മനുഷ്യാവകാശ ധ്വംസനം അന്വേഷണത്തിന് യുഎന്‍ സംഘം ബംഗ്ലാദേശില്‍
ബംഗ്ലാദേശില്‍ അടുത്തിടെ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ സംഘം ധാക്കയിലെത്തി. മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയിലും പലായനത്തിലും കലാശിച്ച സംഘര്‍ഷത്തിലും സമരത്തിലും പൊലീസുകാര്‍ ഉള്‍പ്പെടെ 500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ സംഘം വ്യാഴാഴ്ച മുതല്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെയും മറ്റ് ഉദ്യോഗസ്ഥരെയും കാണുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ സംഘം സപ്തംബര്‍ 22 മുതല്‍ 29 വരെ ധാക്ക സന്ദര്‍ശിക്കുമെന്ന് ബംഗ്ലാദേശിലെ യുഎന്‍ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ യുഎന്നിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.