മാനവിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുസ്ലിം ഐക്യം അനിവാര്യം ആഗോള മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍
മാനവിക മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ ലോക മുസ്ലിംകള്‍ക്കിടയില്‍ ഐക്യം രൂപപ്പെടേണ്ടത് അനിവാര്യമെന്ന് ആഗോള മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ അലി അല്‍ ഖറദാഗി പറഞ്ഞു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് റഷ്യന്‍ മുസ്ലിം മതകാര്യ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ അഥിതിയായി ക്ഷണിക്കപ്പെട്ടതായിരുന്നു അദ്ദേഹം. മാനവിക മൂല്യങ്ങള്‍ ആഗോള തലത്തില്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന അമേരിക്കയും മറ്റു വന്‍ ശക്തികളും ഫലസ്തീനില്‍ കൊല്ലപ്പെടുന്ന നിരപരാധികളെ കാണുന്നില്ല. ഇസ്രയേല്‍ നടപ്പാക്കുന്ന വംശഹത്യയില്‍ എല്ലാവരും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ സമാധാനത്തോടെ കഴിയുന്ന ലബനാനിലെ സാധാരണക്കാരെ ഇലക്ട്രോണിക് ഡിവൈസുകള്‍ പൊട്ടിത്തെറിപ്പിച്ച് വകവരുത്തിയത് ധാര്‍മിക വ്യവസ്ഥിതിയുടെയും മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെയും സമ്പൂര്‍ണ തകര്‍ച്ചയാണ്. ഇത്തരം അധാര്‍മികക്കെതിരില്‍ മുസ്ലിം സമൂഹം ഒന്നിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ നീതി, കരുണ, ദയ, സമത്വം, എന്നിവയില്‍ വിശ്വസിക്കുകയും അനീതി, അധിനിവേശം, എന്നിവയ്ക്കെതിരെ നിലകൊള്ളുന്നവരേയും ചേര്‍ത്തു പിടിച്ച് വിശാലമായ ഐക്യം രൂപപ്പെടുത്തണമെന്നും മുസ്ലിം പണ്ഡിതന്മാര്‍ അതിന് കാര്യമായി പരിശ്രമിക്കണമെന്നും അലി അല്‍ ഖറദാഗി ആവശ്യപ്പെട്ടു.