26 Monday
January 2026
2026 January 26
1447 Chabân 7

മതത്തിന്റെ മറവില്‍ ചൂഷണത്തിന് കളമൊരുക്കുന്നതിനെതിരെ ജാഗ്രത വേണം – മുജാഹിദ് ബഹുജന സംഗമം


കോഴിക്കോട്: വിശ്വാസവിശുദ്ധിയാണ് ദൈവികമതമായ ഇസ്‌ലാമിന്റെ അടിത്തറയെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മതദര്‍ശനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പൗരോഹിത്യ ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു. മതത്തിന്റെ മറവില്‍ ചൂഷണത്തിന് കളമൊരുക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ദൈവത്തിനും ദൈവദാസനുമിടയില്‍ ഇടയാളന്മാരെ പ്രതിഷ്ഠിക്കുന്നവര്‍ ചൂഷണത്തിന് വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. വിശുദ്ധ വേദങ്ങളുടെ അന്തസ്സത്തയായ ഏകദൈവ ദര്‍ശനം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് സമാധാന ജീവിതത്തിനും അന്തിമ മോക്ഷത്തിനുമുള്ള പോം വഴിയെന്നും ബഹുജന സംഗമം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈ.പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, അബ്ദുല്‍കലാം ഒറ്റത്താണി, ടി പി ഹുസൈന്‍ കോയ, എം ടി അബ്ദുല്‍ഗഫൂര്‍, എം എസ് എം ജില്ലാ പ്രസിഡന്റ് സാജിദ് പൊക്കുന്ന്, ഫാദില്‍ പന്നിയങ്കര, അബ്ദുറശീദ് മടവൂര്‍, ബി വി മഹബൂബ്, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, കുഞ്ഞിക്കോയ ഒളവണ്ണ പ്രസംഗിച്ചു.

Back to Top