3 Thursday
July 2025
2025 July 3
1447 Mouharrem 7

മഹാതിറിന്റെ നീക്കം പാളി മലേഷ്യയില്‍ മുഹ്‌യിദ്ദീന്‍ യാസീന്‍ പ്രധാനമന്ത്രി

ഒരാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മലേഷ്യക്ക് പുതിയ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം രാജിവെച്ച മഹാതിര്‍ മുഹമ്മദിന്റെ പിന്‍ഗാമിയായി മുന്‍ ആഭ്യന്തര മന്ത്രി മുഹ്‌യിദ്ദീന്‍ യാസീനെ മലേഷ്യന്‍ രാജാവ് പ്രഖ്യാപിച്ചു. പുതിയ പ്രധാനമന്ത്രി ഞായറാഴ്ച അധികാരമേല്‍ക്കും. മുന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരിയായി 2018-ല്‍ വീണ്ടും അധികാരമേറിയ മഹാതിര്‍ മുഹമ്മദ്, സഖ്യം പൊളിഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് രാജിവെച്ചത്. പാര്‍ലമന്റെിന്റെ അംഗീകാരത്തോടെ അധികാരം തിരിച്ചുപിടിക്കാമെന്ന് കരുതിയായിരുന്നു രാജി. ഇതിനായി പാര്‍ലമന്റെിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും നിര്‍ദേശം രാജാവ് തള്ളി. മഹാതീറിന്റെ കക്ഷിയായ ബെര്‍സാറ്റു പുതിയ പ്രധാനമന്ത്രിയായി മുഹ്‌യിദ്ദീന്‍ യാസീനെ നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. ഇതോടെ രാജാവ് മുഹ്‌യിദ്ദീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ ഭരണകക്ഷി യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷന്റെ (യു എം എന്‍ ഒ)പിന്തുണയോടെയാണ് 72-കാരനായ മുഹ്‌യിദ്ദീന്‍ അധികാരത്തിലെത്തുന്നത്. മഹാതീറും അന്‍വറും ചേര്‍ന്ന് രൂപം നല്‍കിയ സഖ്യം പ്രധാനമന്ത്രി പദം ഇരുവര്‍ക്കുമിടയില്‍ പങ്കിടാമെന്ന വ്യവസ്ഥയിലാണ് രണ്ടുവര്‍ഷം മുമ്പ് അധികാരത്തിലെത്തുന്നത്. ഉപപ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹിമിന് അധികാര കൈമാറ്റത്തിന് മഹാതീര്‍ കാലാവധി നിശ്ചയിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയിലെത്തിച്ചത്. മഹാതീര്‍ ആദ്യമായി പ്രധാനമന്ത്രി പദം കൈയാളിയ 1980-കളിലും ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹിമായിരുന്നു.

Back to Top