22 Sunday
December 2024
2024 December 22
1446 Joumada II 20

മരണപ്പെട്ടവരിലൂടെ അല്ലാഹുവിലേക്ക് തവസ്സുല്‍ സാധ്യമോ?

പി മുസ്തഫ നിലമ്പൂര്‍


മരണപ്പെട്ട മഹാന്മാര്‍ തങ്ങള്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശകരായിത്തീരുകയും അവര്‍ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുമെന്ന വിശ്വാസത്തില്‍ മരണമടഞ്ഞവരോട് സഹായം തേടുന്നതും അവരുടെ തബര്‍റുക് മുഖേന തവസ്സുല്‍ ചെയ്യുന്നതും വിരോധിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതാണ്. അത് ശിര്‍ക്കാണ്. മക്കാ മുശ്‌രിക്കുകള്‍ പോലും അവര്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്ന ആരാധ്യര്‍ക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ തല്‍ബിയത്തില്‍ അത് പ്രകടവുമാണ്.
ഇമാം റാസി രേഖപ്പെടുത്തുന്നു: ”അറിയുക: അസ്തിത്വത്തിലും കഴിവിലും അറിവിലും യുക്തിയിലും അല്ലാഹുവിന് സമാനനായ ഒരു ദൈവമുണ്ടെന്ന് സ്ഥാപിക്കുന്ന ആരും തന്നെ ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല” (തഫ്‌സീറുല്‍ കബീര്‍). അല്ലാഹു കൊടുത്ത കഴിവു കൊണ്ട് സഹായിക്കുകയും അവരുടെ ശുപാര്‍ശ മുഖേന പരിഗണന ലഭിക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അല്ലാതെ അവര്‍ സ്വയം കഴിവുള്ളവരാണെന്ന് അവര്‍ ധരിച്ചിരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ അത് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട് (10:18, 32:4, 39:3).
ശുപാര്‍ശയും സാമീപ്യവും തബര്‍റുകും പ്രതീക്ഷിച്ച്, മഹാന്മാരെന്ന് സങ്കല്‍പിച്ച് ഭൂരിഭാഗവും ഖബറിങ്കല്‍ ചെയ്യുന്ന അനാചാരങ്ങള്‍ ഖുര്‍ആന്‍ നിരോധിച്ച ഗണത്തില്‍ പെടുന്നു. ഇമാം റാസി പറയുന്നു: ”മഹാന്മാരുടെ ഖബറുകളെ ബഹുമാനിച്ചാല്‍ അവര്‍ ഞങ്ങള്‍ക്ക് ശുപാര്‍ശകന്മാരായിത്തീരും എന്ന വിശ്വാസത്തില്‍ പടപ്പുകളില്‍ അധികമാളുകളും ഈ കാലഘട്ടത്തില്‍ വ്യാപൃതമായ കാര്യങ്ങള്‍ അതിന് (മക്കാ മുശ്‌രിക്കുകള്‍ ചെയ്തതിന്) തുല്യമായതാണ്” (തഫ്‌സീറുല്‍ കബീര്‍, 10:18 വ്യാഖ്യാനം). വിശുദ്ധ ഖുര്‍ആനിലും സ്ഥിരപ്പെട്ട സുന്നത്തിലും അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന് ഒരു പ്രമാണവും ഇല്ലാത്തതിനാല്‍ ദുര്‍വ്യാഖ്യാനവും നിര്‍മിത ജല്‍പനങ്ങളുമാണ് യാഥാസ്ഥിതിക അവലംബം.
പാപമോചനത്തിന്
നബി സാന്നിധ്യം?

”ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്റെയടുക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു” (4:64). ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ സംഭവിച്ചവര്‍ നബിയുടെ സന്നിധിയില്‍ വന്നു പ്രവാചകനെ തവസ്സുല്‍ ചെയ്യണമെന്നു ജല്‍പിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. നബി(സ) അവരോടൊപ്പം ജീവിക്കുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുനാഫിഖുകള്‍ ധിക്കാരം കാട്ടി. നബിയുടെ വിധി ഇഷ്ടപ്പെടാതെ ത്വാഗൂത്തിനെ സമീപിച്ചു വിധി തേടി. കപടന്‍മാര്‍ അതിലൂടെ പ്രവാചകനെ പ്രയാസപ്പെടുത്തി. അതിനാല്‍ അവര്‍ പ്രവാചകനോട് ക്ഷമ ചോദിക്കുകയും അവര്‍ക്ക് പൊറുത്തുകൊടുക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ജീവിച്ചിരിക്കുന്ന നബിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് പൊറുത്തുകൊടുക്കുമായിരുന്നു എന്ന് അറിയിച്ച സംഭവമാണിത്. ഇതിനെ പ്രവാചകന്റെ സന്നിധിയില്‍ ചെന്ന് പരാതി പറഞ്ഞില്ലെങ്കില്‍ പാപമോചനം ലഭിക്കുകയില്ല എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു!
അങ്ങനെയെങ്കില്‍ പാപമോചനത്തിന്റെ നിബന്ധനകളില്‍ പ്രവാചക സന്നിധിയില്‍ വരണമെന്ന് ഉണ്ടാകുമായിരുന്നില്ലേ? എല്ലാവര്‍ക്കും പ്രവാചക സന്നിധിയില്‍ എത്താന്‍ സാധിക്കുമോ? അവര്‍ക്കൊന്നും പാപമോചനം ലഭിക്കുകയില്ലേ? പ്രവാചകന്റെ കാലശേഷം പാപമോചനം തേടാന്‍ സ്വഹാബിമാര്‍ ആരെങ്കിലും പ്രവാചകന്റെ ഖബറിങ്കല്‍ വന്നിട്ടോ അല്ലാതെയോ നബിയെക്കൊണ്ട് തവസ്സുലാക്കിയിട്ടില്ല. താബിഉകളും ഉത്തമ നൂറ്റാണ്ടിലെ ആരുംതന്നെ ഇപ്രകാരം അനുവര്‍ത്തിച്ചിരുന്നില്ല.
റാസി(റ) പറയുന്നു: ”നിശ്ചയം അവര്‍ ത്വാഗൂത്തിനോട് മതവിധി അന്വേഷിച്ചു. ഇത് അല്ലാഹുവിന്റെ കല്‍പനക്ക് എതിരെ പ്രവര്‍ത്തിക്കലാണ്. നബിക്കു നേരെയുള്ള തിന്മ ചെയ്യലും നബിയുടെ മനസ്സില്‍ വേദനയുണ്ടാക്കുന്നതുമായിരുന്നു. ഇത്തരം തെറ്റുകള്‍ മറ്റുള്ളവരോട് ചെയ്താല്‍ അവരോടും വിട്ടുവീഴ്ചക്ക് ആവശ്യപ്പെടല്‍ നിര്‍ബന്ധമാണ്” (തഫ്‌സീറുല്‍ കബീര്‍ 4:126).
ഉത്ബിയുടെ
സ്വപ്‌നകഥയും
ഇബ്‌നു കസീറും

