23 Thursday
October 2025
2025 October 23
1447 Joumada I 1

ബ്രിട്ടീഷ് സൈന്യം കുവൈത്തില്‍

ബ്രിട്ടന്‍ തങ്ങളുടെ സൈനിക താവളം കുവൈത്തില്‍ തുറക്കാന്‍ തീരുമാനിച്ചതാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മിഡില്‍ഈസ്റ്റ് വാര്‍ത്ത. സൈനികമായ സഹകരണത്തിന് പുറമേ സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിലും ബ്രിട്ടന്‍ കുവൈത്തുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ നടപ്പാക്കും. ഇരു രാജ്യങ്ങളുടെയും വിവിധ മന്ത്രാലയ പ്രതിനിധികള്‍ നേരത്തെ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ ഇങ്ങനെയൊരു ബന്ധം വികസിക്കുന്നത്. വിവിധ മേഖലകളിലെ പരസ്പരം സഹകരണം കുവൈത്തിന്റെ വാണിജ്യവും രാഷ്ട്രീയവുമായ വളര്‍ച്ചക്ക് ഗുണകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ബ്രിട്ടന്റെ സൈന്യം മിഡില്‍ഈസ്റ്റില്‍ താവളമുറപ്പിക്കുന്നതില്‍ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് താത്പര്യക്കുറവുണ്ടെന്നാണ് പല രാ ഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. കുവൈത്തിലെ അല്‍റായ് പത്രമാണ് ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദിക്ക് കുവൈത്തിന്റെ പുതിയ സൈനിക സഹകരണത്തില്‍ അനിഷ്ടമുണ്ടെന്നും റിപ്പോട്ടുകളുണ്ടായിരുന്നു. എന്നാല്‍ കുവൈത്തിലെ സൈനിക കേന്ദ്രത്തെ സംബന്ധിച്ച് സൗദി ആശങ്കപ്പെടേണ്ടതില്ലെന്നും സൗദിയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ ബ്രിട്ടീഷ് സൈനിക താവളത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണേണ്ടതില്ലെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ജാറല്ല അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൗദിയില്‍ അമേരിക്കന്‍ സൈനിക താവളം വന്നതിനുശേഷം മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തില്‍ പല ഗുരുതരമായ ഗതിമാറ്റങ്ങളും സംഭവിച്ചിരുന്നു. അത് കൊണ്ട് തന്നെ കുവൈത്തിലെ ബ്രിട്ടീഷ് സൈനിക താവളം ഭാവിയില്‍ എന്തൊക്കെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.
Back to Top