മതങ്ങളുടെ മൗലികതയിലേക്ക് മടങ്ങിയാല്‍ വിഭാഗീയ ചിന്ത ഇല്ലാതാക്കാം -ഈദ് സോഷ്യല്‍
കോഴിക്കോട് ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ‘ഈദ് സൗഹൃദ സംഗമം’ റവ. ഡോ. ടി ഐ ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: എല്ലാ മതങ്ങളുടെയും മൗലികതയിലേക്ക് മടങ്ങാന്‍ സമൂഹം തയ്യാറായാല്‍ ഇന്നുള്ള വിഭാഗീയ ചിന്തകള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് കോഴിക്കോട് ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ‘ഈദ് സൗഹൃദ സംഗമം’ അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടുകളില്ലെന്നും സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി മനുഷ്യര്‍ മനസ്സുകളെ വിഭജിക്കുകയാണെന്നും സംഗമം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുകയും മതേതര മൂല്യങ്ങള്‍ കാത്തുസംരക്ഷിക്കുകയും ചെയ്യേണ്ടത് എല്ലാ മതാനുയായികളുടെയും ബാധ്യതയാണ്. സക്രിയമായ മതാന്തര സംവാദങ്ങളാണ് നടക്കേണ്ടതെന്നും അത് ആരെയും തോല്‍പ്പിക്കാനാവരുതെന്നും സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. സംഗമം റവ. ഡോ. ടി ഐ ജെയിംസ് (സി എസ് ഐ കത്തീഡ്രല്‍) ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഇസ്മാഈല്‍ കരിയാട് ഈദ് സന്ദേശം നല്‍കി. സ്വാമി വീതസംഗാനന്ദ (ശ്രീരാമകൃഷ്ണമിഷന്‍ സേവാശ്രമം), ഡോ. പി സി അന്‍വര്‍ (ഇഖ്‌റഅ് ഹോസ്പിറ്റല്‍), അഡ്വ. പി മുഹമ്മദ് ഹനീഫ, കെ അഹമ്മദ് കോയ, സിദ്ദീഖലി, അബ്ദുല്‍മജീദ് മദനി പ്രസംഗിച്ചു
