-1505) നബി കീര്‍ത്തനമാണ് ‘നള്മുല്‍ ബദീഇ ഫീ മദ്ഹി ഖൈരി ശഫീഇന്‍” എന്ന കാവ്യം.
മൊറോക്കന്‍ അറബി കവികളുടെ രചനകളിലും നബി പരാമര്‍ശം കാണാം. മാലിക് ബിന്‍ മുറഹ്ഹല്‍ സബ്തീ (1207-1300) അബ്ദുറഹ്്മാന്‍ ബിന്‍ സൈദാന്‍ (1878-1946) എന്നിവര്‍ മൊറോക്കന്‍ കവികളാണ്. ‘കിഫായതുല്‍ മുഹ്താജി ഫീ മദ്ഹി സാഹിബില്ലിവാഇ വത്താജ്’ എന്നത് സൈദാന്റെ കവിതയാണ്.
2020ല്‍ കൊറോണ ബാധിച്ച് മരിച്ച ലിബിയന്‍ കവിയായ അബ്ദുല്‍ മൗലാന്‍ ബാഗ്ദാദിയുടെ (1938-2020) 231 വരികളുള്ള നബി കവിതയാണ് ‘മൗലായ അബ്ദുക ബൈനല്‍ യഉ്സി വല്‍ അമല്‍’ സ്പാനിഷ് അറബികവികളുടെ കവിതകളിലും നബി(സ) പരാമര്‍ശ വിഷയമായിട്ടുണ്ട്. ഇബ്ന്‍ ജംബിരില്‍ അന്ദലൂസി (1298-1378), ഖാദി ഇയാദ് (1083-1149), ലിസാനുദീന്‍ ഖതീബ് (1313-1374) എന്നിവര്‍ അവരില്‍ ചിലരാണ്.
ലിസാനുദ്ദീന്റെ കവിതാ ശകലങ്ങളാണ് സ്പെയ്നിലെ ഗ്രാനാദാ അല്‍ഹംറാ (അഘഒഅങആഞഅ) എന്ന ചുവന്ന കൊട്ടാരത്തില്‍ സുന്ദരമായ അറബീ കാലിഗ്രാഫില്‍ ഉല്ലേഖനം ചെയ്തുവെച്ചിരിക്കുന്നത്.
കുറിപ്പുകള്‍
1 വഫീനാ റസൂലുല്ലാഹി യത്ലൂ കിതാബഹു,
ഇദന്‍ ശഖ്ഖ മഉറൂഫുന്‍ മിനല്‍ ഫജ്രി സാതിഉ.
അറാനാല്‍ ഹുദാ ബഉദല്‍ അമാ ഫഖുലൂബുനാ,
ബിഹി മൂഖിനാതുല്‍ അല്‍ മഖാഖ വാഖിഉ.
യബീതു ബിനാ ഫീ ജന്‍ബിഹി അന്‍ഫിറാശിഹി,
ഇദാസ്തഖല്ലത് ബിന്‍ മുഗ്രികീനല്‍ മദാജിഉ
വഅ്ലം ഇല്‍മന്‍ ലൈസ ബിള്ളന്‍നി അന്‍നനീ
ഇലല്ലാഹി മഹ്ശൂറുന്‍ ഹുനാക വ റാജിഉം.
2. അതൈതു റസൂലല്ലാഹി ഇദ് ജാഅ ബിന്‍ഹുദാ,
വയത്ലൂ കിതാബന്‍ കല്‍മജര്‍റതി നയ്യിറാ.
3. യാ നബീയ്യാല്‍ ഹുദാ,
ഇലൈക ലജാ ഹയ്യു ഖുറൈശിന്‍,
വഅന്‍ത ഖൈറു ലിജാഇ.
4. ഹജൗതാ മുഹമ്മദന്‍
ഫഅജബ്തു അന്‍ഹു,
വഇന്‍ദല്ലാഹി ഫീ ദാകല്‍ ജസാഉ
ഫഇന്‍ന അബീ വവാലിദി ഹി വഇര്‍ദീ, ഫഇന്‍ന അബീ വവാലിദിഹി വഇര്‍ദീ,
ലി ഇര്‍ദീ മുഹമ്മദിന്‍ മിന്‍കും വിഖാഉ.
5. യറല്‍ ഖത്ല മദ്ഹന്‍ ഇന്‍അസാബ ശഹാദതന്‍
മിനല്ലാഹി യര്‍ജൂഹാ, വഫൗസന്‍ ബി അഹ്മദ്,
യദൂദു വയഹ്മീ അന്‍ദിമാരി മുഹമ്മദിന്‍,
വയദ്ഫഉ അന്‍ഹു ബില്ലിസാനി വബില്‍യദി.
6. ബാനത് സുആദു, ഫഖല്‍ബീല്‍ യൗമ മത്ബൂലു,
മുതയ്യമുന്‍ ഇസ്റഹാ, ലംയുഫ്ദ മക്ബൂലു.
7. ഇന്‍നര്‍റസൂല ലനൂറുല്‍ യുസ്തദാഉ ബിഹി
മുഹന്‍നദും മിന്‍ സുയൂഫില്ലാഹി മസ്ലൂലു.
8. ഇംലഇല്‍ അര്‍ദ-യാ മുഹമ്മദു- നൂറന്‍,
വഗ്മിരിന്‍നാസ ഹിക്മതന്‍ വദ്ദുഹൂറാ…
9. യാറാഇദല്‍ ബര്‍ഖി യമ്മിം ദാറതന്‍ അലമി,
വാഹിദുല്‍ ഗമാമി ഇലാ ഹയ്യിന്‍ ബിദീ സലമി.
10 അമിന്‍ തദക്കുരി ജീറാനിന്‍ ബിദീസലമിന്‍,
മത്സജ്ത ദംഅന്‍ ജറാ മിന്‍ മുഖ്ലതിന്‍ ബിദമി.
11. യാ റബ്ബി ബില്‍ മുസ്തഫാ ബല്ലിഗ് മഖാസിദനാ,
വഗ്ഫിര്‍ലനാ മാ മദായാ വാസിഅല്‍ കറമി.
12. വലം ഉരിദ് ത്സഹ്റതദ്ദുന്‍യാല്ലത്തീക്തതഫത്,
യദാ ത്സുഹൈരിന്‍ ബിമാഅസ്‌നാഅലാഹരിമി.