മുഖപടം വിലക്കിയത് മനുഷ്യാവകാശ ലംഘനമെന്ന് യു എന്‍
മുഖാവരണം വിലക്കിക്കൊണ്ട് ഫ്രാന്‍സ് സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തിക്കുള്ള അവകാശങ്ങളിന്മേല്‍ ഭരണകൂടം കടന്ന് കയറുകയാണെന്നും യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചു. മുഖപടം ധരിച്ച രണ്ട് യുവതികളെ അറ്സ്റ്റ് ചെയ്ത് ശിക്ഷിച്ച ഒരു വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നടപടിക്കെതിരേയാണ് ഇപ്പോള്‍ യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങനെ മുഖപടം വിലക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് യു എന്‍ കമ്മീഷന്റെ നിരീക്ഷണം. വസ്ത്രം വ്യക്തിയുടെ തെരഞ്ഞെടുപ്പാണോ ഭരണകൂടത്തിന്റെ താത്പര്യമാണോ എന്നായിരുന്നു കമ്മീഷന്‍ ചോദിച്ചത്. വസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമാകുമ്പോള്‍ ഭരണകൂടങ്ങള്‍ അതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ആളുകളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമായിരുന്നു ഫ്രാന്‍സ് പറഞ്ഞത്. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുഖപടം രാജ്യത്ത് നിരോധിച്ചത്. എന്നാല്‍ ഈ നിലപാടുകള്‍ ഒരു വിഭാഗം ജനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും പൗരന്റെ വസ്ത്ര സ്വാതന്ത്ര്യത്തിന്മേല്‍ ഭരണകൂടങ്ങള്‍ക്ക് കടന്ന് കയറാന്‍ കഴിയില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.