ഭിന്നിപ്പിന്റെ താളങ്ങള്‍ക്ക് യോജിപ്പാണ് മറുപടി – ഫര്‍സാന ഐ പി, കല്ലുരുട്ടി
മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ രണ്ടാമൂഴത്തില്‍ എണ്ണിച്ചുട്ടപ്പം പോലെ ജനാധിപത്യ വിരുദ്ധമായ ഓരോ ബില്ലുകളും പാസാക്കി കൊണ്ടിരിക്കുകയാണ്. കാശ്മീറിന്റെ പ്രത്യേക പദവി റദ്ദാക്കലും ,പൗരത്വ ബില്ലും,മുത്ത്വലാഖും ,പശുരാഷ്ട്രീയവും, മഹാരാഷ്ട്ര സര്‍ക്കാര്‍ അട്ടിമറി ശ്രമവും മാസങ്ങളുടെ ഇടവേളയില്‍ ഇന്ത്യന്‍ ജനം കണ്ടു കൊണ്ടിരിക്കുന്ന നാടകങ്ങളാണ്. സ്ത്രീ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഭരണകൂടത്തിനും അണികള്‍ക്കും വെറും നേരം പോക്കായി മാറിയിരിക്കുമ്പോള്‍ പോലീസ് വേഷത്തിലെത്തുന്ന ഗുണ്ട സംഘങ്ങള്‍ വിധി നടപ്പിലാക്കിയും നിയമം കൈയ്യിലെടുത്തും ആഘോഷിക്കുകയാണ്..
എന്നാല്‍ ഡിസംബര്‍ 9 ന് ലോക സഭയിലും രാജ്യസഭയിലും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിന് പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ കണക്കുക്കൂട്ടിയതു പോലെയുള്ള നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയില്ല. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്ന മുസ്‌ലീംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കി സ്വീകരിക്കാനുള്ള ഭരണകൂട നിലപാടിനു പിന്നില്‍ ഹിന്ദു വോട്ടു ബാങ്ക് നിറക്കുക എന്ന ഗൂഢ അജണ്ടയുണ്ടെന്നത് വിവരമുള്ള ആര്‍ക്കും മനസിലാകും. ന്യൂന പക്ഷങ്ങളായ മുസ്‌ലിംകളെ ഇല്ലായ്മ ചെയ്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചേരിതിരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷേ ഇ ന്ത്യയില്‍ വേരുറച്ച മതേതരത്വത്തെ കാര്യമായി മനസിലാക്കിയില്ലെന്നു വേണം നാം തിരിച്ചറിയാന്‍. മുസ്‌ലിംകള്‍ക്കെതിരെ ബില്ലു പാസാക്കിയതിനെതിരെ സമരത്തിനു മുന്നില്‍ നിന്നവരില്‍ പൂണുല്‍ ധരിച്ചവരും കുറി തൊട്ടവരുമുണ്ടെന്നു കാണുമ്പോള്‍ ‘എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരങ്ങ’ളാണെന്ന പ്രതിജ്ഞ കൂടുതല്‍ അര്‍ഥപൂര്‍ണമാവുകയാണ്. ജനാധിപത്വവും മതേതരത്വവും ഇരട്ടപെറ്റതാണെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വെറുതെ പറഞ്ഞതല്ലെന്നതിന്റെ തെളിവാണിത്.
ബില്ല് പാസാക്കിയതോടെ ജനിച്ച നാടിനും വിയര്‍പ്പൊഴുക്കിയ മണ്ണിനും വിലയിടാന്‍ ശ്രമിച്ച അമിത് ഷാക്കുള്ള മറുപടിയുമായി ജനം തെരുവിലിറങ്ങിയ കാഴ്ച്ചകളാണ് ഈ ഒരാഴ്ച്ചക്കുള്ളില്‍ നാം കാണുന്നത്.