മാനവികതക്ക് ഊന്നല്‍ നല്കിയപ്പോള്‍ നൈക്കിന് വരുമാന വര്‍ധനവ്
അമേരിക്കന്‍ പോലീസും സര്‍ക്കാറും പുലര്‍ത്തുന്ന വംശീയ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രശസ്തനായ യു എസ് ഫുട്‌ബോളറാണ് കോളിന്‍ കേപ്പര്‍നിക്ക്. അദ്ദേഹത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ പരസ്യമായി അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഒരു സ്‌റ്റേഡിയത്തില്‍ വെച്ച് അമേരിക്കയുടെ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ മുട്ടിലിഴഞ്ഞു കൊണ്ട് അമേരിക്കയുടേയും അമേരിക്കന്‍ പോലീസിന്റെയും വംശീയ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചിരുന്നു കോളിന്‍ കേപ്പര്‍നിക്ക്. അത് വൈറലാവുകയുമുണ്ടായി. അദ്ദേഹത്തെ മോഡലാക്കി പ്രശസ്ത കമ്പനിയായ നൈക്ക് ഒരു പരസ്യം ചെയ്യുകയുണ്ടായി. ആ പരസ്യവും വൈറലായി. ആ പരസ്യത്തോടെ നൈക്കിന്റെ വില്പനയില്‍ 31 ശതമാനത്തോളം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2017 ല്‍ കേവലം 17 ശതമാനമായിരുന്നു വര്‍ധനവ് എന്നത് ചേര്‍ത്തു വായിക്കുമ്പോഴാണ് ഇത് പ്രകടമായും മനസ്സിലാവുക. പൊതുവെ അമേരിക്കയിലും ലോകമാകമാനവും ഉള്ള ആളുകള്‍ അമേരിക്ക പുലര്‍ത്തുന്ന വംശീയ നിലപാടുകള്‍ക്കെതിരാണെന്നതിനും അവര്‍ മാനവികതയുടെ പക്ഷത്താണ് എന്നതിനുമുള്ള തെളിവാണ് ഈ പരസ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. നൈക്കിനെ പോലെയുള്ള ആഗോള സ്‌പോര്‍ട്‌സ് കമ്പനി ഇത്തരത്തിലുള്ള ഒരാളെ മോഡലാക്കാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹം തന്നെ. വംശീയതക്കും മുകളിലാണ് മാനവികതക്ക് സ്ഥാനം എന്ന് തെളിയിക്കുന്നുണ്ട് ഈ കാര്യങ്ങള്‍.