പ്രവാചകനെ തവസ്സുലാക്കി പ്രാര്‍ഥിക്കുന്നത് സംബന്ധിച്ചു പറയപ്പെടാറുള്ള ഒരു കഥയാണ് പശ്ചാത്തലം. അത് ഇബ്‌നുകസീറിന്റെ വാദമായി പലരും ഉദ്ധരിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ അബൂമന്‍സൂര്‍ ‘അസ്സബാഹ് അശ്ശാമില്‍’ എന്ന ഗ്രന്ഥത്തില്‍ സനദില്ലാതെ വിവരിച്ച കഥ പരാമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. സനദ് ഉണ്ടെങ്കില്‍ പോലും നിബന്ധനകള്‍ പാലിച്ചവ മാത്രമാണ് സ്വീകരിക്കപ്പെടുക. സനദ് പോലും ഇല്ലാത്ത ആ കള്ളക്കഥ ഇപ്രകാരമാണ്:
ഉത്ബി പറഞ്ഞു ”ഞാന്‍ നബിയുടെ ഖബറിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഗ്രാമീണ അറബി വന്ന് നബിക്ക് സലാം പറഞ്ഞു. (എന്നിട്ട് അയാള്‍ പറഞ്ഞു:) അല്ലാഹു ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു: അവര്‍ തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്റെയടുക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു. എന്റെ പാപങ്ങള്‍ക്ക് പൊറുക്കലിനെ തേടുന്നവനായും എന്റെ റബ്ബിനോട് എനിക്കു വേണ്ടി ശുപാര്‍ശ പറയാന്‍ ആവശ്യപ്പെടുന്നവനായും ഞാനിതാ വന്നിരിക്കുന്നു. ശേഷം അദ്ദേഹം കവിത ചൊല്ലി. പിന്നീട് ഗ്രാമീണ അറബി അവിടെ നിന്നു പോയി. എനിക്ക് ഉറക്കം വന്നു. ഉറക്കത്തില്‍ ഞാന്‍ നബിയെ കണ്ടു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു: ഉത്ബി, നീ ഗ്രാമീണ അറബിയിലേക്ക് ചെന്ന് അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു എന്ന് സുവിശേഷം അറിയിക്കുക” (ഇബ്‌നു കസീര്‍).
ഈ കഥക്ക് സനദില്ല എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ഇങ്ങനെ ഒരു തവസ്സുല്‍ അനുവദനീയമായിരുന്നെങ്കില്‍ അപരിചിതനായ ആ ഗ്രാമീണ അറബിയേക്കാള്‍ അതിന് പ്രാധാന്യം കൊടുത്തിരുന്നത് സഹാബിമാര്‍ ആയിരുന്നു. എന്നാല്‍ അവരില്‍ ഒരാളില്‍ നിന്നും അപ്രകാരം റിപ്പോര്‍ട്ട് വന്നിട്ടില്ല. മാത്രമല്ല, നേരത്തെ സൂചിപ്പിച്ചപോലെ ഉമര്‍(റ) വഫാത്തായ നബി(സ)യോട് തവസ്സുല്‍ ചെയ്യാതെ അബ്ബാസി(റ)നെ കൊണ്ട് പ്രാര്‍ഥിപ്പിച്ചതും ശ്രദ്ധേയമാണ്. വിശ്വാസിയുടെ മാതാവായ ആയിശ(റ)യുടെ വീട്ടിലാണ് പ്രവാചകന്റെ ഖബര്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഏത് വ്യക്തിക്കും തോന്നിയപോലെ അങ്ങോട്ട് പ്രവേശിക്കാന്‍ സാധ്യമായിരുന്നില്ല. അന്ന് ചുറ്റുമതില്‍ കൊണ്ടുള്ള നിയന്ത്രണം പ്രവാചകന്റെ ഖബറിന് ഉണ്ടായിരുന്നു.
ഈ സംഭവം ഉദ്ധരിക്കുന്ന ഉത്ബി സ്വപ്‌നത്തിലാണ് പ്രവാചകനെ ദര്‍ശിച്ചത്. പ്രവാചകന്മാര്‍ അല്ലാത്ത ആരുടെയും സ്വപ്‌നം ഇസ്‌ലാമില്‍ രേഖയല്ല. മാത്രമല്ല ഉത്ബി ജനിച്ചത് ഹിജ്‌റ 150നു ശേഷമാണ്. ഒരു സ്വഹാബിയെ പോലും കാണാത്ത ഇയാള്‍ എങ്ങനെയാണ് പ്രവാചകനെയാണ് സ്വപ്‌നത്തില്‍ കണ്ടത് എന്ന് സ്ഥിരീകരിക്കുക? ഉത്ബി പരസ്യമായി മദ്യപിക്കാറുണ്ട് എന്നും ഇബ്‌നു ഖല്ലികാന്‍ എന്ന ചരിത്രകാരന്‍ (വഫായതുല്‍ അഅ്‌യാന്‍ 4:398) രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂതന്മാര്‍ നബിയെ
തവസ്സുലാക്കിയോ?

