മതനിന്ദ: പാകിസ്താനില്‍ പ്രതിയെവെറുതെ വിട്ടു
പാകിസ്ഥാനില്‍ കലാപ സമാനമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നെതെന്നാണ് വാര്‍ത്തകള്‍. മതനിന്ദ ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ മതവിശ്വാസിയായ ഒരു സ്ത്രീയെ കോടതി വെറുതേ വിട്ടതാണ് ആളുകളെ പ്രകോപിതരാക്കിയിരിക്കുന്നത്. യുവതിയെ വെറുതേ വിട്ട പാകിസ്ഥാന്‍ സുപ്രീം കോടതിക്കും വിധിക്കുമെതിരേ പാകിസ്ഥാനിലെ വിവിധ മുസ്‌ലിം സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളം കോരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മതനിന്ദയിലേക്ക് എത്തിയെന്നാണ് കേസ്. മുസ്‌ലിംകളുടെ കിണറ്റില്‍നിന്നും വെള്ളമെടുത്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട യുവതി മുസ്‌ലിം വിഭാഗക്കാരുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് നടന്ന വഴക്കിനിടയി ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചുവെന്നുമാണ് കുറ്റം. പാകിസ്ഥാനില്‍ മതനിന്ദ വലിയ കുറ്റമാണ്. എല്ലാ മതങ്ങള്‍ക്കും ഇത് ബാധകമാണ്. നിസാരമായ കാരണങ്ങള്‍ കൊണ്ട് മതനിന്ദക്കേസ് ചുമത്തിയ അനവധി കേസുകള്‍ നേരത്തെയും പാകിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് സുപ്രീം കോടതിവരെ പോകുകയും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിയെ വെറുതെ വിടാന്‍ കല്പിക്കുകയുമായിരുന്നു. എന്നാല്‍ പാകിസ്താനിലെ കടുത്ത യാഥാസ്തിതികരായ മത സംഘടനകളും പണ്ഡിതന്മാരും സുപ്രീംകോടതിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയും മതവികാരം ഇളക്കിവിട്ട് ആളുകളെ തെരുവിലേക്കിറക്കുകയും ചെയ്തു. വൈകാരികതയെയെയും സാമുദായികതയെയും ഇസ്‌ലാമിന്റെ പേരിലവതരിപ്പിക്കുന്ന വംശീയ ഇസ്‌ലാമിന്റെ പ്രതിനിധികളാണ് ഇപ്പോഴത്തെ കലഹങ്ങള്‍ നടത്തുന്നതെന്നാണ് മനസിലാക്കാന്‍ സധിക്കുന്നത്.