22 Sunday
December 2024
2024 December 22
1446 Joumada II 20

മുസ്‌ലിം ഐക്യത്തിനായി ഇറാനും തുര്‍ക്കിയും

ആഗോള തലത്തിലെ മുസ്‌ലിം ഐക്യത്തിനായുള്ള ഇറാനിയന്‍ ഇമാമിന്റെ ആഹ്വാനവുമായി ബന്ധപ്പെട്ടുള്ള ഒരു വാര്‍ത്ത കഴിഞ്ഞയാഴ്ച ഈ കോളത്തില്‍ നല്‍കിയിട്ടുണ്ടായിരുന്നു. അത് ഇറാനില്‍നിന്നുള്ള ഒരു ഒറ്റപ്പെട്ട വാര്‍ത്തയല്ലെന്നും ഇറാന്റെ രാഷ്ട്രീയമായ ഒരു തീരുമാനം അത്തരം ആഹ്വാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ബോധ്യപ്പെടുത്തുന്ന ചില നീക്കങ്ങളാണ് കുറച്ച് ദിവസമായി ഇറാന്റെ ഭാഗത്തുനിന്നും കാണുന്നത്. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു നീക്കമായിരുന്നു തുര്‍ക്കിയുമായി ചേര്‍ന്ന് ആഗോള മുസ്‌ലിം ഐക്യത്തിനായുള്ള ചില പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍. ആ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിനും ഒത്തൊരുമയ് ക്കും വേണ്ടി ഇറാനും തുര്‍ക്കിയും ഒന്നിക്കുന്നെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വെളിപ്പെടുത്തിയത്. ഇതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അവര്‍ അറിയിച്ചു. ഇസ്‌ലാമിക ലോകം അനേകം വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍, ഭീകരവാദങ്ങള്‍, സിറിയ പോലെയുള്ള രാജ്യങ്ങളിലെ പ്രതിസന്ധി, സാമൂഹ്യമായ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസപരമായ അപര്യാപ്തതകള്‍, ദാരിദ്ര്യം തുടങ്ങി അനേകം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ യോജിച്ചൂള്ള മുന്നേറ്റങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഇറാന്റെ അഭിപ്രായം. ഇതൊരു ശിയാ അജണ്ടയായി തെറ്റിദ്ധരിപ്പിച്ച് സുന്നി കക്ഷികളെ ഇതുമായി സഹകരിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങളെ തടയിടാന്‍ തുര്‍ക്കി സഹകരണം കൊണ്ട് ഇറാന് കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കക്ഷിത്വങ്ങള്‍ മറന്ന് യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും രാഷ്ട്രീയപരമായി ശാക്തീകരിക്കാനും പരിഹാരങ്ങള്‍ ആരായാനും മുസ്‌ലിം രാഷ്ട്രങ്ങള്‍ ശ്രമിക്കണമെന്നും അതിനായാണ് തുര്‍ക്കി ഈ യജ്ഞത്തില്‍ പങ്കാളിയാകുന്നതെന്നും തുര്‍ക്കിയും അഭിപ്രായപ്പെട്ടു.
Back to Top