പ്രാമാണികമായി അല്ലാഹുവല്ലാത്തവരെ ഇടയാളന്മാരായി സ്വീകരിക്കാന്‍ ഒരു തെളിവും കിട്ടാത്തതിനാല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് അനാചാരങ്ങള്‍ സ്ഥാപിക്കുകയാണ് പുരോഹിത മതം. അതില്‍ പെട്ട ഒന്നാണ് വിശുദ്ധ ഖുര്‍ആനിലെ 2:89 വചനം. ”തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്റെ പക്കല്‍ നിന്നു വന്നപ്പോള്‍, മുമ്പ് അവര്‍ അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുതാനും. (അതെ,) അങ്ങനെ അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കും” (2:89).
മേല്‍ വചനത്തിന് ചിലര്‍ നബിക്കു മുമ്പുതന്നെ അറബികളും ജൂതരും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ജൂതന്മാര്‍ നബിയെ ഇടയാളന്മാരാക്കി എന്നു ജല്‍പിക്കുന്നു. തൗറാത്തില്‍ നിന്ന് വരാനിരിക്കുന്ന പ്രവാചകനെ കുറിച്ച് മനസ്സിലാക്കിയ വേദക്കാര്‍ മുശ്‌രിക്കുകളോട് ഇപ്രകാരം പറയുമായിരുന്നു, ‘അവസാനകാലത്ത് നിയോഗിക്കപ്പെടുന്ന പ്രവാചകന്റെ കൂടെ ഞങ്ങളും ചേര്‍ന്നു മുന്‍തലമുറകളെ നശിപ്പിച്ചതുപോലെ നിങ്ങളെയും യുദ്ധം ചെയ്ത് ഞങ്ങള്‍ നശിപ്പിക്കും’ എന്ന്. എന്നാല്‍ ആ പ്രവാചകന്‍ നിയോഗിതനായപ്പോള്‍ അവര്‍ ആ പ്രവാചകനെ സത്യപ്പെടുത്താതെ നന്ദികേട് കാട്ടുകയാണ് ചെയ്തത്. ഇതു സംബന്ധിച്ചാണ് മേല്‍ വചനം അവതീര്‍ണമായത്.
ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു: ”അന്ത്യപ്രവാചകന്‍ ഖുര്‍ആനുമായി വരുന്നതിനു മുമ്പ് ജൂതര്‍ മുശ്‌രിക്കുകളോട് പറയുമായിരുന്നു: ‘അവസാനകാലത്ത് നിയോഗിക്കപ്പെടുന്ന പ്രവാചകനോടൊപ്പം നിങ്ങളോട് യുദ്ധം ചെയ്ത് ആദ്, ഇറം ഗോത്രങ്ങളെ നശിപ്പിച്ചതുപോലെ ഞങ്ങളും നിങ്ങളെ യുദ്ധം ചെയ്ത് നശിപ്പിക്കുന്നതാണ്’ (ഇബ്‌നു കസീര്‍).
മരണമടഞ്ഞവരെ ഇടയാളന്മാരായി സ്വീകരിച്ച്, അനാചാരങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ജല്‍പിക്കപ്പെട്ട മുഴുവന്‍ വാദങ്ങളും നിരര്‍ഥകങ്ങളും നിര്‍മിതങ്ങളും ദുര്‍ബലവുമാണ്. സ്വീകാര്യമായ ഒരു റിപ്പോര്‍ട്ട് പോലും തല്‍സംബന്ധമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്‍മാരെ നിശ്ചയിച്ച് അവരോട് പ്രാര്‍ഥിക്കുകയും അവരോട് സഹായം തേടുകയും കാര്യങ്ങള്‍ അവരുടെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുകയെന്നത് കുഫ്‌റാണെന്ന് ഇജ്മാഅ് ഉണ്ട് എന്ന് ഇമാം ശൗക്കാനിയില്‍ നിന്ന് രേഖപ്പെടുത്തുന്നു (സിയാനതുല്‍ ഇന്‍സാന്‍ 184).

Back to Top