22 Sunday
December 2024
2024 December 22
1446 Joumada II 20

മുസ്‌ലിം ഐക്യത്തിനായി ശിയാ ഇമാം

ലോകത്തെ മുസ്‌ലിംവിഭാഗങ്ങള്‍ യോജിച്ചുനില്‍ക്കേണ്ട രാഷ്ട്രീയ സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് വിയോജിപ്പുകളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതു അജണ്ടകളില്‍ ഒന്നിക്കുവാന്‍ സുന്നി ശിയാ വിഭാഗ ങ്ങള്‍ക്ക് സാധിക്കണമെന്നുമുള്ള ഇറാനിലെ ശിയാ ഇമാമിന്റെ ആഹ്വാനം മിക്കവാറും അറബ് മാധ്യമങ്ങളും പ്രാധാന്യപൂര്‍വമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെ പ്രമുഖമായ ഒരു പള്ളിയിലെ ഇമാമും ഖത്വീബുമായ അഹ്മദ് ഖാതിമിയാണ് ശിയാ വിഭാഗങ്ങളോട് ഐക്യത്തിനായി തയാറാകാന്‍ ആഹ്വാനം ചെയ്തത്. ഇസ്‌ലാമിന് എതിരില്‍ ആഗോള തലത്തില്‍ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ ഇരയാകുന്നവരില്‍ സുന്നികളെന്നോ ശിയാക്കളെന്നോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളെന്നോ വ്യത്യാസമില്ല. അത് കൊണ്ട് ഈ വ്യത്യാസങ്ങളുടെ പേരില്‍ മുസ്‌ലിം സമൂഹം ഭിന്നിച്ച് നില്‍ക്കുന്നത് എതിരാളികള്‍ക്ക് എളുപ്പമാകുകയാണെന്ന് സുന്നീ, ശീയാ വിഭാഗങ്ങള്‍ തിരിച്ചറിയണമെന്നും അഹ്മദ് ഖാത്വിമി അപറഞ്ഞു.  അമേരിക്കയെപ്പോലെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് ഇസ്‌ലാം ഒരു രാഷ്ട്രീയ ശത്രുവാണെന്നും അത്തരം രാജ്യങ്ങള്‍ നടത്തുന്ന ഗൂഢാലോചനകള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാത്തതാണ് വര്‍ത്തമാനകാല മുസ്‌ലിം ലോകത്തിന്റെ ദൗര്‍ബല്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനെ മുസ്‌ലിം പൊതു ധാരയില്‍നിന്ന് അടര്‍ത്തിമാറ്റി നിര്‍ത്താന്‍ അമേരിക്ക എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അതിന് പിന്നിലെ താത്പര്യങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Back to Top